ഫ്ളോറിഡ: ട്വന്റി 20 ലോകകപ്പിലെ അമേരിക്ക-അയർലൻഡ് നിർണായക മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചതോടെ പാക്കിസ്ഥാൻ സൂപ്പർ എട്ട് കാണാതെ പുറത്ത്. കനത്ത മഴയെ തുടർന്ന് ഔട്ട്ഫീൽഡ് മത്സര യോഗ്യമല്ലാതെ വന്നതോടെ യുഎസ്എ - അയർലൻഡ് പോരാട്ടം ഉപേക്ഷിക്കുകയായിരുന്നു പോയന്റ് പങ്കുവെച്ചതോടെ ഗ്രൂപ്പ് എയിൽ നിന്ന് യുഎസ്എ, ഇന്ത്യയ്ക്കൊപ്പം സൂപ്പർ എട്ടിലെത്തി. നാലു കളികളിൽ നിന്ന് അഞ്ചു പോയന്റോടെയാണ് യുഎസിന്റെ സൂപ്പർ എട്ട് പ്രവേശനം. അയർലൻഡും പുറത്തായി.

വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന മത്സരത്തിൽ യുഎസ്എ, അയർലൻഡിനോട് തോൽക്കുകയും അവസാന മത്സരത്തിൽ അയർലൻഡിനെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നെങ്കിൽ മാത്രമേ പാക് ടീമിന് സൂപ്പർ എട്ട് പ്രതീക്ഷയുണ്ടായിരുന്നുള്ളൂ.

ഇന്ത്യൻ സമയം വൈകീട്ട് എട്ടു മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരത്തിന്റെ ടോസ് മഴയിൽ ഫ്‌ളോറിയഡിലെ ലൗഡെർഹിൽ സെൻട്രൽ ബ്രൊവാർഡ് റീജനൽ പാർക്ക് സ്റ്റേഡിയം ടർഫ് ഗ്രൗണ്ടിലെ ഔട്ട്ഫീൽഡ് നനഞ്ഞതു കാരണം വൈകുകയായിരുന്നു. പെയ്ത കനത്ത മഴ ശമിച്ചെങ്കിലും ഔട്ട്ഫീൽഡിലെ നനവായിരുന്നു വെല്ലുവിളി.

രണ്ടു തവണ മൈതാനം പരിശോധിച്ച അമ്പയർമാർ മത്സരം വൈകുമെന്ന സൂചന നൽകിയിരുന്നു. ഇന്ത്യൻ സമയം 10.45-ന് അവസാനഘട്ട പരിശോധനയ്ക്ക് ശേഷം വീണ്ടും മഴയെത്തിയതോടെയാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനമായത്.

ഫ്‌ളോറിഡയിൽ നടക്കേണ്ടിയിരുന്ന മത്സരത്തിൽ ടോസിടാനും സാധിച്ചിരുന്നില്ല. മത്സരം ഉപേക്ഷിച്ചതോടെ ആദ്യ ലോകകപ്പിനെത്തിയ അമേരിക്ക സൂപ്പർ എട്ടിൽ പ്രവേശിച്ച് ചരിത്രം സൃഷ്ടിക്കുകയായിരുന്നു.

ഇനി അയർലൻഡുമായുള്ള മത്സരത്തിൽ പാക്കിസ്ഥാൻ ജയിച്ചാലും അവർക്ക് നാലു പോയിന്റ് മാത്രമേ നേടാനാകൂ. നെറ്റ് റൺറേറ്റിലും പാക്കിസ്ഥാൻ ഏറെ പിന്നിലായാതാണ് തിരിച്ചടിയായത്. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് കളിമാത്രം പൂർത്തിയാകുമ്പോഴാണ് പാക്കിസ്ഥാൻ ആദ്യ റൗണ്ടിൽ തന്നെ പുറത്തായത്. രണ്ടാം മത്സരത്തിൽ ഇന്ത്യയോട് തോറ്റതാണ് പാക്കിസ്ഥാന് തിരിച്ചടിയായത്. ആദ്യ മത്സരത്തിൽ അമേരിക്ക പാക്കിസ്ഥാനെ അട്ടിമറിച്ചിരുന്നു.

നാണം കെട്ട് ബാബർ അസമും സംഘവും

യുഎസ്എ - അയർലൻഡ് മത്സരം മോശം കാലാവസ്ഥയെ തുടർന്ന് ഉപേക്ഷിച്ചതോടെ പണികിട്ടിയത് 2009-ലെ ജേതാക്കളായ പാക്കിസ്ഥാനാണ്. യുഎസിനോടും പിന്നീട് ഇന്ത്യയോടും തോറ്റ പാക് ടീം ഇതോടെ സൂപ്പർ എട്ട് കാണാതെ പുറത്തായി. 2014-ന് ശേഷം ഇതാദ്യമായാണ് പാക്കിസ്ഥാൻ ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുന്നത്. 10 വർഷത്തിനിടെ ആദ്യം. ടി20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെമിഫൈനലുകൾ കളിച്ച ടീമിനാണ് ഇപ്പോഴത്തെ ഈ ദുർഗതി.

യുഎസ്എ - അയർലൻഡ് മത്സരം ഉപേക്ഷിക്കപ്പെട്ട് പോയന്റ പങ്കുവെച്ചതോടെ ചരിത്രത്തിൽ ആദ്യമായി യുഎസ് ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടന്നു. നാലു കളികളിൽ നിന്ന് അഞ്ചു പോയന്റോടെയാണ് യുഎസിന്റെ സൂപ്പർ എട്ട് പ്രവേശനം. യുഎസ്എ, അയർലൻഡിനോട് തോൽക്കുകയും അവസാന മത്സരത്തിൽ അയർലൻഡിനെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നെങ്കിൽ മാത്രമേ പാക് ടീമിന് സൂപ്പർ എട്ട് പ്രതീക്ഷയുണ്ടായിരുന്നുള്ളൂ.

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് യുഎസ്എ ഒരു ക്രിക്കറ്റ് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്. ടി20 ലോകകപ്പിന്റെ ചരിത്രത്തിൽ ഒരു അസോസിയേറ്റ് രാജ്യം ഗ്രൂപ്പ് ഘട്ടം കടക്കുന്നത് ഇത് ഏഴാം തവണയാണ്. അയർലൻഡ് (2009), നെതർലൻഡ്‌സ് (2014), അഫ്ഗാനിസ്താൻ (2016), നമീബിയ (2021), സ്‌കോട്ട്‌ലൻഡ് (2021), നെതർലൻഡ്‌സ് (2022) എന്നിവരാണ് നേരത്തേ ഈ നേട്ടം സ്വന്തമാക്കിയവർ. ഇതിൽ നെതർലൻഡ്സ് മാത്രമാണ് ടി20 ലോകകപ്പ് ചരിത്രത്തിൽ രണ്ടു തവണ ഗ്രൂപ്പ് ഘട്ടം കടന്ന അസോസിയേറ്റ് രാജ്യം.