- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അവസാന ഓവർ ത്രില്ലറിൽ യുഎഇക്ക് ചരിത്ര ജയം; നമീബിയയെ കീഴടക്കിയത് ഏഴ് റൺസിന്; നെതർലൻഡ്സിനെ എറിഞ്ഞിട്ട് ശ്രീലങ്ക സൂപ്പർ 12ൽ; രണ്ട് ജയത്തോടെ നെതർലൻഡ്‌സും; യുഎഇയും നമീബിയയും പുറത്ത്

ഗീലോങ്: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 12 യോഗ്യതാ പോരാട്ടത്തിൽ നമീബിയയെ ഏഴ് റൺസിന് കീഴടക്കി യുഎഇക്ക് ചരിത്ര ജയം. ട്വന്റി 20 ലോകകപ്പ് ചരിത്രത്തിൽ യുഎഇയുടെ ആദ്യ ജയമാണിത്. അവസാന ഓവർ വരെ ആവേശം നീണ്ട പോരാട്ടത്തിൽ ഏഴ് റൺസിനാണ് യുഎഇ മിന്നും ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത യുഎഇ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തപ്പോൾ നമീബിയക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 36 പന്തിൽ 55 റൺസെടുത്ത ഡേവിഡ് വീസ് അവസാന ഓവർ വരെ പോരാടിയെങ്കിലും അവസാന ഓവറിൽ പുറത്തായത് നമീബിയക്ക് തിരിച്ചടിയായി. സ്‌കോർ യുഎഇ 20 ഓവറിൽ 148-3, നമീബിയ 20 ഓവറിൽ 141-8.
യുഎഇക്കെതിരെ അവസാന ഓവറിൽ 14 റൺസായിരുന്നു നമീബിയക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. മുഹമ്മദ് വസീം എറിഞ്ഞ ഓവറിലെ ആദ്യ മൂന്ന് പന്തിലും മൂന്ന് സിംഗിളുകളെടുക്കാനെ നമീബിയക്കായുള്ളു. നാലാം പന്തിൽ സിക്‌സിന് ശ്രമിച്ച വീസ് ലോംഗ് ഓണിൽ അലിഷാൻ ഷറഫുവിന് ക്യാച്ച് നൽകി മടങ്ങി. അവസാന രണ്ട് പന്തിലും സിംഗിളുകൾ മാത്രമാണ് നമീബിയക്ക് നേടാനായത്.
വീസിനൊപ്പം റൂബൻ ട്രംപിൾമാൻ(24 പന്തിൽ 25*) മാത്രമെ നമീബിയക്കായി പൊരുതിയുള്ളു. 69-7ലേക്ക് തകർന്ന നമീബിയയെ വൈസ്-ട്രംപിൾമാൻ സഖ്യമാണ് ജയത്തിന് അടുത്തെത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത യുഎഇ ഓപ്പണർ മുഹമ്മദ് വസീം(41 പന്തിൽ 50), അരവിന്ദ്(21), സി പി റിസ്വാൻ(29 പന്തിൽ 41*) ബേസിൽ ഹമീദ്(14 പന്തിൽ 25*) എന്നിവരുടെ ഇന്നിങ്‌സുകളുടെ മികവിലാണ് യുഎഇ ഭേദപ്പെട്ട സ്‌കോറിലെത്തിയത്.
തുടർച്ചയായ രണ്ടാം ജയവുമായി ശ്രീലങ്ക സൂപ്പർ-12ൽ പ്രവേശിച്ചത്. നെതർലൻഡ്സിനെതിരെ 16 റൺസിനാണ് ലങ്കൻ ജയം. 163 റൺസ് വിജയലക്ഷ്യം തേടി ബാറ്റിംഗിനിറങ്ങിയ നെതർലൻഡ്സിനെ 4 ഓവറിൽ 28 റൺസിന് മൂന്ന് വിക്കറ്റ് നേടിയ വനിന്ദു ഹസരങ്കയുടെ കരുത്തിൽ ലങ്ക 20 ഓവറിൽ 146/9 എന്ന സ്‌കോറിലൊതുക്കി. 53 പന്തിൽ 71* റൺസെടുത്ത മാക്സ് ഒഡൗഡിന്റെ ഒറ്റയാൾ പോരാട്ടം പാഴായി. ശ്രീലങ്കയ്ക്കായി മഹീഷ് തീഷ്ണ രണ്ടും ലഹിരു കുമാരയും ബിനുര ഫെർണാണ്ടോയും ഓരോ വിക്കറ്റും നേടി. അർധ സെഞ്ചുറി നേടിയ കുശാൽ മെൻഡിസാണ്(79) കളിയിലെ താരം.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസ് സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ അർധസെഞ്ചുറി നേടിയ ഓപ്പണർ പാതും നിസങ്ക ഇത്തവണ 21 പന്തിൽ 14 റൺസെടുത്ത് പുറത്തായപ്പോൾ വിക്കറ്റ് കീപ്പർ ബാറ്റർ കുശാൽ മെൻഡിസിന്റെ ബാറ്റിംഗാണ് നെതർലൻഡ്സിനെതിരെ തുണച്ചത്. 44 പന്ത് നേരിട്ട മെൻഡിസ് അഞ്ച് വീതം ഫോറും സിക്സറും സഹിതം 79 റൺസെടുത്തു. 30 പന്തിൽ 31 റൺസെടുത്ത ചരിത് അസലങ്ക, 13 പന്തിൽ 19 നേടിയ ഭാനുക രജപക്സെ എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ലങ്കൻ താരങ്ങൾ.
ധനഞ്ജയ ഡി സിൽവ ഗോൾഡൻ ഡക്കായും നായകൻ ദാസുൻ ശനക അഞ്ച് പന്തിൽ 8 റൺസെടുത്തും പുറത്തായി. വനിന്ദു ഹസരങ്കയും(4 പന്തിൽ 5), ചാമിക കരുണരത്നെയും(2 പന്തിൽ 2) പുറത്താകാതെ നിന്നു. നെതർലൻഡ്സിനായി ബാസ് ഡി ലീഡും പോൾ വാൻ മീകെരെനും രണ്ട് വീതവും ഫ്രഡ് ക്ലാസനും ടിം വാൻ ഡെർ ഗുഗ്ടെനും ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിൽ ഓപ്പണിംഗിൽ വിക്രംജീത്ത് സിങ് 14 പന്തിൽ 7 റൺസെടുത്ത് പുറത്തായെങ്കിലും സഹ ഓപ്പണർ മാക്സ് ഒഡൗഡ് ഒരറ്റത്ത് പോരാടി. 15 പന്തിൽ 21 റൺസെടുത്ത ക്യാപ്റ്റൻ സ്‌കോട് എഡ്വേഡ്സ് മാത്രം ഭേദപ്പെട്ട പിന്തുണ മാക്സിന് നൽകിയതോടെ നെതർലൻഡ്സ് പതറി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുമായി ലങ്കൻ ബൗളർമാർ മത്സരം ആവേശമാക്കി. കോളിൻ ഓക്കർമാൻ ഗോൾഡൻ ഡക്കായും ടോം കൂപ്പർ 19 പന്തിൽ 16 റൺസെടുത്തും ടിം പ്രിങ്കിൾ 4 പന്തിൽ 2 റൺസുമായും ടിം വാൻഡർ ഗുഗ്ടെൻ ഡോൾഡൻ ഡക്കായും പുറത്തായതോടെ ടീം പ്രതിരോധത്തിലായി. ഫ്രഡ് ക്ലാസൻ(3 പന്തിൽ 3), പോൾ വാൻ മീകെരെൻ(0) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്‌കോർ. ഒഡൗഡിനൊപ്പം വാൻഡെർ മെർവ്(0*) പുറത്താകാതെ നിന്നു.
നമീബിയ തോറ്റതോടെ എ ഗ്രൂപ്പിൽ ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പർ 12ൽ എത്തി. നെറ്റ് റൺറേറ്റിൽ നമീബിയയെക്കാൾ പിന്നിലായിട്ടും രണ്ട് വിജയങ്ങളുടെ കരുത്തിൽ നെതർലൻഡ്‌സും സൂപ്പർ 12ൽ എത്തി. ടി20 ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കിയെങ്കിലും യുഎഇയും നമീബിയയും സൂപ്പർ 12ൽ എത്താതെ പുറത്തായി. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ അട്ടിമറിച്ചതിന്റെ ഓർമകളുമായി നമീബിയക്കും ചരിത്ര വിജയം സ്വന്തമാക്കിയതിന്റെ അഭിമാനത്തിൽ മലയാളി നായകൻ സി പി റിസ്വാൻ നയിക്കുന്ന യുഎഇക്കും നാട്ടിലേക്ക് മടങ്ങാം.


