മെൽബൺ: പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം നൽകിയത് വിരാട് മാജിക്കാണ്. ഫോമല്ല ക്ലാസാണ് താരമെന്ന് വിരാട് ഒരിക്കൽ കൂടി തെളിയിച്ചു. കോലിയുടെ ക്ലാസ് ഇല്ലായിരുന്നുവെങ്കിൽ 2022ലെ ലോകകപ്പിലും ഇന്ത്യക്ക് ഒരുപക്ഷെ നാണംകെട്ട് മടങ്ങേണ്ടി വരുമായിരുന്നു. ഗ്രൂപ്പ് ബിയിൽ ഇനി അട്ടിമറികളുണ്ടായില്ലെങ്കിൽ ഇന്ത്യ മുമ്പോട്ട് കുതിക്കുമെന്ന് ഉറപ്പാണ്. ബംഗ്ലാദേശിനോടും ഹോളണ്ടിനോടും സിംബാബ് വെയോടും ജയിച്ചാൽ പോലും സെമി ബെർത്ത് ഉറപ്പിക്കാം.

പാക്കിസ്ഥാനോട് തോറ്റിരുന്നുവെങ്കിൽ കഥ മറ്റൊന്നാകുമായിരുന്നു. ഏഷ്യാകപ്പിലും പാക്കിസ്ഥാനായിരുന്നു ഇന്ത്യയുടെ വഴിമുടക്കിയത്. അത് ഒഴിവാക്കുകയാണ് ഇന്ത്യ. ഇന്ത്യയും പാക്കിസ്ഥാനും ഓസ്ട്രേലിയയിൽ മികവ് തുടർന്നാൽ ഇരു ടീമുകൾ തമ്മിലെ ഫൈനൽ പോരാട്ടത്തിനും സാധ്യതകൾ ഏറയൊണ്.

അവസാന ഓവറിൽ കോലി പാക്കിസ്ഥാനെതിരെ കാട്ടിയതെല്ലാം അത്ഭുതമായിരുന്നു. ആദ്യ പന്തിൽ ഹാർദിക് പാണ്ഡ്യ പുറത്ത്. അടുത്ത പന്തിൽ ദിനേശ് കാർത്തിക് ഒരു റൺ എടുത്തു. പിന്നെ കോലിയുടെ രണ്ടു റൺസ്. അടുത്ത പന്ത് സിക്സറിന് പായിച്ചു കോലി. ആ പന്ത് നോബോളുമായി. ഇവിടെയാണ് കളി ഇന്ത്യ ജയിച്ചത്. അടുത്ത പന്ത് മുഹമ്മദ് നവാസ് വൈഡാക്കിയതും തുണച്ചു. ഇതോടെ ഫ്രീഹിറ്റിന്റെ സാധ്യത അടുത്ത പന്തിലായി. ഒന്നാന്തരമായി നവാസ് എറിഞ്ഞു. കോലിയുടെ കുറ്റിയും തെറിച്ചു. സാധാരണ ബാറ്റ്സ്മാന്മാർ പതറുകയാണ് പതിവ്. എന്നാൽ ഫ്രീ ഹിറ്റായിരുന്നുവെന്നും പന്ത് ഡെഡായില്ലെന്നും കോലി തിരിച്ചറിഞ്ഞു. മൂന്ന് റൺസാണ് അവിടെ എടുത്തത്. ഇതാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ഒരു ബൗളർ ക്ലീൻ ബൗൾഡാക്കിയാലും റൺ ഓടിയെടുത്ത് ടീമിനെ വിജയ തീരത്ത് എത്തിക്കുന്ന അപൂർവ്വതയായിരുന്നു അത്. ബൗൾഡായാൽ പന്ത് സാധാരണ ഡെഡാകും. പിന്നെ റൺ എടുക്കാനാകില്ല. ഫ്രീഹിറ്റിലെ ബൗൾഡാകലിൽ ഈ നിയമം ബാധകമല്ല. അത് പാക്കിസ്ഥാനികൾക്ക് പോലും അറിയില്ലായിരുന്നു. കോലി ഓടിയെടുത്ത മൂന്ന് റൺസിൽ അവർ തർക്കം ഉന്നയിച്ചു. എന്നാൽ കൂടിയാലോചനകളിലൂടെ മൂന്ന് ബൈ ഇന്ത്യയ്ക്ക് അമ്പയർമാർ അനുവദിച്ചു. ഇതോടെ രണ്ട് പന്തിൽ ജയിക്കാൻ രണ്ടു റൺസ് എന്ന അവസ്ഥയിലായി. പക്ഷേ ദിനേശ് കാർത്തിക് അടുത്ത പന്തിൽ പുറത്ത്. തുടർന്നെത്തിയ അശ്വിനും കോലിയെ പോലെ പരിചയ സമ്പന്നതയ്ക്ക് തെളിവായി.

ദിനേശ് കാർത്തിക് പുറത്തായ പന്തും വൈഡായിരുന്നു. കുറ്റനടിക്കുള്ള ശ്രമത്തിനിടെയാണ് പുറത്തായത്. അതേ പന്തു തന്നെ അശ്വിനും എറിഞ്ഞു. പക്ഷേ ബൗളറുടെ മനസ്സ് മുൻകൂട്ടി കണ്ട അശ്വിൻ കളിക്കാതെ റൺ നേടി. ആ റൺസാണ് ഇന്ത്യയ്ക്ക് സമനില നൽകിയത്. അവസാന പന്തിൽ പിന്നെ വേണ്ടത് ഒരു റൺ. ആ റൺ കൊടുക്കാതിരിക്കാൻ ഫീൽഡർമാരെല്ലാം ക്രീസിന് അടുത്തെത്തിയപ്പോൾ സ്പിന്നറെ കവറിന് മുകളിലൂടെ പറത്തി അശ്വിൻ. അങ്ങനെ ഇന്ത്യ വിജയിച്ചു. കോലി താരമായി. അവിശ്വസനീയതമാണ് കോലി ക്രിസിൽ സാധ്യമാക്കിയത്. 19-ാം ഓവറിലെ കോലിയുടെ രണ്ട് സിക്സുകളായിരുന്നു ഉജ്ജ്വലം. ആ സിക്സുകളായിരുന്നു ഇന്ത്യൻ വിജയത്തിന് അടിസ്ഥാനം ഇട്ടത്.

മെൽബണിലെ സൂപ്പർ പോരാട്ടത്തിൽ അവസാന പന്തിൽ ടീം ഇന്ത്യ കോലിയുടെ ഐതിഹാസിക ഇന്നിങ്സിന്റെ കരുത്തിൽ നാല് വിക്കറ്റിന്റെ ത്രില്ലർ ജയം സ്വന്തമാക്കുകയായിരുന്നു. പാക്കിസ്ഥാൻ മുന്നോട്ടുവെച്ച 160 റൺസ് വിജയലക്ഷ്യം 20-ാം ഓവറിലെ അവസാന പന്തിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ടീം ഇന്ത്യ നേടി.

19-ാം ഓവറിൽ ഹാരിസ് റൗഫിനെ തുടർച്ചയായി രണ്ട് സിക്സറിന് പറത്തി ആവേശക്കൊടുമുടി സൃഷ്ടിച്ച കോലി ഇന്നിങ്സിലെ അവസാന ഓവറിൽ ഇന്ത്യ വിജയിക്കുമ്പോൾ ആരാധകരെ തുള്ളിച്ചാടിച്ചു. അവസാന പന്തിൽ രവിചന്ദ്രൻ അശ്വിൻ ഇന്ത്യയുടെ വിജയറൺ നേടിയപ്പോൾ കോലി 53 പന്തിൽ 82* റൺസെടുത്ത് പുറത്താകാതെനിൽപുണ്ടായിരുന്നു. 37 പന്തിൽ 40 റൺസെടുത്ത ഹാർദിക് പാണ്ഡ്യയുടെ പ്രകടനവും നിർണായകമായി. മൂന്ന് വീതം വിക്കറ്റുമായി അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും ബൗളിംഗിൽ തിളങ്ങി.

കഴിഞ്ഞ ലോകകപ്പിലേറ്റ 10 വിക്കറ്റ് തോൽവിയുടെ കണക്ക് പരിശസഹിതം വീട്ടിയാണ് വിരാട് കോലി മിന്നും ജയവുമായി മെൽബണിലെ ആരാധകരെ ആവേശത്തിലാക്കിയത്. വിസ്മയ പ്രകടനത്തിന്റെ കരുത്തിൽ മെൽബണിലെ ഐതിഹാസിക വിജയത്തിന് പിന്നാലെ ഒരു രാത്രി നീണ്ട ആഘോഷങ്ങളായിരുന്നു മെൽബൺ ഗ്രൗണ്ടിലും ടീം ഹോട്ടലിലും രോഹിത് ശർമ്മയും സംഘവും നടത്തിയത്. തീർന്നില്ല, അടുത്ത മത്സരത്തിനായി ഇന്ന് സിഡ്നിയിലെത്തുന്ന ടീം അവിടെ ബാക്കി ദീപാവലി ആഘോഷങ്ങളുടെ ഭാഗമാകും.

സിഡ്നിയിലെ ടീം ഹോട്ടലിലാവും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദീപാവലി ആഘോഷം. വിരാട് കോലി, ദീപക് ഹൂഡ, യുസ്വേന്ദ്ര ചാഹൽ തുടങ്ങി നിരവധി ഇന്ത്യൻ താരങ്ങൾ ആരാധകർക്ക് ദീപാവലി ആശംസകൾ സാമൂഹ്യമാധ്യമങ്ങൾ വഴി നേർന്നിട്ടുണ്ട്. ബിസിസിഐയും ആരാധകർക്ക് ആശംസകൾ അറിയിച്ചു.

ഓസ്ട്രേലിയയിൽ പുരോഗമിക്കുന്ന ട്വന്റി 20 ലോകകപ്പിലെ ആദ്യ സൂപ്പർ-12 മത്സരത്തിൽ തന്നെ പാക്കിസ്ഥാനെ തുരത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശർമ്മയും കൂട്ടരും. സിഡ്നിയിൽ വ്യാഴാഴ്ച നെതർലൻഡ്സിന് എതിരെയാണ് ടീം ഇന്ത്യയുടെ അടുത്ത മത്സരം.