പെർത്ത്: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12ൽ അവസാന പന്തുവരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ പാക്കിസ്ഥാനെ അട്ടിമറിച്ച് സിംബാബ്വെ. ഒരു റണ്ണിനായിരുന്നു സിംബാബ്വെയുടെ ജയം. സിംബാബ്വെ ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന്റെ പോരാട്ടം 20 ഓവറിൽ എട്ടിന് 129 റൺസിൽ അവസാനിച്ചു. അവസാന ഓവറിൽ ജയിക്കാൻ 11 റൺസ് വേണ്ടിയിരുന്ന പാക്കിസ്ഥാന് ഒമ്പത് റൺസ് മാത്രമേ നേടാനായുള്ളൂ. നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ സിക്കന്തർ റാസയാണ് പാക്കിസ്ഥാനെ വീഴ്‌ത്തിയത്.

ചെറിയ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമാണ് പാക്കിസ്ഥാന് ലഭിച്ചത്. ഇത്തവണയും ക്യാപ്റ്റൻ ബാബർ അസമിന് തിളങ്ങാനായില്ല. ഒമ്പത് പന്തിൽ നിന്ന് വെറും നാലു റൺസ് മാത്രമെടുത്ത ബാബർ നാലാം ഓവറിൽ മടങ്ങി. പിന്നാലെ 16 പന്തിൽ നിന്ന് 14 റൺസെടുത്ത് മുഹമ്മദ് റിസ്വാനും മടങ്ങിയതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലും പാക്കിസ്ഥാന്റെ തുടക്കം പാളി. തുടർന്നെത്തിയ ഇഫ്തിഖർ അഹമ്മദിനെയും നിലയുറപ്പിക്കാൻ സിംബാബ്വെ ബൗളർമാർ സമ്മതിച്ചില്ല. 10 പന്തിൽ നിന്നും അഞ്ചു റൺസ് മാത്രമെടുത്ത ഇഫ്തിഖറിനെ ലൂക്ക് ജോങ്വെ മടക്കുകയായിരുന്നു. ഇതോടെ 7.4 ഓവറിൽ മൂന്നിന് 36 റൺസെന്ന നിലയിലേക്ക് പാക്കിസ്ഥാൻ വീണു.

എന്നാൽ നാലാം വിക്കറ്റിൽ ഷദാബ് ഖാനെ കൂട്ടുപിടിച്ച് ഷാൻ മസൂദ് 52 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചിരുന്നു. എന്നാൽ 14-ാം ഓവറിൽ തൊട്ടടുത്ത പന്തുകളിൽ ഷദാബ് ഖാനെയും (14 പന്തിൽ 17) ഹൈദർ അലിയേയും (0) മടക്കിയ സിക്കന്തർ റാസ പാക്കിസ്ഥാനെ വീണ്ടും പ്രതിരോധത്തിലാക്കി. അപ്പോഴും ഷാൻ മസൂദ് ക്രീസിലുള്ളത് പാക്കിസ്ഥാന് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ 16-ാം ഓവറിൽ മടങ്ങിയെത്തിയ റാസ ആദ്യ പന്തിൽ തന്നെ ഷാൻ മസൂദിനെ മടക്കി ആ പ്രതീക്ഷ അവസാനിപ്പിച്ചു. 38 പന്തിൽ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 44 റൺസെടുത്താണ് മസൂദ് മടങ്ങിയത്.

പിന്നീട് ഏഴാം വിക്കറ്റിൽ ഒന്നിച്ച മുഹമ്മദ് നവാസും മുഹമ്മദ് വസീമും ചേർന്ന് 34 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ജയത്തിലെത്താൻ പാക്കിസ്ഥാനെ ആ കൂട്ടുകെട്ട് തുണച്ചില്ല. 18 പന്തിൽ നിന്ന് 22 റൺസെടുത്ത നവാസ് നവാസിനെ അവസാന ഓവറിൽ പുറത്താക്കി ബ്രാഡ് ഇവാൻസ് പാക് പ്രതീക്ഷകൾ അവസാനിപ്പിച്ചു. അവസാന പന്തിൽ ജയിക്കാൻ മൂന്ന് റൺസ് വേണമെന്നിരിക്കെ ഷഹീൻ അഫ്രീദി റണ്ണൗട്ടായതോടെ സിംബാബ്വെയ്ക്ക് ചരിത്ര ജയം. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ സിക്കന്ദർ റാസയാണ് പാക്കിസ്ഥാനെ തകർത്തത്. ബ്രാഡ് ഇവാൻസിന് രണ്ട് വിക്കറ്റുണ്ട്. നേരത്തെ, സിംബാബ്വെയെ മുഹമ്മദ് വസിം, ഷദാബ് ഖാൻ എന്നിവരാണ് എറിഞ്ഞൊതുക്കിയത്. വസിം നാലും ഷദാബ് മൂന്നും വിക്കറ്റ് നേടി. 31 റൺസ് നേടിയ സീൻ വില്യംസാണ് സിംബാബ്വെയുടെ ടോപ് സ്‌കോറർ.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ്വെക്ക് മികച്ച തുടക്കമാണ് ലഭിച്ചിരുന്നത്. അഞ്ച് ഓവറിൽ 42 റൺസ് നേടാൻ സിംബാബ്വെ ഓപ്പണർമാർക്ക് സാധിച്ചിരുന്നു. എന്നാൽ ക്രെയ്ഗ് ഇർവിനെ (19) പുറത്താക്കി മുഹമ്മദ് വസിം പാക്കിസ്ഥാന് ബ്രേക്ക് ത്രൂ നൽകി. സ്‌കോർ 43 ആവുമ്പോൾ വെസ്ലി മധെവേരെയും (17) പവലിയനിൽ തിരിച്ചെത്തി. പിന്നീടെത്തിയവരിൽ വില്യംസ് ഒഴികെ മറ്റാർക്കും പിടിച്ചുനിൽക്കാൻ സാധിച്ചില്ല.

സിംബാബ്വെയ്ക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. 28 പന്തിൽ നിന്നും 31 റൺസെടുത്ത സീൻ വില്യംസിന് മാത്രമാണ് പിന്നീട് പാക് ബൗളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാനായത്. മിൽട്ടൺ ശുംഭ (8), സിക്കന്തർ റാസ (9), റെഗിസ് ചക്കാബവ (0) എന്നിവരെല്ലാം പരാജയമായി. റയാൻ ബേൾ 10 റൺസോടെയും റിച്ചാർഡ് നഗാരവ മൂന്ന് റൺസോടെയും പുറത്താകാതെ നിന്നു. ബ്രാഡ് ഇവാൻസ് 15 പന്തിൽ നിന്ന് 19 റൺസെടുത്തു.നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് വസീമും 23 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഷദാബ് ഖാനും ചേർന്നാണ് സിംബാബ്വെയെ തകർത്തത്. ഹാരിസ് റൗഫ് ഒരു വിക്കറ്റെടുത്തു.