പെർത്ത്: ട്വന്റി 20 ലോകകപ്പിലെ നിർണായക മത്സരത്തിൽ നെതർലൻഡ്സിനെ എറിഞ്ഞൊതുക്കി പാക്കിസ്ഥാൻ ബൗളർമാർ. ആദ്യ ജയം ലക്ഷ്യമിടുന്ന പാക്കിസ്ഥാന് മുന്നിൽ 92 റൺസ് വിജയലക്ഷ്യം കുറിക്കാനെ ഓറഞ്ച് പടയ്ക്ക് സാധിച്ചുള്ളു. പെർത്തിൽ ടോസ് നേടി ബാറ്റിംഗിനെത്തിയ നെതർലൻഡ്സിന് പാക് പേസ് നിരയുടെ ആക്രമണത്തെ ചെറുക്കാനായില്ല.

പേസർമാരുണ്ടാക്കിയ സമ്മർദ്ദം മുതലെടുത്ത സ്പിന്നർ ഷദാബ് ഖാൻ മൂന്ന് വിക്കറ്റെടുത്തു. 27 റൺസെടുത്ത കോളിൽ ആക്കർമാനാണ് നെതർലൻഡ്സിന്റെ ടോപ് സ്‌കോറർ. സ്‌കോട്ട് എഡ്വേർഡ്സാണ് (15) രണ്ടക്കം കണ്ട മറ്റൊരു താരം.

ഒരുഘട്ടത്തിൽ മൂന്നിന് 26 എന്ന നിലയിലായിരുന്നു നെതർലൻഡ്സ്. സ്റ്റീഫൻ മെയ്ബർഗ് (6), മാക്സ് ഒഡൗഡ് (8), ടോം കൂപ്പർ (1) എന്നിവരാണ് പുറത്തായത്. ബാസ് ഡി ലീഡെ (6) റിട്ടയേർഡ് ഹർട്ടായി പോയതും നെതർലൻഡ്സിന് തിരിച്ചടിയായി. പിന്നീട് ആക്കർമാൻ- എഡ്വേർഡ്സ് കൂട്ടിചേർത്ത 35 റൺസാണ് കൂട്ടതകർച്ചയിൽ നിന്ന് രക്ഷിച്ചത്. എന്നാൽ ആക്കർമാനെ പുറത്താക്കി ഷദാബ് ഖാൻ പാക്കിസ്ഥാന് ബ്രേക്ക് ത്രൂ നൽകി. തൊട്ടടുത്ത ഓവറിൽ എഡ്വേർഡ്സും മടങ്ങി.

വാൻ ഡർ മെർവെ (5), ടിം പ്രിങ്കൾ (5), ഫ്രെഡ് ക്ലാസൻ (0) എന്നിങ്ങനെയാണ് പിന്നീടെത്തിയ താരങ്ങളുടെ സ്‌കോറുകൾ. ഷദാബിന് പുറമെ മുഹമ്മദ് വസിം രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്. നേരത്തെ, ഒരു മാറ്റവുമായിട്ടാണ് പാക്കിസ്ഥാൻ ഇറങ്ങുന്നത്. ഹൈദർ അലിക്ക് പകരം ഫഖർ സമാൻ ടീമിലെത്തി. നെതർലൻഡ്സ് മൂന്ന് മാറ്റങ്ങൾ വരുത്തി. സ്റ്റീഫൻ, ബ്രൻഡൻ ഗ്ലോവർ, വാൻ ഡെർ മെർവെ എന്നിവർ ടീമിൽ തിരിച്ചെത്തി.

ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട പാക്കിസ്ഥാൻ ഇതുവരെ പോയിന്റ് പട്ടികയിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല. ഇനിനുള്ള മൂന്ന് മത്സരങ്ങൾ ജയിച്ചാൽ പോലും മറ്റുടീമുകളുടെ ഫലം അറിഞ്ഞ ശേഷമെ പാക്കിസ്ഥാന് സെമിയിലേക്ക് കടക്കനാവൂ. ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ, ഇന്ത്യയോട് തോറ്റിരുന്നു. രണ്ടാം മത്സരത്തിൽ സിംബാബ്വെ, പാക്കിസ്ഥാനെ അട്ടിമറിച്ചിരുന്നു.