- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിംബാബ്വെയെ എറിഞ്ഞിട്ടു; അർധസെഞ്ചുറിയുമായി മാക്‌സ് ഓഡോഡ്; നെതർലൻഡ്‌സിന് ആശ്വാസ ജയം; സെമി കാണാതെ സിംബാബ്വെയും നെതർലൻഡ്സും പുറത്തേക്ക്

അഡ്ലെയ്ഡ്: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ലെ മത്സരത്തിൽ ദുർബലരായ നെതർലൻഡ്‌സിന് മുന്നിൽ കീഴടങ്ങിയതോടെ സിംബാബ്വെ സെമി കാണാതെ പുറത്തേക്ക്. അഞ്ച് വിക്കറ്റിനായിരുന്നു നെതർലൻഡസ് ലോകകപ്പിൽ സൂപ്പർ 12 റൗണ്ടിലെ ആദ്യ ജയം സ്വന്തമാക്കിയത്.
പാക്കിസ്ഥാനും ബംഗ്ലാദേശിനുമെതിരെ മികച്ച പോരാട്ടം കാഴ്ചവെച്ച സിംബാബ്വെ ബാറ്റിങ് നിര നെതർലൻഡ്‌സ് ബൗളിങ് നിരയ്ക്ക് മുന്നിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെയെ 19.2 ഓവറിൽ 117 റൺസിന് എറിഞ്ഞിട്ട നെതർലൻഡസ് 18 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
അർധസെഞ്ചുറി നേടിയ ഓപ്പണർ മാക്‌സ് ഓഡോഡ് ആണ് നെതർലൻഡ്‌സിന്റെ വിജയശിൽപി. തോൽവിയോടെ നാലു കളികളിൽ മൂന്ന് പോയന്റുള്ള സിംബാബ്വെയുടെ സെമി സാധ്യതകൾ മങ്ങിയപ്പോൾ ജയിച്ചിട്ടും ഓറഞ്ച് പട അഫ്ഗാന് പിന്നാലെ സെമിയിലെത്താതെ പുറത്താവുന്ന രണ്ടാമത്തെ ടീമായി.
ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ഇന്ത്യയാണ് സിംബാബ്വെയുടെ എതിരാളികൾ.സാങ്കേതികമായി സിംബാബ്വെക്ക് ഇപ്പോഴും സെമി സാധ്യത നിലനിൽക്കുന്നുണ്ടെന്ന് മാത്രം. സ്‌കോർ സിംബാബ്വെ 19.2 ഓവറിൽ 117ന് ഓൾ ഔട്ട്, നെതർലൻഡ്‌സ് 18 ഓവറിൽ 120-5.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വെയെ വാൻ മക്കീരനും(29-3),ബ്രാണ്ടൻ ഗ്ലോവർ(29-2), വാൻ ബീക്ക്(17-2), ബാസ് ഡി ലീഡ്(14-2) എന്നിവർ ചേർന്നാണ് എറിഞ്ഞൊതുക്കിയത്. 24 പന്തിൽ 40 റൺസെടുത്ത സിക്കന്ദർ റാസയും 23 പന്തിൽ 28 റൺസെടുത്ത ഷോൺ വില്യംസും മാത്രമെ സിംബാബ്വെ നിരയിൽ രണ്ടക്കം കടന്നുള്ളു.
മറുപടി ബാറ്റിംഗിൽ തുടക്കത്തിലെ ഓപ്പണർ സ്റ്റീഫൻ മേബർഗിനെ(8) നഷ്ടമായെങ്കിലും മാക്‌സ് ഒഡോഡും(47 പന്തിൽ 52), ടോം കൂപ്പറും(29 പന്തിൽ 32) ചേർന്ന് നെതർലൻഡ്‌സിനെ വിജയത്തിന് അരികെ എത്തിച്ചു. ഇരുവരും അടുത്തടുത്ത് മടങ്ങിയശേഷം വിജയത്തിന് തൊട്ടരികെ രണ്ട് വിക്കറ്റുകൾ കൂടി നെതർലൻഡ്‌സ് നഷ്ടമാക്കിയെങ്കിലും ബാസ് ഡി ലീഡും(12*) വാൻഡെർ മെർവും(0*) ചേർന്ന് അവരെ ലോകകപ്പിൽ സൂപ്പർ 12 റൗണ്ടിലെ ആദ്യ ജയത്തിലേക്ക് നയിച്ചു.


