- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്വന്റി 20 ലോകകപ്പ് ഫൈനൽ ഞായറാഴ്ച; ഇംഗ്ലണ്ടിന് ആശങ്കയായി മാർക് വുഡിന്റെയും ഡേവിഡ് മലാന്റെയും പരിക്ക്; കിരീടം നേടുമോ എന്ന ചോദ്യത്തിന്, എല്ലാം ദൈവത്തിന്റെ കയ്യിലെന്ന് ബബർ അസമിന്റെ മറുപടി

മെൽബൺ: ട്വന്റി 20 ലോകകപ്പ് കലാശപ്പോരിൽ പാക്കിസ്ഥാനും ഇംഗ്ലണ്ടും ഞായറാഴ്ച ഏറ്റുമുട്ടും. വിഖ്യാതമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടാണ് ട്വന്റി 20 മഹായുദ്ധത്തിന്റെ കലാശപ്പോരിന് വേദിയാകുന്നത്. മത്സരത്തിന് മഴ വെല്ലുവിളി ഉയർത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. അതിനിടെ മത്സരത്തിന് മുമ്പ് ഇംഗ്ലണ്ട് ആരാധകർക്ക് ആശങ്ക സമ്മാനിക്കുന്ന റിപ്പോർട്ടുകളാണ് ടീം ക്യാമ്പിൽ നിന്ന് പുറത്തുവരുന്നത്.
ഇന്ന് പരിശീലനത്തിന് ഇറങ്ങിയെങ്കിലും ഇംഗ്ലീഷ് പേസർ മാർക് വുഡും ബാറ്റർ ഡേവിഡ് മലാനും ഫൈനലിൽ കളിക്കുന്ന കാര്യം ഇതുവരെ ഉറപ്പായിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ പകരക്കാരായി ഇറങ്ങിയ ക്രിസ് ജോർദാനും ഫിലിപ് സാൾട്ടും ഇതോടെ ഇന്ന് ഏറെനേരം പരിശീലനത്തിന് ചിലവഴിച്ചു. മലാന്റെയും വുഡിന്റെയും ഫിറ്റ്നസ് ഞായറാഴ്ച രാവിലെ ഇംഗ്ലീഷ് മെഡിക്കൽ സംഘം പരിശോധിക്കും എന്നതിനാൽ ജോർദാനും സാൾട്ടും സ്റ്റാൻഡ്-ബൈ താരങ്ങളായി തുടരും.
അഡ്ലെയ്ഡ് ഓവലിൽ ഇന്ത്യക്കെതിരെ നടന്ന സെമി ഫൈനൽ വുഡിനും മലാനും നഷ്ടമായിരുന്നു. ഇന്ത്യക്കെതിരെ ഇറങ്ങിയ ജോർദാൻ മൂന്ന് വിക്കറ്റ് നേടിയപ്പോൾ സാൾട്ടിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല.
ഈ ട്വന്റി 20 ലോകകപ്പിലെ ഏറ്റവും വേഗമേറിയ പേസറാണ് ഇംഗ്ലണ്ടിന്റെ മാർക്ക് വുഡ്. നാല് മത്സരങ്ങളിൽ 9 വിക്കറ്റ് വീഴ്‌ത്തിയപ്പോൾ 31 തവണയാണ് താരം 150 കിലോമീറ്ററിലേറെ വേഗത്തിൽ പന്തെറിഞ്ഞത്. 26 റൺസിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. വുഡിന്റെയും മലാന്റെയും കാര്യത്തിൽ സാഹസിക തീരുമാനങ്ങളെടുക്കാൻ ഇംഗ്ലണ്ട് ടീം മാനേജ്മെന്റ് തയ്യാറല്ല.
ബിഗ് ബാഷ് ടി20 ലീഗിൽ ഏറെ മത്സരങ്ങൾ കളിച്ചിട്ടുള്ളതിനാൽ ഓസ്‌ട്രേലിയൻ സാഹചര്യം ഏറെ മനസിലാക്കിയിട്ടുള്ള ആളാണ് ഫിലിപ് സാൾട്ട്. ഇരുവരുടേയും പരിക്കിലെ ആശങ്കയൊഴിച്ചാൽ ഇംഗ്ലണ്ട് പ്ലേയിങ് ഇലവനിൽ മറ്റ് മാറ്റങ്ങൾക്ക് സാധ്യതയില്ല.
അതേ സമയം ഭാഗ്യത്തിന്റെ ചിറകിലേറി ഫൈനൽ ബർത്ത് ഉറപ്പിച്ച പാക്കിസ്ഥാൻ ആത്മവിശ്വാസത്തിലാണ്. 1992 ഏകദിന ലോകകപ്പ് ആവർത്തിക്കുമെന്നാണ് പാക് ആരാധകർ പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ സിംബാബ്വെ, ഇന്ത്യ എന്നിവർക്കെതിരെ പരാജയപ്പെട്ടെങ്കിലും സെമി കടക്കാൻ അവർക്കായി. നെതർലൻഡ്സ്, ശക്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെയാണ് പപാക്കിസ്ഥാന് സെമി കളിക്കാനുള്ള യോഗ്യതയായത്. സെമിയിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചതോടെ ഫൈനലിലേക്കും യോഗ്യത നേടി.
ഫൈനലിനെ കുറിച്ച് സംസാരിക്കവെ നായകൻ ബാബർ അസം ആത്മവിശ്വാസത്തോടെയാണ് പ്രതികരിച്ചത്. കിരീടം നേടുമോ എന്നുള്ള ചോദ്യത്തിന്, എല്ലാം ദൈവത്തിന്റെ കയ്യിലാണെന്നാണ് അസം പറയുന്നത്. ''ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു. ദൈവമാണ് ഞങ്ങൾക്ക് രണ്ടാമതൊരു അവസരം നൽകിയത്. ആ അവസരം മുതലാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. കഴിഞ്ഞ ലോകകപ്പുകളിലും ഇതുതന്നെയാണ് സംഭവിച്ചത്. ഞങ്ങളുടെ പക്കലുള്ളതുവച്ച് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കും. ബാക്കിയെല്ലാം ദൈവത്തിന്റെ കൈകളിലാണ്.'' ബാബർ പറഞ്ഞു. വീഡിയോ കാണാം..
പവർപ്ലേ എങ്ങനെ കളിക്കണമെന്നതിനെ കുറിച്ചും ബാബർ സംസാരിച്ചു. ''ബാറ്റിംഗായാലും ബൗളിംഗായാലും പവർപ്ലേ നന്നായി ഉപയോഗപ്പെടുത്താൻ സാധിക്കണം. നേരത്തെ വിക്കറ്റുകൾ വീഴ്‌ത്തി എതിരാളികളെ സമ്മർദ്ദിലാക്കാനാണ് ശ്രമിക്കാറ്. ബാറ്റിംഗിനെത്തുമ്പോൾ സ്‌കോർ ഉയർത്താൻ കൃത്യമായ പദ്ധതികൾ ഉണ്ടായിരിക്കണം. ഇതോടെ പിന്നാലെ വരുന്ന ബാറ്റർമാർക്ക് കാര്യങ്ങൾ എളുപ്പമാവും. കവിഞ്ഞ നാല് മത്സരങ്ങളിലും ടീം മികച്ച പ്രകടനം പുറത്തെടുത്തു. കഴിഞ്ഞവർഷം ലോകകപ്പ് സെമി ഫൈനലിലെത്താൻ സാധിച്ചതും ഏഷ്യാകപ്പിൽ ഫൈനലിലെത്തിയതും വലിയ നേട്ടമായി കാണുന്നു.'' അസം പറഞ്ഞു.
ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിന് മഴയുടെ ഭീഷണിയുണ്ട്. പസഫിക് സമുദ്രോപരിതലത്തിലെ ലാ നിന പ്രതിഭാസത്തിൽ കാലം തെറ്റി മഴപെയ്യുന്ന ഓസ്ട്രേലിയയിൽ ഈ ലോകകപ്പിലെ നിർണായകമായ പല പോരാട്ടങ്ങളും ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിച്ചിരുന്നു. ഞായറാഴ്ച മെൽബണിൽ നടക്കുന്ന ഫൈനലും മഴ നിഴലിലാണ്. മെൽബണിൽ ഫൈനൽ ദിവസം വൈകുന്നേരം മഴപെയ്യാനുള്ള സാധ്യത 95 ശതമാനാണെന്നാണ് കാലവസ്ഥാ പ്രവചനം. മഴ മൂലം ഫൈനൽ നടന്നില്ലെങ്കിൽ മത്സരം റിസർവ് ദിനമായ തിങ്കളാഴ്ചയിലേക്ക് മാറ്റും. തിങ്കളാഴ്ചയും കുറഞ്ഞത് 10 ഓവർ വീതമുള്ള മത്സരമെങ്കിലും സാധ്യമായില്ലെങ്കിലും ഇംഗ്ലണ്ടിനെയും പാക്കിസ്ഥാനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കേണ്ടിവരും.


