മെൽബൺ: ബെൻ സ്റ്റോക്സിന്റെയും സാം കറന്റെയും പോരാട്ടവീര്യത്തിന് മുന്നിൽ ഫൈനലിൽ പാക്കിസ്ഥാൻ മുട്ടുമടക്കി. ആവേശം അവസാന നിമിഷം വരെ നിറഞ്ഞുനിന്ന, ജയ പരാജയങ്ങൾ മാറി മറിഞ്ഞ ഫൈനലിൽ പാക്കിസ്ഥാൻ ഉയർത്തിയ വെല്ലുവിളി സമർഥമായി അതിജീവിച്ചാണ് ഇംഗ്ലണ്ട് കിരീടത്തിൽ മുത്തമിട്ടത്. ഫൈനലിൽ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്തെറിഞ്ഞാണ് ഇംഗ്ലണ്ട് രണ്ടാം ട്വന്റി 20 ലോകകിരീടം സ്വന്തമാക്കിയത്. 

ലീഗ് ഘട്ടത്തിൽ ഇന്ത്യയോടും സിംബാബ്വെയോടും തോറ്റ് പുറത്താകലിന്റെ വക്കിലെത്തിയ ശേഷം തുടർ വിജയങ്ങളിലൂടെ ഫൈനലിലേക്ക് കുതിച്ചെത്തിയ ബാബർ അസമും സംഘവും 1992 ഏകദിന ലോകകപ്പ് നേട്ടം ഓസ്‌ട്രേലിയൻ മണ്ണിൽ ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ച പാക്കിസ്ഥാൻ ആരാധകരെ കണ്ണീരിലാഴ്‌ത്തിയാണ് ഇംഗ്ലണ്ടിന്റെ കിരീട നേട്ടം.



ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തപ്പോൾ ഇംഗ്ലണ്ട് ഒരോവർ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്താണ് വിജയവും കിരീടവും നേടിയത്. 1992ലെ ഏകദിന ലോകകപ്പിനെ അനുസ്മരിപ്പിക്കും വിധം ഫൈനലിലേക്ക് കുതിച്ചെത്തിയ പാക്കിസ്ഥാനെ ബാറ്റിങിലും ബൗളിങിലും നിഷ്പ്രഭമാക്കിയാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ട്വന്റി 20 ലോക കിരീട നേട്ടം.

2010ലാണ് ഇംഗ്ലണ്ട് കന്നി കിരീടം സ്വന്തമാക്കിയത്. 12 വർഷങ്ങൾക്കിപ്പുറം മെൽബണിൽ അവർ രണ്ടാം കിരീടം ഉയർത്തി. വെസ്റ്റ് ഇൻഡീസിന് ശേഷം ടി20 ലോകകപ്പ് രണ്ട് തവണ സ്വന്തമാക്കുന്ന ടീമായും ഇതോടെ ഇംഗ്ലണ്ട് മാറി. ഓരേ സമയം ഏകദിന, ട്വന്റി 20 ലോക കിരീടങ്ങൾ കൈവശം വയ്ക്കുന്ന ആദ്യ ടീമെന്ന ഖ്യാതിയും ഇനി ഇംഗ്ലണ്ടിന് സ്വന്തം.

ബെൻ സ്റ്റോക്സിന്റെ ഉജ്ജ്വല അർധ ശതകമാണ് ഇംഗ്ലണ്ടിന്റെ കിരീട നേട്ടത്തിന്റെ കാതൽ. 49 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം സ്റ്റോക്സ് 52 റൺസുമായി പുറത്താകാതെ നിന്നു. താരത്തിന് ഒരു റണ്ണുമായി ലിയാം ലിവിങ്സ്റ്റൻ കൂട്ടായി.

138 റൺസിന്റെ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ അലക്സ് ഹെയ്ൽസിനെ നഷ്ടമായി. മനോഹരമായൊരു പന്തിൽ ഷഹീൻ അഫ്രീദിയാണ് ഇംഗ്ലീഷ് ഓപ്പണറെ മടക്കിയത്. താരം ഒരു റണ്ണുമായി മടങ്ങി.



മറുഭാഗത്ത് സഹ ഓപ്പണറും നായകനുമായ ജോസ് ബട്ലർ കൂറ്റനടികളിലൂടെ പാക് നിരയ്ക്ക് ഭീഷണി ഉയർത്തി നിന്നു. അതിനിടെ അലക്സ് സാൾട്ടിന്റെ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. താരം പത്ത് റൺസിൽ പുറത്തായി. സ്‌കോർ 45ൽ നിൽക്കെ ബട്ലറെ മടക്കി ഹാരിസ് റൗഫ് പാക് നിരയ്ക്ക് ആശ്വാസം നൽകി. 17 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും സഹിതം ബട്ലർ 26 റൺസെടുത്തു. നാലാമനായി ക്രീസിലെത്തിയ ബെൻ സ്റ്റോക്സ് ഹാരി ബ്രൂകിനെ കൂട്ടുപിടിച്ച് ഇന്നിങ്സ് കരുപ്പിടിപ്പിച്ചതോടെ ഇംഗ്ലണ്ട് അങ്കലാപ്പ് ഒഴിവാക്കിയെന്ന് തോന്നിച്ചു. എന്നാൽ 20 റൺസെടുത്ത ഹാരി ബ്രൂകിനെ ഷദബ് ഖാൻ മടക്കിയതോടെ ഇംഗ്ലണ്ട് അപകടം മണത്തു.

എന്നാൽ പിന്നീടെത്തിയ മൊയിൻ അലി സ്റ്റോക്സിനൊപ്പം ചേർന്ന് നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് കളി തിരികെ പിടിച്ചു. മൊയിൻ എത്തിയതോടെ അതുവരെ നിലയുറപ്പിച്ച് കളിച്ച സ്റ്റോക്സ് ഗിയർ മാറ്റി വമ്പൻ അടികൾ തുടങ്ങിയതോടെ പാക്കിസ്ഥാന്റെ തോൽവി ഏതാണ്ട് നിർണയിക്കപ്പെട്ടു. തുടരെ ബൗണ്ടറികളുമായി ഇരുവരും കളം വാണു.



വിജയത്തിലേക്ക് നീങ്ങുന്നതിനിടെ മൊയിൻ അലിയെ പുറത്താക്കി മുഹമ്മദ് വാസിം ഞെട്ടിച്ചെങ്കിലും ഇംഗ്ലീഷ് ജയത്തെ തടുക്കാനൊന്നും അതിന് സാധിച്ചില്ല. മൊയിൻ അലി 12 പന്തിൽ മൂന്ന് ഫോറുകൾ സഹിതം 19 റൺസ് കണ്ടെത്തി. പിന്നീടെത്തിയ ലിയാം ലിവിങ്സ്റ്റനെ കൂട്ടുപിടിച്ച് സ്റ്റോക്സ് ഇംഗ്ലണ്ടിനെ മറ്റൊരു വിശ്വ കിരീടത്തിലേക്ക് നയിച്ചു. പാക്കിസ്ഥാനായി ഹാരിസ് റൗഫ് രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി. അഫ്രീദി, ഷദബ് ഖാൻ, മുഹമ്മദ് വാസിം എന്നിവർ ഓരോ വിക്കറ്റെടുത്തു.

2019 ഏകദിന ലോകകപ്പിന്റെ ഫൈനലിലാണ് ബെൻ സ്റ്റോക്‌സ് ഏറക്കുറെ അസാധ്യമെന്ന് തോന്നിച്ച ലക്ഷ്യത്തിലേക്ക് ഒറ്റയ്ക്ക് പൊരുതി ഇംഗ്ലണ്ടിന് ആദ്യമായി വിശ്വകിരീടം സമ്മാനിച്ചത്. 98 പന്തിൽ 86 റൺസെടുത്ത് പുറത്താകാതെ നിന്ന ബെൻസ് സ്റ്റോക്‌സ് ന്യൂസിലൻഡ് ഉയർത്തിയ 241 ലക്ഷ്യത്തിനൊപ്പം ഇംഗ്ലണ്ടിനെ എത്തിക്കുകയായിരുന്നു.

സൂപ്പർ ഓവറിലും സ്റ്റോക്‌സ് മികവ് തുടർന്നതോടെ ഇംഗ്ലണ്ടിന് കപ്പ് സ്വന്തമാകുകയായിരുന്നു. അന്ന് വിശ്വം ജയിച്ച പോരാളി ആയെങ്കിലും സ്റ്റോക്‌സിന്റെ പ്രതികാരം അവസാനിച്ചിരുന്നില്ല. പിന്നെയും ഒറ്റയ്ക്ക് ഇംഗ്ലണ്ടിനെ സ്റ്റോക്‌സ് ചുമലിലേറ്റിയിട്ടുണ്ട്. വിഖ്യാതമായ ആഷസ് പരമ്പരയിലെ തകർപ്പൻ സെഞ്ചുറി ആരും മറന്നിട്ടുണ്ടാകില്ല.



ഇപ്പോഴിതാ പാക്കിസ്ഥാനെ തകർത്ത് ഇംഗ്ലണ്ട് ടി 20 ലോക കിരീടം ഉയർത്തുമ്പോഴും വിജയശിൽപ്പിയായി സ്റ്റോക്‌സ് തല ഉയർത്തി നിൽക്കുകയാണ്. ടി 20 യിലെ തന്റെ ആദ്യ അർധ സെഞ്ചുറി നേടിയാണ് സ്റ്റോക്‌സ് ടീമിന് വിജയം സമ്മാനിച്ചത്. പാക്കിസ്ഥാൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് 19 ഓവറിൽ മറികടക്കുമ്പോൾ ഒരറ്റത്ത് 49 പന്തിൽ 52 റൺസ് നേടിയാണ് സ്റ്റോക്‌സ് വിജയ ശിൽപ്പിയായത്. നാലോവർ പന്തെറിഞ്ഞ ഓൾറൗണ്ടർ 32 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു.

ടോസ് നേടി ഇംഗ്ലണ്ട് പാക്കിസ്ഥാനെ ബാറ്റിങിന് വിടുകയായിരുന്നു. ആദ്യം ബാറ്റിങിന് ഇറങ്ങിയ പാക്കിസ്ഥാന് കൃത്യമായൊരു കൂട്ടുകെട്ട് ഉയർത്താൻ സാധിക്കാതെ പോയി. ബാറ്റിങ് പവർപ്ലേയിലടക്കം ബോർഡിലേക്ക് കാര്യമായി റൺസ് എത്താഞ്ഞത് അവർക്ക് തിരിച്ചടിയായി മാറി. ഇംഗ്ലീഷ് സ്പിന്നർമാരും പേസർമാരും ചേർന്ന് പാക് ബാറ്റിങ് നിരയെ വരിഞ്ഞു മുറുക്കിയതോടെ കൃത്യമായ ഇടവേളകളിൽ പാക് ബാറ്റിങ് നിര ഒന്നൊന്നായി കൂടാരം കയറി.

നാലോവറിൽ വെറും 12 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ പിഴുത സാം കറൻ ഉജ്ജ്വലമായി പന്തെറിഞ്ഞു. ആദിൽ റഷീദ്, ക്രിസ് ജോർദാൻ എന്നിവർ രണ്ട് വീതം വിക്കറ്റുകളും ബെൻ സ്റ്റോക്സ് ഒരു വിക്കറ്റും സ്വന്തമാക്കി. ഫൈനലിലെ മൂന്ന് വിക്കറ്റ് അടക്കം ടൂർണമെന്റിൽ 13 വിക്കറ്റുകൾ വീഴ്‌ത്തിയ സാം കറനാണ് കളിയിലെയും പരമ്പരയിലെയും താരം.



നാലാം ഓവറിന്റെ രണ്ടാം പന്തിലാണ് പാക്കിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായത്. ഓപ്പണർ മുഹമ്മദ് റിസ്വാനെ മടക്കി സാം കറനാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ആദിൽ റഷീദ് മുഹമ്മദ് ഹാരിസിനെ മടക്കി പാക്കിസ്ഥാനെ സമർദ്ദത്തിലേക്ക് തള്ളിയിടാൻ ശ്രമം നടത്തി. റിസ്വാൻ 15 റൺസുമായും ഹാരിസ് എട്ട് റൺസുമായും മടങ്ങി.

മൂന്നാം വിക്കറ്റിൽ ബാബർ അസമിനൊപ്പം ഷാൻ മസൂദ് ചേർന്നതോടെ പാക്കിസ്ഥാൻ ട്രാക്കിലായി. ഇരുവരും ചേർന്ന് സ്‌കോർ മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റ് 45 റൺസിൽ നഷ്ടമായ പാക്കിസ്ഥാന് പിന്നീട് 84ൽ വച്ച് ബാബറിനേയും നഷ്ടമായി. താരത്തെ സ്വന്തം പന്തിൽ മികച്ച ക്യാച്ചിലൂടെ ആദിൽ റഷീദാണ് മടക്കിയത്. ഇംഗ്ലണ്ട് കളിയിൽ പിടിമുറുക്കിയ നിമിഷം കൂടിയായിരുന്നു അത്. പിന്നീട് ബാറ്റർമാരുടെ ഘോഷയാത്രയായിരുന്നു. 28 പന്തിൽ രണ്ട് ഫോറുകൾ സഹിതം 32 റൺസാണ് ബാബർ സ്വന്തമാക്കിയത്.



ഷാൻ മസൂദാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ. താരം 28 പന്തിൽ ഒരു സിക്സും രണ്ട് ഫോറും സഹിതം 38 റൺസെടുത്തു. പാക് ഇന്നിങ്സിലെ ഏക സിക്സും ഷാനിന്റെ പേരിലാണ്. 14 പന്തിൽ 20 റൺസെടുത്ത ഷദബ് ഖാനാണ് രണ്ടക്കം കടന്ന മറ്റൊരു പാക് ബാറ്റർ. ഇഫ്തിഖർ അഹമ്മദ് (0), മുഹമ്മദ് നവാസ് (5), മുഹമ്മദ് വസിം (4) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഷഹീൻ അഫ്രീദി (5), ഹാരിസ് റൗഫ് (1) എന്നിവർ പുറത്താകാതെ നിന്നു.

1992 ഏകദിന ലോകകപ്പിലെ പാക്കിസ്ഥാന്റെ പ്രയാണത്തിന് ഇത്തവണത്തേതുമായി നിരവധി സമാനതകളുണ്ട്. ഓസ്ട്രേലിയയിൽ വെച്ച് നടന്ന രണ്ട് ലോകകപ്പുകളിലേയും നിലവിലെ ചാമ്പ്യന്മാർ ഓസ്ട്രേലിയ തന്നെയായിരുന്നു. 
മെൽബണിലെ ആദ്യ മത്സരത്തിൽ തന്നെ തോറ്റുകൊണ്ടാണ് പാക്കിസ്ഥാൻ തുടങ്ങിയത്. 1992-ൽ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിനോടാണ് പരാജയപ്പെട്ടതെങ്കിൽ ഇത്തവണ ഇന്ത്യയോടാണ് മെൽബണിൽ തോറ്റത്.

എന്നാൽ അവസാന മൂന്ന് മത്സരങ്ങളും വിജയിച്ചാണ് അവർ സെമിയിലേക്ക് മുന്നേറിയത്. അതും അവസാന ദിവസം. അങ്ങനെ 1992-ലേത് പോലെ അത്ഭുതകരമായിട്ടായിരുന്നു പാക്കിസ്ഥാൻ 2022 ലോകകപ്പ് സെമിയിലെത്തിയത്.

സെമിയിൽ ന്യൂസിലൻഡായിരുന്നു എതിരാളികൾ. 1992-ന് പുറമേ 1999-ഏകദിനലോകകപ്പിന്റെ സെമിയിലും 2007-ട്വന്റി 20 ലോകകപ്പിന്റെ സെമിയിലും പാക്കിസ്ഥാൻ കിവികളെ പരാജയപ്പെടുത്തിയിരുന്നു. പതിവുകളൊന്നും തെറ്റിക്കാതെ പാക്കിസ്ഥാൻ ഇക്കുറിയും കിവികളെ തകർത്ത് കലാശപ്പോരിന് യോഗ്യത നേടി.

കലാശപ്പോരും 1992-ന് സമാനമായിരുന്നു. മെൽബണിലെ എതിരാളികൾ ഇംഗ്ലണ്ട് തന്നെയായിരുന്നു. ചരിത്രം ആവർത്തിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു പാക് ആരാധകർ. അന്ന് ഇമ്രാൻ ഖാനും സംഘവും കപ്പുയർത്തിയാണ് മടങ്ങിയത്. പക്ഷേ ഇത്തവണ കലാശപ്പോരിൽ പരാജയപ്പെട്ട് ബാബറിനും സംഘത്തിനും കണ്ണീരോടെ മടങ്ങേണ്ടിവന്നു. അന്ന് ഗ്രഹാം ഗൂച്ച് തോറ്റ് മടങ്ങിയ ഇംഗ്ലീഷ് ചരിത്രം മെൽബണിൽ ആവർത്തിക്കുമെന്ന പ്രഖ്യാപനങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് ബട്ട്ലർ കപ്പുയർത്തി.