പ്രൊവിഡൻസ്: ടി20 ലോകകപ്പിൽ അട്ടിമറി തുടർക്കഥയാകുന്നു.മത്സരപരിചയത്തിൽ മുന്നിലുള്ള അയർലന്റിനെ നവാഗതരായ കാനഡ അട്ടിമറിച്ചതിന് പിന്നാലെ ന്യൂസിലൻഡിനെ നാണം കെടുത്തി അഫ്ഗാനിസ്ഥാനും. അഫ്ഗാൻ ഉയർത്തിയ 159 റൺസ് പിന്തുടർന്ന ന്യൂസിലൻഡ് 15.2 ഓവറിൽ 75 റൺസിൽ ഓൾ ഔട്ടായി. 84 റൺസിനാണ് അഫഗാനിസ്ഥാന്റെ ജയം.നാല് വിക്കറ്റുകൾ വീതം വീഴ്‌ത്തിയ ഫർസലഖ് ഫറൂഖിയും റാഷിദ് ഖാനുമാണ് കീവിസിന്റെ ചിറകരിഞ്ഞത്.

ടോസ് നേടിയ ന്യൂസീലൻഡ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ റഹ്മാനുള്ള ഗുർബാസ് (56 പന്തിൽ 80), ഇബ്രാഹിം സദ്രാൻ (41 പന്തിൽ 44) എന്നിവരുടെ സെഞ്ചറി കൂട്ടുകെട്ടിന്റെ മികവിലാണ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്ഥാൻ 159 റൺസെടുത്തത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 103 റൺസെടുത്തു. 15ാം ഓവറിലാണ് അഫ്ഗാനിസ്ഥാന്റെ ആദ്യ വിക്കറ്റ് വീണത്.

പിന്നീടെത്തിയ അസ്മത്തുള്ള ഒമർസായി 22 റൺസെടുത്തെങ്കിലും തുടർച്ചയായി വിക്കറ്റുകൾ വീണതോടെ അവർ 159 റൺസിൽ ഒതുങ്ങുകയായിരുന്നു. ന്യൂസീലൻഡിനായി ട്രെന്റ് ബോൾട്ട്, മാറ്റ് ഹെന്റി എന്നിവർ രണ്ടു വിക്കറ്റ് വീതവും ലോക്കി ഫെർഗൂസൻ ഒരു വിക്കറ്റും വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് തുടക്കം തന്നെ പാളി. സ്‌കോർബോർഡ് തുറക്കും മുമ്പേ ഫിൻ അലനെ ഫസൽ ഹഖ് ഫറൂഖി പവലിയനിലേക്ക് പറഞ്ഞയച്ചു. നേരിട്ട ആദ്യ പന്തിലാണ് ഫിൻ അലൻ പുറത്തായത്. ഡെവൺ കോൺവേ (8 റൺസ്), നായകൻ കെയ്ൻ വില്യംസൺ (9), ഡാരിൽ മിച്ചൽ (5), മാർക്ക് ചാംമാൻ (4), മിച്ചൽ ബ്രെയ്സ്വെൽ (0), മിച്ചൽ സാന്റ്‌റ്നർ (4) ലോക്കി ഫെർഗൂസൻ (2) എല്ലാവരും വന്നതും പോയതും വേഗത്തിലായിരുന്നു.

18 പന്തിൽ 18 റൺസെടുത്ത ഗ്ലെൻ ഫിലിപ്‌സും 17 പന്തിൽ 12 റൺസെടുത്ത മാറ്റ് ഹെന്റിയുമാണ് ന്യൂസിലൻഡ് നിരയിൽ രണ്ടക്കം കടന്നത്.