- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീലങ്കയുടെ സൂപ്പർ എട്ട് മോഹങ്ങൾക്ക് മങ്ങലേൽപ്പിച്ച് ബംഗ്ലാദേശ്
ഡാളസ്: ടി20 ലോകകപ്പിൽ ശ്രീങ്കയ്ക്കെതിരെ ബംഗ്ലാദേശിന് രണ്ട് വിക്കറ്റ് ജയം.ശ്രീലങ്ക ഉയർത്തിയ 125 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശ് 19 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.20 പന്തിൽ 40 റൺസ് നേടിയ ഹൃദോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. 38 പന്തിൽ 36 റൺസ് നേടിയ ലിറ്റൺ ദാസും മികച്ച ഇന്നിങ്സ് പുറത്തെടുത്തു.ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റ ശ്രീലങ്ക തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റതോടെ ഡി ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്.
125 റൺസെന്ന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാ കടുവകൾ തുടക്കത്തിൽ 28-3ലേക്ക് കൂപ്പുകുത്തിയെങ്കിലും തൗഹിദ് ഹൃദോയിയും(20 പന്തിൽ 40), ലിറ്റൺ ദാസും(36) ചേർന്ന് നാലാം വിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർത്തതോടെ അനായാസം ലക്ഷ്യത്തോട് അടുത്തു. പന്ത്രണ്ടാം ഓവറിൽ 91-3 എന്ന ശക്തമായ നിലയിലായിരുന്ന ബംഗ്ലാദേശ് പിന്നീട് നാടകീയമായി തകർന്നടിഞ്ഞതോടെ കളി ആർക്കും ജയിക്കാമെന്നായി. പതിനെട്ടാം ഓവറിൽ നുവാൻ തുഷാര റിഷാദ് ഹൊസൈനെയും ടസ്കിൻ അഹമ്മദിനെയും വീഴ്ത്തി ബംഗ്ലാദേശിനെ 114-8 എട്ടിലേക്ക് തള്ളിവിട്ടു.
അവസാന രണ്ടോവറിൽ രണ്ട് വിക്കറ്റ് ശേഷിക്കെ 11 റൺസായിരുന്നു ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ദാസുൻ ഷനക എറിഞ്ഞ പത്തൊമ്പതാം ഓവറിൽ ഫുൾട്ടോസായ ആദ്യ പന്ത് സിക്സിന് പറത്തി മെഹ്മദുള്ള ബംഗ്ലാദേശിനെ ജയത്തോട് അടുപ്പിച്ചു. ആ ഓവറിൽ തന്നെ സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ബംഗ്ലാദേശ് ലക്ഷ്യത്തിലുമെത്തി. 13 പന്തിൽ 16 റൺസുമായി പുറത്താകാതെ നിന്ന മെഹ്മദുള്ളയുടെ പോരാട്ടം ബംഗ്ലാദേശ് വിജയത്തിൽ നിർണായകമായി.
ശ്രീലങ്കൻ ക്യാപ്റ്റൻ വാനിന്ദു ഹസരങ്ക എറിഞ്ഞ പന്ത്രണ്ടാം ഓവറിലെ ആദ്യ മൂന്ന് പന്തും സിക്സിന് പറത്തിയ തൗഹിദ് ഹൃദോയ് ആണ് ബംഗ്ലാദേശിന് ലക്ഷേ്യേത്താട് അടുപ്പിച്ചത്. തുടർച്ചയായി മൂന്ന് സിക്സുകൾ പറത്തിയശേഷം ഹസരങ്കയുടെ നാലാം പന്തിൽ തൗഹിദ് പുറത്തായതിന് പിന്നാലെയാണ് ബംഗ്ലാദേശ് അവിശ്വസനീയമായി തകർന്നടിഞ്ഞത്. ശ്രീലങ്കക്കായി നുവാൻ തുഷാര നാലോവറിൽ 18 റൺസ് വഴങ്ങി നുവാൻ തുഷാര നാലു വിക്കറ്റെടുത്തപ്പോൾ ഹസരങ്ക 32 റൺസിന് രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുസ്തഫിസുർ റഹ്മാനും റിഷാദ് ഹൊസൈനും ചേർന്നാണ് ശ്രീലങ്കയെ എറിഞ്ഞിട്ടത്. ഓപ്പണർ പാതും നിസങ്ക(28 പന്തിൽ 47) തകർത്തടിച്ചെങ്കിലും പിന്നീട് വന്നവർക്കാർക്കും സ്കോർ ഉയർത്താനായില്ല. ധനഞ്ജയ ഡിസിൽസ(26 പന്തിൽ 21), ചരിത് അസലങ്ക)21 പന്തിൽ 19), ഏയ്ഞ്ചലോ മാത്യൂസ്(19 പന്തിൽ 16) എന്നിവരാണ് ലങ്കൻ നിരയിൽ പിന്നീട് രണ്ടക്കം കടന്നത്.
തുടർച്ചയായ രണ്ടാം തോൽവിയോടെ ശ്രീലങ്കയുടെ സൂപ്പർ എട്ട് പ്രവേശനവും അനിശ്ചിതത്വത്തിലായി.നെതർലൻഡ്സിനെയും നേപ്പാളിനെയും നേരിടാനുള്ള ശ്രീലങ്കക്ക് ഇനിയുള്ള രണ്ട് കളികളിലും വമ്പൻ ജയം നേടുകയും എതിരാളികളുടെ മത്സരഫലം അനുകൂലമാകുകയും ചെയ്താൽ മാത്രമെ സൂപ്പർ എട്ടിലെത്താനാവു.