ബാർബഡോസ്: ടി20 ലോകകപ്പിൽ സൂപ്പർ 8 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും.ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അവിശ്വനസനീയമായി കരുത്തരായ പാക്കിസ്ഥാനും ന്യൂസിലൻഡും ശ്രീലങ്കയുമെല്ലാം പുറത്തേക്കുള്ള വഴി കണ്ടപ്പോൾ രണ്ടാംഘട്ടത്തിലേക്കെത്തി ഏവരെയും ഞെട്ടിച്ചത് അമേരിക്കയെയും അഫ്ഗാനിസ്ഥാനെയും പോലുള്ള ടീമുകളാണ്.സ്‌കോട്ടലാന്റിനെപ്പോലെ അവസാന നിമിഷം വരെ വീറുറ്റപോരാട്ടം കാഴ്‌ച്ചവെച്ച് വീണുപോയവരുമുണ്ട്.സൂപ്പർ എട്ടിലെ ഗ്രൂപ്പ് ഒന്നിൽ ഇന്ത്യ, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് ടീമുകളാണുള്ളത്.ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, അമേരിക്ക, ഇംഗ്ലണ്ട് എന്നിവരടങ്ങുന്നതാണ് ഗ്രൂപ്പ് 2. ഒരോ ഗ്രൂപ്പിൽ നിന്നും ആദ്യരണ്ട് സ്ഥാനത്തെത്തുന്ന ടീമുകൾ സെമിയിലെത്തുന്ന രീതിയിലാണ് മത്സരക്രമം.

അരങ്ങേറ്റത്തിൽ തന്നെ അമ്പരപ്പിച്ച അമേരിക്കയും കുഞ്ഞന്മാരായ നേപ്പാളിന് മുന്നിൽ വിറച്ചെങ്കിലും വീഴാതെ അപരാജിതരായി സൂപ്പർ 8ലെത്തിയ ദക്ഷിണാഫ്രിക്കയുമാണ് ഇന്ന് ആദ്യമത്സരത്തിന് ഇറങ്ങുന്നത്.ഇന്ത്യൻ സമയം രാത്രി എട്ടുമുതൽ നോർത്ത് സൗണ്ടിലെ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിലാണ് മത്സരം.ആതിഥേയർ എന്നനിലയിൽ ലോകകപ്പിന് യോഗ്യതനേടിയ യു.എസ്. പ്രാഥമികറൗണ്ടിൽ പാക്കിസ്ഥാനെതിരേ അട്ടിമറിവിജയം നേടിയതോടെയാണ് സൂപ്പർ എട്ടിൽ സ്ഥാനം സ്വപ്നം കണ്ടു തുടങ്ങിയത്.
കാനഡയെയും തോൽപ്പിച്ചു.ഇന്ത്യയെ വിറപ്പിച്ച് കീഴടങ്ങി.അവസാന മത്സരം മഴ മുടക്കിയതോടെ പാക്കിസ്ഥാനെ നാട്ടിലേക്ക് പറഞ്ഞയച്ച് സൂപ്പർ എട്ടിലെത്തി.

ആദ്യ ലോകകപ്പിനിറങ്ങിയ യു.എസ്. ടീമിന്റെ കരുത്ത് ഇന്ത്യൻ താരങ്ങളാണ്.ക്യാപ്റ്റൻ മൊനാങ്ക് പട്ടേൽ ഉൾപ്പെടെ, ഇന്ത്യയിൽ വേരുകളുള്ള എട്ടുപേർ ടീമിലുണ്ട്.ദക്ഷിണാഫ്രിക്കയുമായി താരതമ്യം ചെയ്യാൻ കഴിയുന്ന ടീമല്ല അമേരിക്ക. എന്നാൽ നഷ്ടപ്പെടാൻ ഒന്നുമില്ല എന്നത് അവരുടെ പൊരുതാനുള്ള ശക്തി കൂട്ടും. ആരോൺ ജോൺസിന്റെ ചുമലിലാണ് ബാറ്റിങ് പ്രതീക്ഷകളത്രയും. മോനാങ്ക് പട്ടേലും സ്റ്റീവൻ ടെയ്ലറും കോറി ആൻഡേഴ്സനുമെല്ലാം റണ്ണടിക്കാൻ കരുത്തുള്ളവർ.ബൗളിങ് സ്‌ക്വാഡിൽ സൗരഭ് നേത്രവൽക്കർ മികച്ച ഫോമിൽ.അലി ഖാൻ കൂടി തിരിച്ചെത്തിയത് ടീമിന് ഗുണം ചെയ്യും.അരങ്ങേറ്റക്കാരായ അമേരിക്കയുടെ ഈ മുന്നേറ്റം ആരും പ്രതീക്ഷിക്കാത്തതാണ്.

എന്നാൽ ഇതൊന്നും ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസത്തെ ബാധിക്കാൻ ഇടയില്ല.എക്കാലത്തും മുൻനിര ടീമുകളിലൊന്നായി പരിഗണിക്കപ്പെടുന്ന ദക്ഷിണാഫ്രിക്ക ഇതുവരെ ഒരു ലോകകിരീടം നേടിയിട്ടില്ല.ആ പേരുദോഷം ഇത്തവണയെങ്കിലും മാറ്റാനുള്ള ഒരുക്കത്തിലെത്തുന്ന ദക്ഷിണാഫ്രിക്ക.പ്രാഥമികറൗണ്ടിൽ നാലിൽ നാലുകളികളും ജയിച്ചാണ് ടീം സൂപ്പർ എട്ടിലെത്തുന്നത്.ക്വിന്റൺ ഡി കോക്കും ഹെൻഡ്രിക്ക്സ് ഓപ്പണിങ് സഖ്യം ഏത് ബൗളിങ് നിരയ്ക്കും വെല്ലുവിളിയാണ്. ഏയ്ഡൻ മാർക്രം, ട്രൈസ്റ്റണ സ്റ്റബ്സ്, ഡേവിഡ് മില്ലർ, ഹെന്റിച്ച് ക്ലാസൻ എന്നിങ്ങനെ സമ്പന്നമായ ബാറ്റിങ് നിര.

ടബ്രൈസ് ഷംസിയും കാഗിസോ റബാഡയും ആർറിച്ച് നോർക്യയും അടങ്ങിയ അപകടകാരികളായ ബൗളിങ് നിര. കടലാസിൽ ഏറെ മുന്നിലാണ് ദക്ഷിണാഫ്രിക്ക. എന്നാൽ ലോകകപ്പിൽ വൻ ജയങ്ങൾ നേടാനായിട്ടില്ല എന്നതാണ് ടീമിന്റെ പേടി.അവസാന മത്സരത്തിൽ ഒരു റൺസിനാണ് ദുർബലരായ നേപ്പാളിനോട് ജയിച്ചത്. ആ നാണക്കേട് മാറ്റാൻ കൂടിയാണ് ടീം ഇന്നിറങ്ങുന്നത്.വ്യാഴാഴ്ച പുലർച്ചെ ആറിന് നടക്കുന്ന മത്സരത്തില്ട ആതിഥേയരായ വെസ്റ്റ്ഇൻഡീസ് ഇംഗ്ലണ്ടിനെ നേരിടും.നാളെ രാത്രി എട്ടിനു നടക്കുന്ന സൂപ്പർ 8 മത്സരത്തിൽ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി.

ഗ്രൂപ്പിലെ 4 ടീമുകളും പരസ്പരം മത്സരിച്ച് ആദ്യ 2 സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സെമിഫൈനലിൽ കടക്കും.ജൂൺ 25 നാണ് സൂപ്പർ എട്ട് പോരാട്ടങ്ങൾ പൂർത്തിയാവുക. 27ന് ഇന്ത്യൻ സമയം രാവിലെ 6 മണിക്കും രാത്രി 8 മണിക്കുമായി രണ്ട് സെമി പോരാട്ടങ്ങൾ നടക്കും.29നാണ് ഫൈനൽ.