ആൻഡ്വിഗ: ടി 20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടങ്ങൾക്ക് തകർപ്പൻ തുടക്കം.ടി20 ക്രിക്കറ്റിന്റെ വീറും വാശിയും കണ്ട മത്സരങ്ങളിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ അക്ഷാരാർത്ഥത്തിൽ വിറപ്പിച്ചാണ് നവാഗതരായ അമേരിക്ക കീഴടങ്ങിയത്.ഇ പോരാട്ടത്തിലൂടെ തങ്ങളുടെ സുപ്പർ 8 പ്രവേശനം ഒറ്റത്തവണയുള്ള അത്ഭുതമല്ലെന്ന് തെളിയിക്കാനും യുഎസ്എയ്ക്ക് കഴിഞ്ഞു.ഇന്ന രാവിലെ നടന്ന മറ്റൊരു മത്സരത്തിൽ ആതിഥേയരായ വെസ്റ്റിൻഡീസിനെതിരെ എട്ടു വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.ഫിൽ സാൾട്ടിന്റെ തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്.

ടി20 ലോകകപ്പിൽ സൂപ്പർ എട്ട് റൗണ്ടിലെ ആദ്യ പോരാട്ടത്തിൽ യുഎസ്സിനെതിരെ ദക്ഷിണാഫ്രിക്ക 18 റൺസിനാണ് വിജയിച്ച് കയറിയത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക, നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎസ്സിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടാനേ ആയുള്ളൂ.ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണർ ക്വിന്റൻ ഡി കോക്ക് അർധസെഞ്ചറി നേടി. ക്യാപ്റ്റൻ എയ്ഡൻ മാർക്രവും ഡി കോക്കും കൈകോർത്തതോടെ ദക്ഷിണാഫ്രിക്കൻ സ്‌കോർ കുതിച്ചു. 40 പന്തിൽ 74 റൺസ് നേടിയാണ് ക്വിന്റൺ ഡി കോക്ക് പുറത്തായത്. അഞ്ച് സിക്‌സും ഏഴ് ബൗണ്ടറിയും ക്വിന്റൺ അടിച്ചെടുത്തതു.

32 പന്തിൽ 46 റൺസുമായി ക്യാപ്റ്റൻ എയ്ഡൻ മാർക്രമും 22 പന്തിൽ 36* റൺസുമായി ഹെന്റിച്ച് ക്ലാസനും സ്‌കോർവേഗം കൂട്ടി.ട്രിസ്റ്റൻ സ്റ്റബ്‌സ് (16 പന്തിൽ 20*), റീസ ഹെൻഡ്രിക്‌സ് (11 പന്തിൽ 11) എന്നിവരും കരുത്തുറ്റ ഇന്നിങ്‌സ് കളിച്ചു.യുഎസ്സിനായി നേത്രവാൽക്കർ നാലോവറിൽ 21 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോൾ ഹർമീത് സിങ് നാലോവറിൽ 24 റൺസ് വിട്ടുനൽകി അത്രതന്നെ വിക്കറ്റ് നേടി. രണ്ടാം വിക്കറ്റിൽ ഡി കോക്കും മാർക്രമും ചേർന്ന് കെട്ടിയുയർത്തിയ 110 റൺസ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കൻ സ്‌കോർ ഭദ്രമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎസ് തുടക്കം ഗംഭീരമാക്കിയെങ്കിലും ഇടയ്ക്ക് വിക്കറ്റ് നഷ്ടപ്പെട്ടത് തിരിച്ചടിയായി.

ആദ്യ അഞ്ചോവറിൽ നേടിയതിന്റെ പകുതിപോലും അടുത്ത അഞ്ചോവറിൽ അടിച്ചെടുക്കാനായില്ല. 10 ഓവറിൽ 73 റൺസിനിടെ നാല് വിക്കറ്റും നഷ്ടമായി. ഒരുവശത്ത് വിക്കറ്റുകൾ വീണപ്പോഴും ആക്രമിച്ചു കളിച്ച ആൻഡ്രീസ് ഗൗസാണ് (47 പന്തിൽ 80) യുഎസിന്റെ ടോപ് സ്‌കോറർ. രണ്ടാം മത്സരത്തിൽ ആതിഥേയരായ വെസ്റ്റ്ഇൻഡീസിനെ 8 വിക്കറ്റിനാണ് ഇംഗ്ലണ്ട് തകർത്തത്. വിൻഡീസ് ഉയർത്തിയ 181 റൺസെന്ന വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 15-പന്തുകൾ ബാക്കി നിൽക്കേയാണ് ഇംഗ്ലണ്ട് ജയിച്ചുകയറിയത്.

അർധസെഞ്ചുറി നേടിയ ഫിലിപ് സാൾട്ടും തകർത്ത് കളിച്ച ബെയർ‌സ്റ്റോയുമാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്.വെസ്റ്റിൻഡീസ് ഉയർത്തിയ 181-റൺസ് വിജയലക്ഷ്യത്തിലേക്ക് വെടിക്കെട്ടോടെയാണ് ഇംഗ്ലണ്ട് ബാറ്റേന്തിയത്. ഓപ്പണർ ഫിൽ സാൾട്ടും ജോഷ് ബട്‌ലറും വിൻഡീസ് ബൗളർമാരെ ആക്രമിച്ച് കളിച്ചു. പവർപ്ലേയിൽ തന്നെ സ്‌കോർ 50-കടന്നു. സാൾട്ടായിരുന്നു കൂടുതൽ അപകടകാരി. ഏഴോവറിൽ ടീം വിക്കറ്റ് നഷ്ടമില്ലാതെ 64-റൺസിലെത്തി.

ജോഷ് ബട്‌ലറിന്റെ വിക്കറ്റാണ് ഇംഗ്ലീഷ്പടയ്ക്ക് ആദ്യം നഷ്ടമാകുന്നത്. 22-പന്തിൽ നിന്ന് 25-റൺസെടുത്ത ബട്‌ലറിനെ റോസ്റ്റൺ ചേസ് പുറത്താക്കി. പിന്നാലെ മോയിൻ അലിയെ മടക്കി ആന്ദ്ര റസൽ വിൻഡീസിന് പ്രതീക്ഷ നൽകി. 10-പന്തിൽ നിന്ന് 13-റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഇംഗ്ലണ്ട് 84-2 എന്ന നിലയിലേക്ക് വീണു.ഫിൽ സാൾട്ടും ജോണി ബെയർ‌സ്റ്റോയും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തുന്നതാണ് പിന്നീട് ഡാരൻ സമ്മി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കണ്ടത്. മൂന്നാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ ഇരുവരും ടീമിനെ ലക്ഷ്യത്തിനടുത്തെത്തിച്ചു.പിന്നാലെ ബെയർ‌സ്റ്റോയും സാൾട്ടും വിൻഡീസിന്റെ പ്രതീക്ഷകളെ തച്ചുടച്ചു.

15-ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 141-റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. അഞ്ച് ഓവറിൽ 40-റൺസെന്ന വിജയലക്ഷ്യം.പക്ഷെ അടുത്ത ഒറ്റ ഓവറിൽ സാൾട്ട് കളി മാറ്റി.റൊമാരിയോ ഷെഫേർഡ് എറിഞ്ഞ 16-ാം ഓവറിൽ 30-റൺസാണ് സാൾട്ട് അടിച്ചെടുത്തത്. മൂന്ന് സിക്‌സും മൂന്ന് ഫോറുകളും നേടിയ സാൾട്ട് ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചു. അതിനിടെ താരം അർധ സെഞ്ചുറിയും തികച്ചു. 17.3 ഓവറിൽ ടീം ലക്ഷ്യത്തിലെത്തി. 47-പന്തിൽ നിന്ന് ഏഴ് ഫോറും ആറ് സിക്‌സുമുൾപ്പെടെ സാൾട്ട് 87-റൺസെടുത്ത് പുറത്താവാതെ നിന്നു. ബെയർ‌സ്റ്റോ 26-പന്തിൽ നിന്ന് 48-റൺസെടുത്തു.

നേരത്തേ വെസ്റ്റിൻഡീസ് നിശ്ചിത 20-ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 180-റൺസാണെടുത്തത്. ജോൾസൺ ചാൾസ്, നിക്കോളാസ് പുരാൻ, റോവ്മാൻ പവൽ എന്നിവരുടെ ഇന്നിങ്‌സുകളാണ് വിൻഡീസിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തിയ റൂഥർഫോർഡാണ് സ്‌കോർ 180-ലെത്തിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ ബ്രാൻഡൻ കിങ്ങും ജോൺസൺ ചാൾസും സമ്മാനിച്ചത്. എന്നാൽ അടിച്ചുകളിച്ച ബ്രാൻഡൻ കിങ് അഞ്ചാം ഓവറിൽ റിട്ടയേഡ് ഹർട്ടായി മടങ്ങി. പിന്നാലെയിറങ്ങിയ നിക്കോളാസ് പുരാനുമായി ചേർന്ന് ചാൾസ് ആറോവറിൽ ടീം സ്‌കോർ 50-കടത്തി.പുരാനും വെടിക്കെട്ട് ബാറ്റിങ് തുടർന്നതോടെ 12-ഓവറിൽ ടീം നൂറുകടന്നു.അതിനിടെ ചാൾസിനെ വിൻഡീസിന് നഷ്ടമായി. 34-പന്തിൽ നിന്ന് 38-റൺസെടുത്ത ചാൾസിനെ മോയിന് അലി മടക്കി.

നായകൻ റൊവ്മാൻ പവലിന്റെ ഊഴമായിരുന്നു അടുത്തത്. 17-പന്തിൽ നിന്ന് അഞ്ച് സിക്‌സറുകളുടെ അകമ്പടിയോടെ താരം 36 റൺസെടുത്തതോടെ വിൻഡീസ് സ്‌കോർ കുതിച്ചു.പവലിന് പിന്നാലെ പുരാനും പുറത്തായത് സ്‌കോറിങ് വേഗവും കുറച്ചു.32 പന്തിൽ നിന്ന് 36 റൺസെടുത്താണ് പുരാൻ മടങ്ങിയത്. റസലും(1) നിരാശപ്പെടുത്തിയതോടെ ടീം 143-4 എന്ന നിലയിലേക്ക് വീണു. അവസാന ഓവറുകളിൽ തകർത്തടിച്ച ഷെർഫാനെ റൂഥർഫോർഡ് സ്‌കോർ 180-ലെത്തിച്ചു. 15-പന്തിൽ നിന്ന് 28-റൺസെടുത്ത റൂഥർഫോർഡും റൊമാരിയോ ഷെഫേർഡും(5) പുറത്താവാതെ നിന്നു.ഇംഗ്ലണ്ടിനായി ജൊഫ്രെ ആർച്ചർ, ആദിൽ റാഷിദ്, മോയിൻ അലി, ലിവിങ്‌സ്റ്റോൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.