- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്ഗാന്റെ തോൽവിക്ക് കാരണം ഇന്ത്യ; ഗുരുതര ആരോപണവുമായി മുൻ ഇംഗ്ലണ്ട് താരം
ട്രിനിഡാഡ്: ടി20 ലോകകപ്പ് ആദ്യ സെമിഫൈനലിൽ അഫ്ഗാനിസ്ഥാൻ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ.ലോകകപ്പിൽ ഇന്ത്യയുടെ സൗകര്യത്തിനാണ് ഷെഡ്യൂൾ ഉണ്ടാക്കുന്നുവെന്നാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോണിന്റെ ആരോപണം.എക്‌സ് പോസ്റ്റിലാണ് മുൻ ഇംഗ്ലണ്ട് നായകന്റെ പ്രതികരണം.
ലോകകപ്പിൽ ഇന്ത്യയുടെ സെമിഫൈനൽ മത്സരക്രമം നിശ്ചയിച്ച രീതി ചൂണ്ടിക്കാട്ടിയാണ് വോൺ രംഗത്തുവന്നത്. മത്സരക്രമം മൂലം അഫ്ഗാന് സെമിക്കായി തയ്യാറെടുക്കാൻ വേണ്ടത്ര സമയം ലഭിച്ചില്ലെന്നാണ് മുൻ ഇംഗ്ലണ്ട് താരം ചൂണ്ടിക്കാട്ടുന്നത്.തിങ്കളാഴ്ച രാത്രിയാണ് സെന്റ് ലൂസിയയിൽ നിന്ന് അഫ്ഗാൻ ലോകകപ്പ് സെമിയിലേക്ക് പ്രവേശിക്കുന്നത്. ട്രിനിഡാഡിലേക്കുള്ള വിമാനം ചൊവ്വാഴ്ച 4 മണിക്കൂർ വൈകി. അതിനാൽ ട്രിനിഡാഡിൽ പരിശീലനത്തിനുള്ള സമയം ലഭിച്ചില്ലെന്നുമാണ് വോൺ പറയുന്നത്.
'അഫ്ഗാന്റെ സെമി പോരാട്ടം ഗയാനയിൽ നടത്തണമായിരുന്നു. എന്നാൽ എല്ലാം ഇന്ത്യയെ ലക്ഷ്യമാക്കിയുള്ളതിനാൽ മറ്റുള്ളവരോട് അനീതി കാണിക്കുകയാണ്. സെന്റ് വിൻസെന്റിലെ വേദി വ്യത്യസ്തമാണ്. കുറഞ്ഞത് ഒരു ദിവസത്തെ തയ്യാറെടുപ്പെങ്കിലും വേണം. എന്നാൽ ട്രിനിഡാഡിലേക്ക് വരുന്നതിനിടെ അഫ്ഗാൻ ടീമിന്റെ വിമാനം നാല് മണിക്കൂറോളമാണ് വൈകിയത്. പരിശീലനത്തിനോ, പുതിയ വേദി പരിചയപ്പെടാനോ അവർക്കു സമയം ലഭിച്ചില്ല. താരങ്ങളോട് ഇത്രയും ബഹുമാനക്കുറവ് കാണിക്കുന്നത് അങ്ങേയറ്റം ഖേദകരമാണ്'- വോൺ കുറിച്ചു.
സാഹചര്യവുമായി പൊരുത്തപ്പെടാൻ അഫ്ഗാൻ ടീമിനു സാധിച്ചില്ലെന്നും ഇത് അവരുടെ ബാറ്റിങിനെ ബാധിച്ചെന്നുമാണ് വോൺ വ്യക്തമാക്കുന്നത്.താരത്തിന്റെ പോസ്റ്റിന് താഴെ ട്രിനിഡാഡിൽ ഇതിന് മുമ്പും അഫ്ഗാൻ കളിച്ചിട്ടുണ്ടല്ലോയെന്ന് ഒരു ആരാധകൻ ചൂണ്ടിക്കാട്ടി.അദ്ദേഹത്തിനും വോൺ മറുപടി നൽകി.സെമി ഫൈനലിനായി കുറഞ്ഞത് ഒരു ദിവസത്തെ തയ്യാറെടുപ്പെങ്കിലും വേണമെന്ന് അദ്ദേഹം കുറിച്ചു. എന്നാൽ ടൂർണമെന്റ് മുഴുവനായി ഇന്ത്യയ്ക്കനുകൂലമായാണ് നീക്കുന്നത്. ഇത് മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അനീതിയാണെന്നും വോൺ മറുപടിയായി പറഞ്ഞു.
സെമിയിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടാണ് അഫ്ഗാൻ ടി20 ലോകകപ്പിൽ നിന്ന് പുറത്തായത്. ഒമ്പത് വിക്കറ്റിന്റെ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ലോകകപ്പിൽ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത്. പ്രോട്ടീസ് ബൗളർമാർക്ക് മുന്നിൽ അഫ്ഗാൻ നിരയിലാർക്കും അധികനേരം പിടിച്ച് നിൽക്കാനായില്ല. ടീം 56 റൺസിനാണ് പുറത്തായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കത്തിൽ ഞെട്ടിച്ചെങ്കിലും പിന്നീട് മാർക്രവും റീസ ഹെൻഡ്രിക്‌സും കളി ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കി. ലോകകപ്പിലെ അഫ്ഗാന്റെ ആദ്യ സെമിപ്രവേശമായിരുന്നു. വ്യാഴാഴ്ച ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം സെമി.