- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അന്ന് ലോർഡ്‌സിൽ ഇംഗ്ലണ്ടിന് ഏകദിന കിരീടം സമ്മാനിച്ച് ദേശീയ ഹീറോയായി; ഇന്ന് മെൽബണിൽ ഇംഗ്ലണ്ട് ട്വന്റി 20 കിരീടം ചൂടുമ്പോഴും പടനയിച്ചത് ബെൻ സ്റ്റോക്സ്; തോൽവിയിൽ നിന്നും ജയത്തിലേക്ക് നയിച്ച രണ്ട് അർദ്ധ സെഞ്ചുറികൾ; ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച 'വിജയനായകനായി' സ്റ്റോക്സ്

മെൽബൺ: അവിശ്വസനീയം... രണ്ട് ഐസിസി ലോകകപ്പ് കിരീട നേട്ടങ്ങൾ.... രണ്ടിലും ഒരേ വിജയ നായകൻ...ബെൻ സ്റ്റോക്‌സ്. 2019 ഏകദിന ലോകകപ്പിൽ ലോർഡ്‌സിൽ ഇംഗ്ലണ്ടിനെ കിരീട നേട്ടത്തിലെത്തിച്ച് ദേശീയ ഹീറോ ആയി മാറിയ ബെൻ സ്റ്റോക്‌സ് ഒരിക്കൽ കൂടി രാജ്യത്തിന്റെ അഭിമാന താരമായി, ലോകകപ്പ് ജേതാവായി മാറിയിരിക്കുന്നു. അതും തോൽവിയുടെ വക്കിൽ നിന്നും വീരോചിത പോരാട്ടത്തിലൂടെ, പുറത്താകാതെ അവസാനം വരെ പൊരുതി നേടിയ അർദ്ധ സെഞ്ചുറികളിലൂടെ.
2019 ഏകദിന ലോകകപ്പിൽ പുറത്താകാതെ 98 പന്തിൽ നിന്നും 84 റൺസെടുത്താണ് ഇംഗ്ലണ്ടിനെ കിരീട നേട്ടത്തിൽ എത്തിച്ചതെങ്കിൽ 2022 ട്വന്റി 20 ലോകകപ്പ് ഫൈനലിൽ 49 പന്തിൽ പുറത്താകാതെ 52 റൺസ് നേടിയാണ് ബെൻ സ്റ്റോക്‌സ് ഇംഗ്ലണ്ടിന് കിരീടം സമ്മാനിച്ചത്.

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ട്വന്റി 20 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയം ഇംഗ്ലണ്ട് സ്വന്തമാക്കുമ്പോൾ 49 പന്തിൽ 52 റൺസുമായി പുറത്താവാതെ നിന്ന ബെൻ സ്റ്റോക്സാണ് ടീമിന്റെ ജയം ഉറപ്പിച്ചത്. മികച്ച ഫോമിലുള്ള ഇഫ്തിഖർ അഹമ്മദിനെ പൂജ്യത്തിന് പുറത്താക്കാനും സ്റ്റോക്‌സിനു സാധിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ ബൗളിംഗിന് തുടക്കമിട്ട സ്‌റ്റോക്‌സ് നാല് ഓവറിൽ 32 റൺസ് വഴങ്ങിയാണ് നിർണാക വിക്കറ്റ് നേടുകയും ചെയ്തത്.

ഇംഗ്ലണ്ടിന്റെ രണ്ടാം ടി20 ലോകകപ്പ് കിരീടമാണിത്. 2010ൽ വെസ്റ്റ് ഇൻഡീസ് ആതിഥേയരായ ലോകകപ്പിലും ഇംഗ്ലണ്ടിനായിരുന്നു കിരീടം. ജയത്തോടെ ഏകദിന, ട്വന്റി20 കിരീടങ്ങൾ കൈവശം വയ്ക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് മാറി. 2019ൽ നാട്ടിൽ നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ന്യൂസീലൻഡിനെ തോൽപിച്ചാണ് അവർ കിരീടം സ്വന്തമാക്കിയത്.
ഫൈനലിൽ തുടർച്ചയായി വിക്കറ്റുകൾ വീഴ്‌ത്തി പ്രതിരോധത്തിലാക്കിയ പാക്ക് ബോളർക്ക് എതിരെ ബെൻ സ്റ്റോക്‌സിന്റെ തകർപ്പൻ ബാറ്റിങ് കൊണ്ടാണ് ഇംഗ്ലണ്ട് മറുപടിയൊരുക്കിയത്. 49 പന്തുകൾ നേരിട്ട സ്റ്റോക്‌സ് 52 റൺസെടുത്തു പുറത്താകാതെ നിന്നു. പവർപ്ലേയിൽ 45 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടമായി പ്രതിരോധത്തിലായ ഇംഗ്ലണ്ടിനെ ഇത്തവണയും സ്‌റ്റോക്‌സ് ചുമലിലേറ്റുകയായിരുന്നു. ഹാരി ബ്രൂക്‌സും മൊയിൻ അലിയും സ്‌റ്റോക്‌സിന് മികച്ച പിന്തുണ നൽകി.

അഞ്ച് ബൗണ്ടറികളും ഒരു സിക്‌സും സ്റ്റോക്‌സിന്റെ ബാറ്റിൽ നിന്നും പറന്നു. ട്വന്റി 20 ലോകകപ്പിലെ തന്റെ ആദ്യ അർദ്ധ സെഞ്ചുറിയാണ് സ്റ്റോക്‌സ് മെൽബണിൽ കുറിച്ചത്. തുടക്കത്തിൽ പാക് ബൗളർമാർക്ക് മുന്നിൽ പതറിയ സ്റ്റോക്‌സ് താളം കണ്ടെത്തിയതോടെ തകർത്ത് അടിക്കുകയായിരുന്നു.
ജോസ് ബട്ലർ (17 പന്തിൽ 26), ഹാരി ബ്രൂക്ക് (23 പന്തിൽ 20), മൊയീൻ അലി (12 പന്തിൽ 19) എന്നിവരും ഇംഗ്ലണ്ടിനായി ഫൈനലിൽ തിളങ്ങി. അലക്‌സ് ഹെയ്ൽസ് (രണ്ട് പന്തിൽ ഒന്ന്), ഫിലിപ് സാൾട്ട് (ഒൻപതു പന്തിൽ പത്ത്) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ഇംഗ്ലിഷ് ബാറ്റർമാരുടെ പ്രകടനങ്ങൾ. രണ്ടു പന്തിൽ ഒരു റണ്ണെടുത്ത ലിയാം ലിവിങ്സ്റ്റൻ പുറത്താകാതെ നിന്നു.
ലോഡ്‌സിൽ അന്ന് ലോകരാജാക്കന്മാരാകാൻ രണ്ടു കരുത്തന്മാർ ഏറ്റുമുട്ടിയപ്പോൾ ക്രിക്കറ്റ് നിയമത്തിലെ 50 ഓവറുകളും 600 പന്തുകളും തികയാതെ വന്നിരുന്നു നിശ്ചിത സമയത്തിൽ അവസാന മത്സരത്തിൽ ഇംഗ്ലണ്ടും ന്യൂസിലാൻഡും നേടിയത് 241 റൺസ്. ഒരൊറ്റ റൺസ് കൂടുതലോ കുറവോ നേടിയാൽ രണ്ടു പേരിൽ ഒരാൾക്ക് ശിരസു കുനിച്ചു ഡ്രസിങ് റൂമിലേക്ക് മടങ്ങാൻ ഉള്ള അവസരം ലോർഡ്‌സ് സ്റ്റേഡിയം നൽകിയില്ല.
നിശ്ചിത സമയത്തെ അവസാന ഓവറിൽ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ചാണ് കൈവിട്ട മത്സരത്തെ ഇംഗ്ലണ്ട് ബെൻ സ്റ്റോക്സ് എന്ന മാന്ത്രിക കളിക്കാരനിലൂടെ കൈപിടിച്ചെടുത്തത്. ബൗളിങ്ങിലും ഫീൽഡിങ്ങിലും സമർത്ഥമായ കളിനിമിഷങ്ങൾ സമ്മാനിച്ച കിവികൾ നാൽപതു ഓവറുകൾക്കു ശേഷം കളി പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കി മാന്യമായ വിജയം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നീങ്ങിയത്. ഇതിനു കൂടുതൽ വിശ്വസനീയത നൽകി അവസാന ഓവറുകളിൽ കൃത്യമായി വിക്കറ്റുകൾ വീണു കൊണ്ടിരുന്നു. തനിക്കു പൂർണ പിന്തുണ നൽകി ക്രീസിൽ നിന്ന ജോസ് ബട്ലറെ നഷ്ടമായിട്ടും കാറും കോളും നിറഞ്ഞ കടലിൽ സുരക്ഷിതമായി കപ്പലോട്ടം നടത്തുന്ന നാവികനെ അനുസ്മരിപ്പിച്ചാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങ് സ്വന്തം തോളിലേറ്റി അവസാന ഓവറിൽ ബെൻ സ്റ്റോക്സ് സമനില ഓടിയെടുത്തത്.

നിശ്ചിത സമയത്തെ അവസാന ഓവറും ഇംഗ്ലണ്ടിനെ സംബന്ധിച്ച് സൂപ്പർ ഓവറിന്റെ തനിയാവർത്തനം ആയി ഇനി പറഞ്ഞു രസിക്കാം. അവസാന ഓവർ എറിയാൻ എത്തുന്നത് ട്രെന്റ് ബോൾട്ട്. ക്രീസിൽ ഇംഗ്ലണ്ടിന് വേണ്ടി നിൽക്കുന്നത് ബെൻ സ്റ്റോക്‌സും ആദിൽ റഷീദും. ഇംഗ്ലണ്ടിന് ആവശ്യം ഉള്ളത് 15 റൺസ്. ലോകകപ്പ് ചരിത്രത്തിൽ ഇത്തരം നിമിഷങ്ങൾ അപൂർവമാണ്. സാധാരണ ഗതിയിൽ ഏതു ടീമും തോൽവി ഏറ്റുവാങ്ങാൻ സാധ്യതയുള്ള ഓവർ. കാരണം ആ നിമിഷങ്ങളിൽ ഉണ്ടാകുന്ന സമ്മർദം അത്ര വലുതാണ്. ബോൾട്ട് കൃത്യമായി അളന്നു കുറിച്ചെറിഞ്ഞ ആദ്യ രണ്ടു പന്തിലും റൺ കിട്ടാതായതോടെ ഇംഗ്ലണ്ടിന് മേൽ സമ്മർദ്ദം ഇരട്ടിച്ചു. നാട്ടുകാർ നോക്കി നിൽക്കെ പരാജയപെട്ടു മടങ്ങേണ്ട നിസ്സഹായത.
പക്ഷെ ബെൻ സ്റ്റോക്സ് എന്ന പോരാളി തോൽക്കാൻ തയ്യാറല്ലായിരുന്നു. മൂന്നാം ബോളിൽ പിറന്നത് കൂറ്റൻ സിക്സർ. വീരന്മാരായവർക്കു മാത്രം സാധിക്കുന്ന കാര്യം. നാലാം ബോളാണ് ഇംഗ്ലണ്ടിന്റെ വിധി നിർണ്ണയിച്ചത്. നീട്ടിയടിച്ച ബെൻ സ്റ്റോക്സ് രണ്ടാം റണ്ണിന് ഓടുന്നത് കണ്ട ഗുപ്റ്റിൽ സർവശക്തിയും എടുത്തു എറിഞ്ഞ ത്രോ വിക്കറ്റിൽ പിടികൊടുക്കാതെ പാഞ്ഞത് ബൗണ്ടറിയിലേക്ക്. ഇംഗ്ലണ്ടിന് അങ്ങനെ ആ ബോളിൽ കിട്ടിയതും ആറു റൺ. ഇതെങ്ങനെ വിശ്വസിക്കും, വിശ്വസിക്കാതിരിക്കും. ഗാലറിയും ലോകവും ശ്വാസം നിലച്ചു നിന്ന നിമിഷങ്ങൾ. ഇതോടെ രണ്ടു ബോളും രണ്ടു റൺസും എന്ന ആശ്വാസതീരത്തായി ഇംഗ്ലണ്ടിന്റെ നില. എന്നാൽ അഞ്ചാം പന്തിൽ റൺ എടുക്കാനുള്ള ശ്രമത്തിൽ ആദിൽ റഷീദ് റൺ ഔട്ട്. ഇതോടെ അവസാന ബാറ്റ്സ്മാൻ കൂടി എത്താൻ ഇരിക്കെ ഒരുബോളും രണ്ടു റൺസും എന്ന ജീവന്മരണ പോരാട്ടത്തിന്റെ വഴിയിലായി ഇംഗ്ലണ്ട് ടീം.

മാർക്ക് വുഡ് ക്രീസിൽ എത്തി. അവസാന ബോളിൽ രണ്ടു റൺ എടുക്കാൻ ഉള്ള ശ്രമത്തിലാണ് അദ്ദേഹം റൺ ഔട്ട് ആകുന്നതും മത്സരം സമനിലയിൽ എത്തുന്നതും. ഒരർത്ഥത്തിൽ സൂപ്പർ ഓവർ നൽകിയ അതേ ആവേശമാണ് ഇംഗ്ലണ്ടിന്റെ നിശ്ചിത സമയത്തെ അവസാന ഓവർ കണ്ട ലോകത്തിനു ലഭിച്ചത്. അതെ, ഇത് ലോകകപ്പാണ്, ഇതിൽ ഇങ്ങനെയൊക്കെ അവിശ്വസനീയത സംഭവിക്കും എന്ന് ലോകത്തിനു പറയാൻ ഉള്ള അവസരമാണ് ലോർഡ്‌സ് സമ്മാനിച്ചത്, ഇതേ അവിശ്വസനീയതകൾ തന്നെയാണ് പുതിയ രാജാക്കന്മാരെ സമ്മാനിക്കുന്നതിലും കൂടെ നിന്നത്.
ഇതോടെ ലോകകപ്പിൽ ആദ്യമായി പരീക്ഷിക്കുന്ന സൂപ്പർ ഓവറിന്റെ ഊഴമായി. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിന് ഒരോവറിൽ 15 റൺസ്. മൂന്ന് ബോൾ നേരിട്ട ബെൻ സ്റ്റോക്സ് എട്ടു റൺസും മൂന്നു ബോളിൽ നിന്ന് ജോസ് ബട്ലർ ഏഴു റൺസും അടിച്ചിട്ടു. ബൗളിങ്ങിന് എത്തിയ ട്രെന്റ് ബോൾട്ടിന് കാര്യമായി ഒന്നും ചെയ്യാനുണ്ടയിരുന്നില്ല. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാൻഡിനു ആവശ്യത്തിലേറെ സമ്മർദം ഉണ്ടായിട്ടും കരുത്തും നിശ്ചയദാർഢ്യവും ചോരാതെ നോക്കാൻ ജെയിംസ് നിഷാമിനും മാർട്ടിൻ ഗുപ്ടിലിനും കഴിഞ്ഞു. അഞ്ചു ബോളുകൾ നേരിട്ട് കൂറ്റൻ സിക്സർ അടക്കം പറത്തി നിഷാം 13 റൺസ് നേടിയപ്പോൾ ഒരു റൺസ് മാത്രമാണ് ഗുപ്റ്റലിനു കിട്ടിയത്. എന്നാൽ ആദ്യ ബോൾ വൈഡ് ആക്കിയ ആർച്ചറിന്റെ വകയായി ഒരു എക്സ്ട്രാ റൺ കൂടി കിട്ടിയപ്പോൾ വീണ്ടും സമനില.
ഒടുവിൽ കളിയിൽ കൂടുതൽ ഫോറുകൾ അടിച്ച ടീം എന്ന നിലയിലാണ് കപ്പു ഇംഗ്ലണ്ടിന്റെ കയ്യിൽ എത്തിയത്. കപ്പു കിട്ടിയില്ലെങ്കിലും ന്യൂസിലൻഡിനെ തോൽവിക്കാർ എന്ന് വിളിക്കാൻ പറ്റാത്ത സാഹചര്യം. ഇത്രയും അവിസ്മരണീയമായ നിമിഷങ്ങൾ മറ്റൊരു ലോകകപ്പിലും പിറന്നിട്ടില്ല. ചരിത്രത്തിനു ഓർത്തിരിക്കാൻ ഉള്ള മനോഹര നിമിഷങ്ങളാണ് ലോർഡ്‌സിൽ പിറന്നു വീണത്. ക്രിക്കറ്റിനെ മനം നിറഞ്ഞു സ്നേഹിക്കാൻ ഇതിൽ കൂടുതൽ വേറെന്തു വേണം എന്നാണ് കളി തീർന്നപ്പോൾ ഓരോ കായികപ്രേമിയും സ്വയം ചോദിച്ചിട്ടുണ്ടാവുക.
ലോർഡ്‌സിൽ ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്‌സ് ദേശീയ ഹീറോ ആയി മാറുന്നതാണ് അന്ന് കണ്ടത്. ഇന്ത്യയ്‌ക്കെതിരെയുള്ള മത്സരത്തിൽ ഡയറക്റ്റ് ത്രോയിലൂടെ ധോണിയെ എറിഞ്ഞിട്ട ഗുപ്ടിലിന്റെ ഓവർ ത്രോയാണ് ഇംഗ്ലണ്ടിന് ആറു റൺസും സമനിലയും നിശ്ചിത സമയത്തു സമ്മാനിച്ചത്.
ബൗളിങ് കയ്യടക്കത്തിലും ഫീൽഡിങ്ങിലും അസാധാരണ മികവ് കാട്ടിയ ടീമിന്റെ കയ്യിൽ നിന്നും കപ്പു തട്ടിത്തെറിപ്പിച്ച നിമിഷം കൂടിയായിരുന്നു ആ ഓവർ ത്രോ സമ്മാനിച്ചത്. ഒടുവിൽ പറഞ്ഞാൽ, നന്നായി കളിച്ചതും ആസ്വദിച്ചതും ന്യൂസിലാൻഡ് ടീം. പക്ഷെ വിധിയും ഭാഗ്യവും ഇന്നലെ അവരോടൊപ്പം നിന്നില്ല, അത് ഇംഗ്ലണ്ടിന് ഒപ്പമായിരുന്നു.
മുമ്പ് ഫുട്ബോൾ ലോകകപ്പിലെ മറഡോണയുടെ ദൈവത്തിന്റെ കൈ വലിയ ചർച്ചയായിരുന്നു. ഇതിന് സമാനമായ ദൈവത്തിന്റെ ഇടപെടലായിരുന്നു ഗുപ്ടിലിന്റെ ഓവർ ത്രോ. അത് ആരുടേയും പിഴവായിരുന്നില്ല. കൃത്യതയോടെ ഗുട്പിൽ എറിഞ്ഞ ത്രോ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി. ഇത്തരം അവസരങ്ങളിൽ റൺസിനായി ബാറ്റ്സാമാൻ ഓടാറില്ല. ഇത് സ്റ്റോക്സും ചെയ്തു. എന്നാൽ സ്റ്റോക്സിന്റെ ബാറ്റിൽ കൊണ്ട പന്ത് ബൗണ്ടറിയും കടന്നു പോയി.

ഈ അവസരത്തിൽ കളി നിയമം അനുസരിച്ച് അമ്പയർക്ക് നാല് റൺസ് അധികമായി നൽകിയേ മതിയാകൂ. അത് ഇംഗ്ലണ്ടിന് വിജയത്തിലേക്കുള്ള വഴിയായി. ഇല്ലാത്ത പക്ഷം നിശ്ചിത ഓവറുകൾ പൂർത്തിയാകുമ്പോൾ ഇംഗ്ലണ്ട് 4 റൺസിന് തോൽക്കുമായിരുന്നു. ഈ റൺസാണ് കളിയെ സൂപ്പർ ഓവറിൽ എത്തിച്ചതും. വിജയം ആതിഥേയരുടേതാക്കിയതും.
1986 ഫുട്ബോൾ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ അർജന്റീനക്കായി ഇതിഹാസ താരം ഡിയഗോ മറഡോണ നേടിയ ദൈവത്തിന്റെ കൈ ഗോൾ കാണാതെ പോയ ലൈൻ റഫറിയുടെ പിഴവ് ഇഗ്ലീഷ് ആരാധകരുടെ മനസ്സിലെ നൊമ്പരമായിരുന്നു. ലോകകപ്പിലെ ക്വാർട്ടർ മത്സരത്തിൽ അർജന്റീന 2-1ന് ഇംഗ്ലണ്ടിനെ കീഴടക്കിയപ്പോഴായിരുന്നു ബൾഗേറിയൻ റഫറി കബളിപ്പിക്കപ്പെട്ടത്. ലോകഫുട്‌ബോളിൽ നൂറ്റാണ്ടിന്റെ ഗോൾ എന്ന വിശേഷണം ലഭിച്ച മറഡോണയുടെ മാന്ത്രിക ഗോൾ പിറന്നതും ഈ മത്സരത്തിലായിരുന്നു.
മറഡോണ കൈകൊണ്ട് പന്ത് തട്ടി വലയിലാക്കിയത് ഇംഗ്ലണ്ട് ഗോളി ചോദ്യം ചെയ്‌തെങ്കിലും ടുണീഷ്യൻ റഫറി അലി ബിൻ നാസർ ഇത് കാര്യമാക്കിയില്ല. ലൈൻ റഫറി ഡോചെവ് ഇത് ഹാൻഡ് ബോൾ വിധിക്കാഞ്ഞതാണ് കാരണം. ഈ ലോകകപ്പ് നേടിയതും അർജന്റീനയായിരുന്നു. ദൈവം കൈവിട്ട ഇംഗ്ലണ്ടിനെ ദൈവത്തിന്റെ ബാറ്റ് രക്ഷിച്ചു.


