- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുൻനിരയെ കറക്കിവീഴ്ത്തി ആദിൽ റഷീദ്; മൂന്ന് വിക്കറ്റ് എറിഞ്ഞിട്ട് സാം കറനും; മെൽബണിൽ ഇംഗ്ലീഷ് ബൗളർമാർക്ക് മുന്നിൽ കളിമറന്ന് പാക് ബാറ്റിങ് നിര; പിടിച്ചുനിന്നത് ഷാൻ മസൂദ് മാത്രം; ട്വന്റി 20 ലോകകപ്പ് കിരീടത്തിലേക്ക് ഇംഗ്ലണ്ടിന് 138 റൺസ് വിജയദൂരം

മെൽബൺ: ട്വന്റി 20 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെതിരേ ഇംഗ്ലണ്ടിന് 138 റൺസ് വിജയലക്ഷ്യം. മെൽബണിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ സാധിച്ചുള്ളൂ. 28 പന്തിൽ നിന്ന് ഒരു സിക്സും രണ്ട് ഫോറുമടക്കം 38 റൺസെടുത്ത ഷാൻ മസൂദാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ ബാബർ അസം 28ഉം മുഹമ്മദ് റിസ്വാൻ 15ഉം റൺസെടുത്തു.
കണിശതയോടെ പന്തെറിഞ്ഞ ഇംഗ്ലീഷ് ബൗളർമാർക്ക് മുന്നിൽ പാക്കിസ്ഥാൻ ബാറ്റിങ് നിര തകർന്നടിഞ്ഞു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ പാക് സ്‌കോർ 137-ൽ ഒതുങ്ങി. നാല് ഓവറിൽ വെറും 10 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ സാം കറനാണ് ഇംഗ്ലീഷ് ബൗളർമാരിൽ തിളങ്ങിയത്. ആദിൽ റഷീദും ക്രിസ് ജോർദനും രണ്ടു വിക്കറ്റ് വീഴ്‌ത്തി.
ഇംഗ്ലണ്ടിനായി പവർ പ്ലേയിലെ ആദ്യ ഓവർ എറിയാനെത്തിയത് ബെൻ സ്റ്റോക്‌സായിരുന്നു. സ്റ്റോക്‌സിന്റെ ആദ്യ പന്ത് തന്നെ ഫ്രണ്ട് ഫൂട്ട് നോ ബോളായി. ഫ്രീ ഹിറ്റ് ലഭിച്ചെങ്കിലും പാക്കിസ്ഥാന് മുതലാക്കാനായില്ല. ഫ്രീ ഹിറ്റ് കിടിയിട്ടും ആദ്യ ഓവറിൽ എട്ട് റൺസ് മാത്രമാണ് പാക്കിസ്ഥാന് നേടാനായത്. കരുതലോടെ തുടങ്ങിയ റിസ്വാനും ബാബറും വോക്‌സിന്റെ നാലാം ഓവറിലാണ് കെട്ടുപൊട്ടിച്ചത്.
വോക്‌സ് എറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്ത് തന്നെ സ്‌ക്വയർ ലെഗ്ഗിന് മുകളിലൂടെ സിക്‌സ് പറത്തി റിസ്വാൻ ആ ഓവറിൽ 12 റൺസടിച്ച് പാക്കിസ്ഥാൻ ഇന്നിങ്‌സിന് ഗതിവേഗം നൽകി. എന്നാൽ അഞ്ചാം ഓവറിലെ രണ്ടാം പന്തിൽ മുഹമ്മദ് റിസ്വാനെ(14 പന്തിൽ 15) ബൗൾഡാക്കി സാം കറൻ ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രൂ നൽകി.
വൺഡൗണായി എത്തിയ മുഹമ്മദ് ഹാരിസ് ആദ്യ പന്ത് മുതൽ അടിച്ചു കളിക്കാൻ ശ്രമിച്ചെങ്കിലും ഏഴാം പന്തിലാണ് ആദ്യ റണ്ണെടുത്തത്. പവർ പ്ലേയിലെ അവസാന പന്ത് ബൗണ്ടറി കടത്തി ഹാരിസ് അക്കൗണ്ട് തുറന്നു. പവർ പ്ലേയിൽ പാക്കിസ്ഥാൻ ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസെടുത്തു. അടിച്ചുതകർക്കാനുള്ള ലൈസൻസുമായി ഇറങ്ങിയ മുഹമ്മദ് ഹാരിസിന് ഇംഗ്ലീഷ് ബൗളർമാർ കടിഞ്ഞാണിട്ടപ്പോൾ പാക് ടീമിന്റെ റൺറേറ്റ് താഴ്ന്നു. 12 പന്തിൽ നിന്ന് വെറും എട്ട് റൺസ് മാത്രമെടുത്ത ഹാരിസിനെ എട്ടാം ഓവറിൽ ആദിൽ റഷീദ് മടക്കുമ്പോൾ സ്‌കോർബോർഡിൽ 45 റൺസ് മാത്രം.
പത്തോവർ പിന്നിടുമ്പോൾ 68 റൺസ് മാത്രമുണ്ടായിരുന്ന പാക്കിസ്ഥാൻ ലിയാം ലിവിങ്സ്റ്റൺ എറിഞ്ഞ പതിനൊന്നാം ഓവറിൽ 16 റൺസടിച്ച് ഗിയർ മാറ്റിയെങ്കിലും പന്ത്രണ്ടാം ഓവറിലെ ആദ്യ പന്തിൽ ആദിൽ റഷീദ് ബാബറിനെ(28 പന്തിൽ 32)ഉജ്ജ്വലമായൊരു ക്യാച്ചിലൂടെ പുറത്താക്കിയതോടെ പാക് കുതിപ്പിന് കടിഞ്ഞാൺ വീണു. പിന്നാലെ ബെൻ സ്റ്റോക്‌സ് ഇഫ്തീഖർ അഹമ്മദിനെ(0) ജോസ് ബട്ലറുടെ കൈകളിലെത്തിച്ചതോടെ പാക്കിസ്ഥാൻ 84-4ലേക്ക് വീണു.
പിന്നാലെ ഷാൻ മസൂദിനെ 17-ാം ഓവറിൽ സാം കറൻ മടക്കിയതോടെ പാക്കിസ്ഥാൻ പ്രതിരോധത്തിലായി. 14 പന്തിൽ നിന്ന് 20 റൺസെടുത്ത ഷദാബ് ഖാൻ സ്‌കോർബോർഡിലേക്ക് ഭേദപ്പെട്ട സംഭാവന നൽകി പുറത്തായി. അവസാന പ്രതീക്ഷയായ മുഹമ്മദ് നവാസിനെ(5) പത്തൊമ്പതാം ഓവറിൽ സാം കറൻ മടക്കിയതോടെ പാക് പോരാട്ടം അവസാനിച്ചു. അവസാന അഞ്ചോവറിൽ ഒരേയൊരു ബൗണ്ടറി മാത്രം നേടിയ പാക്കിസ്ഥാന് ആകെ നേടാനായത് 31 റൺസ് മാത്രം. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്ലർ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
പാക്കിസ്ഥാൻ: മുഹമ്മദ് റിസ്വാൻ, ബാബർ അസം, മുഹമ്മദ് ഹാരിസ്, ഷാൻ മസൂദ്, ഇഫ്തിഖർ അഹമ്മദ്, മുഹമ്മദ് നവാസ്, ശദബ് ഖാൻ, മുഹമ്മദ് വസീം, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീൻ ഷാ അഫ്രീദി.
ഇംഗ്ലണ്ട്: ജോസ് ബട്ട്ലർ, അലക്‌സ് ഹെയ്ൽസ്, ഫിൽ സാൾട്ട്, ബെൻ സ്റ്റോക്‌സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റൺ, മോയിൻ അലി, സാം കറൻ, ക്രിസ് വോക്‌സ്, ക്രിസ് ജോർദാൻ, ആദിൽ റഷീദ്.


