അഡ്‌ലെയ്ഡ്: ഇന്ത്യയെ പത്ത് വിക്കറ്റിന് തകർത്ത് ടി 20 ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ച് ഇംഗ്ലണ്ട്.ഒപ്പണർമാരായ അലക്‌സ് ഹെയിൽസ് 86 റൺസുമായും ക്യാപറ്റൻ ജോസ് ബട്‌ലർ 80 റൺസുമായും പുറത്തകാതെ നിന്നു.ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയ ലക്ഷ്യം ഇംഗ്ലണ്ട് 16 ഓവറിൽ മറികടന്നു.ഇതോടെ ഇന്ത്യ പാക്കിസ്ഥാൻ സ്വപ്‌നഫൈനൽ കാത്തിരുന്നവർ നിരാശയിലായി.1992 ലെ ഏകദിന ലോകകപ്പിന് സമാനമായ ഫൈനലിനാണ് സിഡ്‌നിയിൽ വേദിയൊരുങ്ങുക.ഞായറാഴ്‌ച്ചയാണ് പാക്കിസ്ഥാൻ- ഇംഗ്ലണ്ട് ഫൈനൽ

സ്‌കോർ: ഇന്ത്യ 20 ഓവറിൽ ആറിന് 168, ഇംഗ്ലണ്ട് 16 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ 170.ഓപ്പണർമാരായ ജോസ് ബട്ലറും അലക്സ് ഹെയ്ൽസുമാണ് ഇംഗ്ലണ്ടിന് കൂറ്റൻ വിജയം സമ്മാനിച്ചത്. ആദ്യ വിക്കറ്റിൽ ഇരുവരും 170 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

169 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ അലക്സ് ഹെയ്ൽസും ജോസ് ബട്ലറും ചേർന്ന് നൽകിയത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഇരുവരും ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ടു. ആദ്യ അഞ്ചോവറിൽ തന്നെ 52 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. പവർപ്ലേ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 63 റൺസെടുത്തു. ഇന്ത്യയാകട്ടെ പവർപ്ലേയിൽ വെറും 38 റൺസ് മാത്രമായിരുന്നു നേടിയത്.

അലക്സ് ഹെയ്ൽസായിരുന്നു കൂടുതൽ അപകടകാരി. വെറും 28 പന്തുകളിൽ നിന്ന് താരം അർധസെഞ്ചുറി നേടി. 10.2 ഓവറിൽ ഹെയ്ൽസും ബട്ലറും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. ഇന്ത്യൻ ബൗളർമാരെയെല്ലാം ഇരുവരും ചേർന്ന് അടിച്ചൊതുക്കി. പിന്നാലെ ബട്ലറും അർധസെഞ്ചുറി നേടി. 36 പന്തുകളിൽ നിന്നാണ് ഇംഗ്ലീഷ് നായകൻ അർധശതകം കുറിച്ചത്. പിന്നാലെ ഇംഗ്ലണ്ട് സ്‌കോർ 150 കടക്കുകയും ചെയ്തു.

13-ാം ഓവറിലെ അവസാന പന്തിൽ ബട്ലറെ ക്യാച്ചെടുത്ത് പുറത്താക്കാനുള്ള അവസരം സൂര്യകുമാർ യാദവ് പാഴാക്കി. പിന്നാലെ ഇംഗ്ലണ്ട് അനായാസ വിജയം സ്വന്തമാക്കി ഫൈനലിലേക്ക് ടിക്കറ്റെടുത്തു. ഹെയ്ൽസ് 47 പന്തുകളിൽ നിന്ന് നാല് ഫോറിന്റെയും ഏഴ് സിക്സിന്റെയും സഹായത്തോടെ 86 റൺസെടുത്തപ്പോൾ ബട്ലർ 49 പന്തുകളിൽ നിന്ന് ഒൻപത് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 80 റൺസ് നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു.അർധ സെഞ്ചുറി നേടിയ വിരാട് കോലി, ഹാർദിക് പാണ്ഡ്യ എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് തുണയായത്. 33 പന്തിൽ അഞ്ച് സിക്സും നാല് ബൗണ്ടറിയുമടക്കം 63 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.

40 പന്തുകൾ നേടിയ കോലി ഒരു സിക്സും നാല് ഫോറുമടക്കം 50 റൺസടുത്തു. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ കെ.എൽ രാഹുലിനെ (5) നഷ്ടമായി. ക്രിസ് വോക്സിനായിരുന്നു വിക്കറ്റ്. പിന്നാലെ രോഹിത്തും കോലിയും ചേർന്ന് സ്‌കോർ 56 വരെയെത്തിച്ചെങ്കിലും സ്‌കോറിങ് വേഗം കുറവായിരുന്നു. പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 38 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്.

28 പന്തിൽ നിന്ന് 27 റൺസെടുത്ത രോഹിത്തിനെ ഒമ്പതാം ഓവറിൽ ക്രിസ് ജോർദാൻ പുറത്താക്കി. പിന്നീടെത്തിയ ഇന്ത്യയുടെ വിശ്വസ്തനായ താരം സൂര്യകുമാർ യാദവ് 14 റൺസ് മാത്രമെടുത്ത് പുറത്തായതോടെ ഇന്ത്യ പതറി.പിന്നാലെ നാലാം വിക്കറ്റിൽ കോലിക്കൊപ്പം ഹാർദിക് പാണ്ഡ്യയെത്തിയതോടെയാണ് ഇന്ത്യൻ സ്‌കോർ അൽപം വേഗത്തിലായത്. ഇരുവരും കൂട്ടിച്ചേർത്ത 61 റൺസാണ് ഇന്ത്യൻ ഇന്നിങ്സ് ട്രാക്കിലാക്കിയത്. 18-ാം ഓവറിൽ കോലി മടങ്ങിയതിനു പിന്നാലെ തകർത്തടിച്ച പാണ്ഡ്യയാണ് സ്‌കോർ 111-ൽ എത്തിച്ചത്. ഋഷഭ് പന്ത് ആറ് റൺസെടുത്ത് പുറത്തായി.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് ടീമിൽ മാർക്ക് വുഡ്, ഡേവിഡ് മലാൻ എന്നിവർ പരിക്ക് കാരണം കളിക്കുന്നില്ല. പകരം ഫിലിപ്പ് സാൾട്ടും ക്രിസ് ജോർദാനും ടീമിലെത്തി.കഴിഞ്ഞ മത്സരത്തിൽ നിന്നും മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. ഋഷഭ് പന്ത് സ്ഥാനം നിലനിർത്തി.