- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'രോഹിതിന്റെയും ബട്ലറുടെയും ഗ്രഹം ശുക്രൻ; മത്സരം കടുക്കും; മൂന്ന് താരങ്ങളുടെ ജാതകം വ്യാഴമായതിനാൽ അന്തിമ ജയം ഇന്ത്യക്ക്; കപ്പടിക്കും'; പിന്നാലെ സെമിയിൽ ഇംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റ് തോൽവി; എ.പി.ബി ന്യൂസ് സ്റ്റുഡിയോയിലെ ജ്യോതിഷ ചർച്ച വൈറലാകുന്നു

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പ് സെമി പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിനെതിരെ ഇന്ത്യ ദയനീയ തോൽവി വഴങ്ങിയതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി ദേശീയ മാധ്യമമായ 'എ.ബി.പി ന്യൂസി'ലെ ജ്യോതിഷ ചർച്ച. ഇന്ത്യയുടെ ലോകകപ്പ് കിരീടസാധ്യതകൾ വിലയിരുത്തിയാണ് പതിനൊന്ന് ജ്യോത്സ്യന്മാരെ ചാനൽ സ്റ്റുഡിയോയിലിരുത്തി മത്സരത്തലേന്ന് ചർച്ച നടന്നത്.
അഖിലേഷ് ആനന്ദ് ആണ് ഇന്ത്യയുടെ മത്സരത്തലേന്ന് നടന്ന ചർച്ച നയിച്ചത്. സെമി ഫൈനലിൽ എന്തൊക്കെ സംഭവിക്കും, ഇന്ത്യയുടെ കിരീട സാധ്യതകൾ, പ്രധാന താരങ്ങളുടെ ഗ്രഹനില തുടങ്ങിയവയെല്ലാം ഇഴകീറിയായിരുന്നു ചർച്ച. ശംഖുവിളികളോടെയായിരുന്നു പ്രവചനം തുടങ്ങിയത്.
മത്സരം കടുത്തതാകുമെന്ന നിലപാടിലായിരുന്നു മിക്കവരും. എന്നാൽ, ഒരു കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായിരുന്നു, ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിലെത്തുകയും കിരീടം സ്വന്തമാക്കുകയും ചെയ്യുമെന്നായിരുന്നു എല്ലാവരുടെയും പ്രവചനം. ഇരുടീമുകളിലെയും താരങ്ങളുടെ ഗ്രഹനിലകൾ പരിശോധിച്ച് ഇന്ത്യ ജയിക്കാൻ 60:40 സാധ്യതയാണുള്ളതെന്നാണ് കൂട്ടത്തിൽ ഒരാൾ പ്രവചിച്ചത്.
കടുത്ത മത്സരമായിരിക്കും നടക്കാൻ പോകുന്നതെങ്കിലും അന്തിമജയം ഇന്ത്യയ്ക്കൊപ്പമായിരിക്കുമെന്ന് മറ്റൊരാൾ ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് അനുകൂലമായ ഘടകങ്ങൾ ഓരോരുത്തരും എണ്ണിപ്പറയുകയും ചെയ്തു. ഇന്ത്യൻ ടീമിലെ മൂന്ന് താരങ്ങളുടെ ജാതകം വ്യാഴമാണ്. ഇതിനാൽ വിജയം ഇന്ത്യയ്ക്ക് അനുകൂലമാകുമെന്ന് പല സാധ്യതകൾ മുൻനിർത്തി മറ്റൊരാൾ പ്രവചിച്ചു.
ഇന്ത്യൻ നായകൻ രോഹിത് ശർമയുടെയും ഇംഗ്ലീഷ് നായകൻ ജോസ് ബട്ലറുടെയും ഗ്രഹം ശുക്രനാണെന്നും ഇതിനാൽ കാര്യങ്ങൾ കടുത്തതാകുമെന്നും ഒരാൾ ചൂണ്ടിക്കാട്ടി. മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് രോഹിത് ശർമയാകുമെന്നാണ് മറ്റൊരാൾ വാദിച്ചത്. ഇതിനായി രോഹിതിന്റെ ജന്മദിനമടക്കമുള്ള ഘടകങ്ങൾ നിരത്തുകയും ചെയ്തു.
എന്നാൽ, കോഹ്ലിയുടെ കാര്യം കുറച്ച് കഷ്ടമായിരിക്കുമെന്ന അഭിപ്രായക്കാരായിരുന്നു കൂടുതൽ പേരും. ഏറ്റവും നിരാശാജനകമായ പ്രകടനം കോഹ്ലിയുടേതാകുമെന്നാണു പലരും പറഞ്ഞത്. സൂര്യകുമാർ യാദവ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും താരത്തിന്റെ ടൂർണമെന്റിലെ ഏറ്റവും മോശം പ്രകടനമായിരിക്കുമെന്നും പറഞ്ഞവർ കൂട്ടത്തിലുണ്ട്. ഹർദിക് പാണ്ഡ്യ ഓൾറൗണ്ട് പ്രടനത്തിലൂടെ മാൻ ഓഫ് ദ മാച്ചാകുമെന്ന് ഒരാൾ പ്രവചിച്ചു. ഇന്ത്യയെ വിജയതീരത്തെത്തിക്കുക പാണ്ഡ്യയുടെ പ്രകടനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂരിഭാഗം പേരും കടുത്ത മത്സരമായിരിക്കുമെന്നാണ് പ്രവചിച്ചത്. എളുപ്പത്തിൽ ജയിക്കാൻ ഇന്ത്യയ്ക്കാകില്ല. അൽപം കഷ്ടപ്പെട്ടാണെങ്കിലും അന്തിമവിജയം രോഹിതിനും സംഘത്തിനുമാകുമെന്ന കാര്യത്തിൽ എല്ലാവരും ഏകാഭിപ്രായക്കാരായിരുന്നു. എന്നാൽ മത്സരത്തിൽ ഒരു ഘട്ടത്തിലും ഇംഗ്ലണ്ടിന് മേൽ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. ഇന്ത്യയെ 168 റൺസിൽ ഒതുക്കിയ ഇംഗ്ലീഷ് ബൗളർമാർ മത്സരം അനുകൂലമാക്കി.
ഇന്ത്യ മുന്നോട്ടുവച്ച 169 റൺസ് വിജയലക്ഷ്യം ഹെയ്ൽസ് (86) ബട്ലർ (80) സഖ്യത്തിലൂടെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. 16 ഓവറിൽ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നിരുന്നു. ഞായറാഴ്‌ച്ച നടക്കുന്ന ഫൈനലിൽ പാക്കിസ്ഥാനാണ് ഇംഗ്ലണ്ടിന്റെ എതിരാളി.
ടി20 ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് അഡ്ലെയ്ഡിൽ പിറന്നത്. 2019ൽ ന്യൂസിലൻഡിനെതിരെ നേപ്പിയറിൽ ഡേവിഡ് മലാൻ- ഓയിൻ മോർഗൻ നേടിയ 182 റൺസാണ് ഒന്നാം സ്ഥാനത്ത്. 2020ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബട്ലർ- ഡേവിഡ് മലാൻ സഖ്യം 167 റൺസ് നേടിയത് മൂന്നാമതായി.
ഇന്ത്യക്കെതിരെ ഒരു എതിർടീം നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ട് കൂടിയാണിത്. ഈ വർഷം ദക്ഷിണാഫ്രിക്കൻ താരങ്ങളായ ക്വിന്റൺ ഡി കോക്ക്- ഡേവിഡ് മില്ലർ നേടിയ 174 റൺസാണ് ഒന്നാമത്. കഴിഞ്ഞ ടി20 ലോകകപ്പിൽ ബാബർ അസം- മുഹമ്മദ് റിസ്വാൻ നേടിയ 152 റൺസ് മൂന്നാം സ്ഥാനത്തുണ്ട്.


