മുംബൈ: ബോർഡർ-ഗാവസ്‌കർ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകൾക്കും ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചു. ഫോമില്ലായ്മയുടെ പേരിൽ ഏറെ വിമർശനം നേരിടുന്ന കെ എൽ രാഹുൽ ടെസ്റ്റ് സ്‌ക്വാഡിൽ സ്ഥാനം നിലനിർത്തിയപ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച സർഫറാസ് ഖാന് ടീമിൽ ഇടം പിടിക്കാനായില്ല.

രഞ്ജി ട്രോഫി ഫൈനലിൽ സൗരാഷ്ട്രയെ കിരീടത്തിലെത്തിച്ച മികവോടെ പേസർ ജയ്ദേവ് ഉനദ്കട്ട് ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി. രഞ്ജി ഫൈനലിൽ ബംഗാളിനെതിരെ ഉനദ്കട്ട് രണ്ട് ഇന്നിങ്സുകളിലുമായി ഒൻപത് വിക്കറ്റ് വീഴ്‌ത്തിയിരുന്നു.

ഓസീസിനെതിരായ ആദ്യ ഏകദിനത്തിൽ നായകൻ രോഹിത് ശർമ്മ കുടുംബപരമായ കാരണങ്ങളാൽ കളിക്കില്ല, പകരം ഹാർദിക് പാണ്ഡ്യയാവും ടീമിനെ നയിക്കുക എന്നും ബിസിസിഐ അറിയിച്ചു. അതേസമയം മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഫോമിലല്ലാത്ത കെ എൽ രാഹുൽ ഏകദിന സ്‌ക്വാഡിലുമുണ്ട്. തിരിച്ചുവരവിൽ ജയ്ദേവ് ഉനദ്കട്ടിനും ഏകദിന സ്‌ക്വാഡിൽ സ്ഥാനമുണ്ട്. ഇഷാൻ കിഷനാണ് ഏകദിനത്തിലെ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർ. മുംബൈയിൽ മാർച്ച് 17നും വിശാഖപട്ടണത്ത് 19നും ചെന്നൈയിൽ 22നുമാണ് ഏകദിന മത്സരങ്ങൾ.

അവസാന രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ സ്‌ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റൻ), കെ എൽ രാഹുൽ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, കെ എസ് ഭരത്(വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്ട്.

ഓസീസിനെതിരായ ഏകദിന സ്‌ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ, ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉംറാൻ മാലിക്, ഷർദുൽ ഠാക്കൂർ, അക്സർ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്.