- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ സർപ്രൈസായി രഹാനെയുടെ തിരിച്ചുവരവ്; സ്ഥാനം നിലനിർത്തി കെ എസ് ഭരത്; പുറത്തായത് സൂര്യകുമാർ; ഇന്ത്യൻ സ്‌ക്വാഡിനൊപ്പം നാല് നെറ്റ് ബൗളർമാർ ഇംഗ്ലണ്ടിലേക്ക്; രണ്ട് പേർ റോയൽസ് താരങ്ങൾ
മുംബൈ: ഓസ്‌ട്രേലിയയ്ക്ക് എതിരെ ജൂൺ ഏഴിന് ഇംഗ്ലണ്ടിലെ ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പോരാട്ടത്തിന് ഇറങ്ങുന്ന 15 അംഗ ഇന്ത്യൻ സ്‌ക്വാഡിനെ ഇന്ന് ബിസിസിഐയുടെ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ നീണ്ട ഇടവേളയ്ക്ക് ശേഷം അജിങ്ക്യ രഹാനെ തിരിച്ചെത്തിയതാണ് ശ്രദ്ധേയം. 2021-22 ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം രഹാനെയെ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു.
കഴിഞ്ഞ രഞ്ജി ട്രോഫി സീസണിലെ മികച്ച പ്രകടനമാണ് അജിങ്ക്യ രഹാനെയ്ക്ക് ടെസ്റ്റ് ടീമിലേക്ക് മടങ്ങിവരവിന് വഴിയൊരുക്കിയത്. ശ്രേയസ് അയ്യർ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാൽ മധ്യനിരയിൽ വിശ്വസ്തനായൊരു ബാറ്ററെ ടീം ഇന്ത്യക്ക് ആവശ്യമായിരുന്നു. രഞ്ജിയിൽ മുംബൈക്കായി രണ്ട് സെഞ്ചുറികളോടെ 57.63 ശരാശരിയിൽ 634 റൺസ് രഹാനെ നേടിയിരുന്നു. ഇതിന് ശേഷം ഐപിഎല്ലിൽ ഇതുവരെ കളിച്ച അഞ്ച് ഇന്നിങ്സുകളിൽ 199.04 സ്‌ട്രൈക്ക് റേറ്റിൽ 209 റൺസ് അജിങ്ക്യ രഹാനെ നേടിക്കഴിഞ്ഞു. വിദേശത്ത് രഹാനെക്കുള്ള മികച്ച റെക്കോർഡും ഗുണകരമായി.
രോഹിത് ശർമ നായകനാകുന്ന ടീമിൽ ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, അജിങ്ക്യാ രഹാനെ, കെ എൽ രാഹുൽ എന്നിവരാണ് ബാറ്റർമാരായി ടീമിലുള്ളത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ച സൂര്യകുമാർ യാദവ് ടെസ്റ്റ് ടീമിൽ നിന്ന് പുറത്തായതാണ് മറ്റൊരു പ്രധാന മാറ്റം. ഓസ്‌ട്രേലിയക്കെതിരെ ആദ്യ രണ്ട് ടെസ്റ്റിൽ കളിച്ച സൂര്യകുമാറിന് തിളങ്ങാനായിരുന്നില്ല. പിന്നീട് ശ്രേയസ് അയ്യർ തിരിച്ചെത്തിയതോടെ സൂര്യക്ക് പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടമായിരുന്നു.
പരിക്കേറ്റ ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര എന്നിവരില്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചത്. കെ എസ് ഭരതിനെ വിക്കറ്റ് കീപ്പറായി നിലനിർത്തിയപ്പോൾ ഷർദ്ദുൽ ഠാക്കൂർ പേസ് ഓൾ റൗണ്ടറായി ടീമിലെത്തി. അശ്വിനും ജഡേജയും അക്‌സറുമാണ് ടീമിലെ സ്പിന്നർമാർ. പേസർമാരായി മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജയേദേവ് ഉനദ്ഘട്ട് എന്നിവർ ടീമിലെത്തി.
പതിനഞ്ച് അംഗ സ്‌ക്വാഡിനൊപ്പം നാല് നെറ്റ് ബൗളർമാർ ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യും എന്നാണ് വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട്. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്ന അതിവേഗ പേസർ ഉംറാൻ മാലിക്, ഡൽഹി ക്യാപിറ്റൽസ് താരം മുകേഷ് കുമാർ, രാജസ്ഥാൻ റോയൽസ് പേസർ കുൽദീപ് സെൻ, റോയൽസിന്റെ തന്നെ നവ്ദീപ് സെയ്നി എന്നിവരായിരിക്കും നെറ്റ് ബൗളർമാർ. ഇവരിൽ സെയ്നി പരിക്ക് കഴിഞ്ഞാണ് മടങ്ങിവരുന്നത്. സെയ്നി ഇത്തവണ ഐപിഎല്ലിൽ കളിച്ചിരുന്നില്ല.
ഇന്ത്യൻ സ്‌ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എൽ രാഹുൽ, കെ എസ് ഭരത്(വിക്കറ്റ് കീപ്പർ), രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷർദ്ദുൽ ഠാക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്കട്ട്.
സ്പോർട്സ് ഡെസ്ക്