ഓവൽ: ഓവലിൽ ഇന്ത്യയെ കീഴടക്കി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയ ഓസ്‌ട്രേലിയ ഐസിസിയുടെ എല്ലാ കിരീടവും നേടുന്ന ആദ്യ ടീം എന്ന ചരിത്ര നേട്ടവും കരസ്ഥമാക്കി. ഐസിസി ടൂർണമെന്റുകളിൽ ഓസ്ട്രേലിയയുടെ പ്രകടനം ക്രിക്കറ്റ് ചരിത്രത്തിൽ എക്കാലവും അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളവയാണ്. ആ ചരിത്രത്തിലേക്കാണ് ഓവലിലെ വിജയവും വന്നുചേരുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഓസീസിന്റെ ആദ്യ കിരീടം സ്വന്തമാക്കിയ ഓസ്ട്രേലിയ പുതുചരിത്രമെഴുതി. ഇതു വരെ മറ്റൊരു ടീമിനും സാധിക്കാത്ത അപൂർവ്വ റെക്കോഡാണ് ഓസീസ് സ്വന്തമാക്കിയത്. എല്ലാ ഐസിസി ടൂർണമെന്റുകളിലും കിരീടം നേടുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടമാണ് ഈ വിജയത്തോടെ ഓസ്ട്രേലിയ കരസ്ഥമാക്കിയത്.

1987ലും 1999ലും 2003ലും 2007ലും 2015ലും ഏകദിന ലോകകപ്പുകൾ നേടിയിരുന്നു ഓസീസ്. 2006, 2009 വർഷങ്ങളിൽ ചാമ്പ്യൻസ് ട്രോഫിയും ഷോക്കേസിൽ എത്തിച്ചു. 2021ൽ ട്വന്റി 20 ലോകകപ്പ് നേടിയ കങ്കാരുക്കൾ 2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടവും സ്വന്തമാക്കി ഐസിസിയുടെ എല്ലാ കപ്പുകളും നാട്ടിലെത്തിച്ചിരിക്കുകയാണ്.

അതേസമയം ടീം ഇന്ത്യക്ക് 2013ന് ശേഷം ഒരു ഐസിസി കിരീടം പോലുമില്ല. രണ്ട് ഫൈനൽ കളിച്ചിട്ടും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം എന്ന സുവർണ നേട്ടം ഇന്ത്യക്ക് കിട്ടാക്കനിയായി നിൽക്കുന്നു. ഏകദിന, ട്വന്റി 20 ലോകകപ്പുകളും ചാമ്പ്യൻസ് ട്രോഫിയും ഉൾപ്പെടുന്ന മറ്റെല്ലാ ഐസിസി കിരീടങ്ങളും ടീം ഇന്ത്യക്കുണ്ട്.

പത്ത് വർഷം നീണ്ട ഐസിസി ട്രോഫി വരൾച്ച അവസാനിപ്പിക്കാൻ ഓവലിൽ ടീം ഇന്ത്യക്കായില്ല. തുടർച്ചയായ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ടീം ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങി.

കഴിഞ്ഞ തവണ വിരാട് കോലിയുടെ ക്യാപ്റ്റൻസിയിൽ ന്യൂസിലൻഡിനോട് ആണെങ്കിൽ ഇത്തവണ രോഹിത് ശർമ്മയുടെ നായകത്വത്തിൽ പരാജയം ഓസ്ട്രേലിയയോട് എന്നൊരു വ്യത്യാസം മാത്രം. ക്യാപ്റ്റനായി കോലിക്ക് സാധിക്കാതെ പോയ ഐസിസി കിരീടം ഹിറ്റ്മാനും കിട്ടാക്കനിയായി തുടരുന്നു. എന്നാൽ ഇതേസമയം വമ്പൻ റെക്കോർഡാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം സ്വന്തമാക്കിയത്.

ഇക്കുറി ഓവലിലെ ഫൈനലിൽ ഓസ്‌ട്രേലിയയോട് 209 റൺസിന്റെ കനത്ത തോൽവി ഏറ്റുവാങ്ങുകയായിരുന്നു രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം. അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ് കൂടാരം കയറുകയായിരുന്നു ഇന്ത്യൻ ബാറ്റർമാർ.

രണ്ടാം ഇന്നിങ്സിൽ 444 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ രോഹിത് ശർമ്മയും സംഘവും അഞ്ചാം ദിനത്തിലെ ആദ്യ സെഷനിൽ തന്നെ 234 റൺസിൽ പുറത്തായി. അഞ്ചാം ദിനം 70 റൺസിനിടെയാണ് ഇന്ത്യ ഏഴ് വിക്കറ്റുകൾ വലിച്ചെറിഞ്ഞത്. ഇതോടെ ഐസിസിയുടെ എല്ലാ കിരീടവും നേടുന്ന ആദ്യ ടീം എന്ന നേട്ടം കങ്കാരുക്കൾ സ്വന്തമാക്കുകയായിരുന്നു.