പെർത്ത്: 2007ലെ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് പുറത്തേക്ക് വാതിൽ തുറന്നാണ് ബംഗ്ലാദേശ് ഞെട്ടിച്ചത്. വർഷങ്ങൾക്കിപ്പുറം ഒരിക്കൽ കൂടി ഇരുവരും മുഖാമുഖം വരുമ്പോൾ ഇന്ത്യയുടെ നെഞ്ചിടിപ്പ് ബംഗ്ലാദേശ് കൂട്ടുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ 5 വിക്കറ്റിന് തോറ്റതോടെയാണ് ഇന്ത്യ സമ്മർദത്തിലായത്.

നവംബർ രണ്ടിനാണ് ബംഗ്ലാദേശിന് എതിരെ ഇന്ത്യയുടെ മത്സരം. നിലവിൽ ഗ്രൂപ്പ് രണ്ടിൽ മൂന്ന് കളിയിൽ നിന്ന് രണ്ട് ജയവുമായി 5 പോയിന്റോടെ സൗത്ത് ആഫ്രിക്കയാണ് ഒന്നാമത്. മൂന്ന് കളിയിൽ നിന്ന് രണ്ട് ജയവും ഒരു തോൽവിയുമായി 4 പോയിന്റോടെയാണ് ഇന്ത്യ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. 4 പോയിന്റ് തന്നെയാണ് ബംഗ്ലാദേശിനും ഉള്ളത്. ഇവിടെ നെറ്റ് റൺറേറ്റിന്റെ ബലത്തിലാണ് ബംഗ്ലാദേശിന് മുകളിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.

ബംഗ്ലാദേശിന് എതിരെ അഡ്ലെയ്ഡിൽ ഇന്ത്യക്ക് കാലിടറിയാൽ അത് രോഹിത്തിനും കൂട്ടർക്കും വലിയ തിരിച്ചടിയാവും. സെമി ഉറപ്പിക്കാൻ ബംഗ്ലാദേശിനും സിംബാബ്വെക്കും എതിരായ ഇനിയുള്ള മത്സരങ്ങൾ ഇന്ത്യക്ക് ജയിക്കണം. ഇതോടെ ആറ് പോയിന്റിന് മുകളിൽ എത്തി ഇന്ത്യ സെമി ഉറപ്പിക്കും. ബംഗ്ലാദേശിനോട് ഇന്ത്യ തോറ്റാൽ 6 പോയിന്റ് വീതമാവും ഇന്ത്യക്കും ബംഗ്ലാദേശിനും. ഇതോടെ നെറ്റ്റൺറേറ്റാവും വിധി നിർണയിക്കുക.

ഇന്ത്യക്കെതിരെ സൗത്ത് ആഫ്രിക്ക ജയിച്ചതോടെ ഇനി വരുന്ന മത്സരത്തിൽ സൗത്ത് ആഫ്രിക്കയെ തോൽപ്പിച്ചാലും പാക്കിസ്ഥാന് സെമി പ്രതീക്ഷകൾ സജീവമാക്കാൻ സാധിക്കില്ല. സൗത്ത് ആഫ്രിക്കയേയും ബംഗ്ലാദേശിനേയും തോൽപ്പിച്ചാൽ 6 പോയിന്റിലേക്കാണ് പാക്കിസ്ഥാൻ എത്തുക. പാക്കിസ്ഥാനോട് സൗത്ത് ആഫ്രിക്ക തോറ്റാലും നെതർലൻഡ്സിനോട് സൗത്ത് ആഫ്രിക്ക തോൽക്കാനുള്ള സാധ്യത കുറവാണ്. നെതർലൻഡ്സിനോട് ജയിക്കുന്നതോടെ സൗത്ത് ആഫ്രിക്കയുടെ പോയിന്റ് 7ലേക്ക് എത്തും.

പാക്കിസ്ഥാനെ ഞെട്ടിച്ച് ജയത്തിലേക്ക് എത്തിയ സിംബാബ് വെക്ക് ബംഗ്ലാദേശിന് എതിരെ ജയം പിടിക്കാൻ അവസരം മുൻപിലെത്തിയിട്ടും മുതലെടുക്കാനായില്ല. നെതർലൻഡ്സിന് എതിരെയാണ് സിംബാബ് വെയുടെ അടുത്ത മത്സരം. ഇതിൽ ജയിച്ചാൽ സിംബാബ് വെയുടെ പോയിന്റ് 5ലേക്ക് എത്തും. സിംബാബ്വെയുടെ അവസാന മത്സരം ഇന്ത്യക്കെതിരേയും. നെതർലൻഡ്സ് ആവട്ടെ കളിച്ച മൂന്ന് മത്സരവും തോറ്റ് കഴിഞ്ഞു.