ഇൻഡോർ: ഇൻഡോർ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയയെ വീഴ്‌ത്താൻ ഒരുക്കിയ സ്പിൻ കെണിയിൽ കറങ്ങിവീണ് ഇന്ത്യ. മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 109 റൺസിന് പുറത്തായി. 52 പന്തിൽ 22 റൺസെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഓസീസിനായി സ്പിന്നർ മാത്യു കോനമൻ അഞ്ചു വിക്കറ്റുകൾ വീഴ്‌ത്തി. നേഥൻ ലയൺ മൂന്നും ടോഡ് മർഫി ഒരു വിക്കറ്റും നേടി.

ഇൻഡോറിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇറങ്ങിയത്. മോശം ഫോമിന്റെ പേരിൽ പഴി കേൾക്കുന്ന കെ എൽ രാഹുൽ ടീമിൽ നിന്ന് പുറത്തായി. ശുഭ്മാൻ ഗിൽ ടീമിലെത്തി. സീനിയർ പേസർ മുഹമ്മദ് ഷമിക്ക് വിശ്രമം നൽകി. ഉമേഷ് യാദവാണ് പകരക്കാരൻ. ഓസ്ട്രേലിയയും രണ്ട് മാറ്റം വരുത്തി. ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് പകരം മിച്ചൽ സ്റ്റാർക്ക് ടീമിലെത്തി. മാറ്റ് റെൻഷ്വെക്ക് പകരം കാമറൂൺ ഗ്രീനും ടീമിലിടം കണ്ടെത്തി. പരിക്ക് കാരണം സ്റ്റാർക്കിനും ഗ്രീനിനും ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായിരുന്നു.

മികച്ച തുടക്കം പ്രതീക്ഷിച്ച് ഇറങ്ങിയ ഇന്ത്യ തകർച്ചയോടെയാണു തുടങ്ങിയത്. സ്‌കോർ 27ൽ നിൽക്കെ ആദ്യം പുറത്തായത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. 23 പന്തിൽ 12 റൺസെടുത്ത രോഹിത് ശർമയെ കോനമന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്‌സ് കാരി സ്റ്റംപ് ചെയ്താണു പുറത്താക്കിയത്. കെ.എൽ. രാഹുലിനു പകരമെത്തിയ ശുഭ്മൻ ഗിൽ നിരാശപ്പെടുത്തി. 21 റൺസെടുത്ത ഗില്ലിനെ കോനമന്റെ പന്തിൽ ഓസ്‌ട്രേലിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ക്യാച്ചെടുത്താണു മടക്കിയത്. ചേതേശ്വർ പൂജാരയാവട്ടെ (1) ലിയോണിന്റെ പന്തിൽ ബൗൾഡായി.

അഞ്ചാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയ്ക്ക് (4) ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. ലിയോണിന്റെ പന്തിൽ ഷോർട്ട് കവറിൽ കുനെമാന് ക്യാച്ച്. അടുത്ത ഓവറിൽ പന്തെറിയാനെത്തിയ കുനെമാൻ ശ്രേയസ് അയ്യരെ (0) ബൗൾഡുമാക്കിയതോടെ ഇന്ത്യ തകർച്ചയിലേക്ക് വീണു.

വിരാട് കോലി പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും 52 പന്തിൽ 22 റൺസെടുത്തു പുറത്തായി. സ്പിന്നർ ടോഡ് മർഫിയുടെ പന്തിൽ കോലി വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. ശ്രീകർ ഭരതിനെ (30 പന്തിൽ 17) നേഥൻ ലയൺ ബോൾഡാക്കി.

പിന്നീട് അക്‌സർ പട്ടേൽ ആർ. അശ്വിൻ സഖ്യത്തിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാൽ 29ാം ഓവറിൽ കുനേമന്റെ പന്തിൽ അലക്‌സ് കാരിയുടെ ക്യാച്ചിൽ അശ്വിൻ പുറത്തായി. 12 പന്തിൽ മൂന്നു റൺസ് മാത്രമാണ് അശ്വിൻ നേടിയത്. രണ്ടു സിക്‌സും ഒരു ഫോറുമുൾപ്പെടെ വാലറ്റത്ത് 17 റൺസ് നേടിയ ഉമേഷ് യാദവാണ് ഇന്ത്യൻ സ്‌കോർ 100 കടത്തിയത്. 33 പന്തിൽ 12 റൺസുമായി അക്ഷർ പട്ടേൽ പുറത്താകാതെ നിന്നു.