- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വെടിക്കെട്ടിന് തിരികൊളുത്തി ഫിൻ അലൻ; ഏറ്റെടുത്ത് ഡെവോൺ കോൺവെ; ന്യൂസിലൻഡിന്റെ ബാറ്റിങ് വെടിക്കെട്ടോടെ സൂപ്പർ-12ന് ആവേശ തുടക്കം; ഓസ്ട്രേലിയയ്ക്ക് 201 റൺസ് വിജയലക്ഷ്യം

സിഡ്നി: ന്യൂസിലൻഡിന്റെ ബാറ്റിങ് വെടിക്കെട്ടോടെ ട്വന്റി 20 ലോകകപ്പിലെ സൂപ്പർ-12 പോരാട്ടങ്ങൾക്ക് ആവേശത്തുടക്കം. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസ് ബാറ്റിങ് നിര ഓസ്‌ട്രേലിയൻ ബൗളർമാരെ നിലംപരിശാക്കിയാണ് മുന്നേറിയത്. തകർപ്പൻ അർധ സെഞ്ചുറി നേടിയ ഡെവോൺ കോൺവേയുടെ ബാറ്റിങ് കരുത്തിൽ ന്യൂസിലൻഡ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തു. കോൺവേ 58 പന്തിൽ 92* റൺസ് നേടി. സഹ ഓപ്പണർ ഫിൻ അലൻ 16 പന്തിൽ 42 റൺസ് അടിച്ചുകൂട്ടി. അവസാന ഓവറുകളിൽ നീഷാം വെടിക്കെട്ടും(13 പന്തിൽ 26*) ശ്രദ്ധേയമായി.
ഓപ്പണർമാരായ ഡെവോൺ കോൺവെയും ഫിൻ അലനും ചേർന്ന് മികച്ച തുടക്കമാണ് ടീമിന് നൽകിയത്. അലനായിരുന്നു കൂടുതൽ അപകടകാരി. ആദ്യ വിക്കറ്റിൽ കോൺവെയ്ക്കൊപ്പം വെറും 4.1 ഓവറിൽ 56 റൺസാണ് അലൻ കൂട്ടിച്ചേർത്തത്. വെറും 16 പന്തുകളിൽ നിന്ന് അഞ്ച് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 42 റൺസാണ് താരം അടിച്ചെടുത്തത്. അഞ്ചാം ഓവറിലെ ആദ്യ പന്തിൽ അലനെ ജോഷ് ഹെയ്സൽവുഡ് ക്ലീൻ ബൗൾഡാക്കി. അലൻ മടങ്ങുമ്പോൾ ന്യൂസീലൻഡ് മികച്ച സ്‌കോറിലെത്തിയിരുന്നു.
അലന് പകരം കെയ്ൻ വില്യംസൺ ക്രീസിലെത്തി. വില്യംസൺ സൂക്ഷിച്ച് കളിച്ചപ്പോൾ കോൺവേ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു. റൺറേറ്റ് കുറയാതെ ഇരുവരും ടീം സ്‌കോർ ഉയർത്തി. 11-ാം ഓവറിൽ ന്യൂസീലൻഡ് 100 റൺസ് കടന്നു. വില്യംസണെ സാക്ഷിയാക്കി കോൺവെ അടിച്ചുതകർത്തു. പിന്നാലെ താരം അർധസെഞ്ചുറി നേടി. 36 പന്തുകളിൽ നിന്നാണ് ഈ ഇടംകൈയൻ ബാറ്റർ അർധസെഞ്ചുറി നേടിയത്.
കോൺവെയുടെ അർധസെഞ്ചുറിക്ക് പിന്നാലെ വില്യംസൺ പുറത്തായി. അനാവശ്യ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച വില്യംസണെ ആദം സാംപ വിക്കറ്റിന് മുന്നിൽ കുടുക്കി. 23 പന്തുകളിൽ നിന്ന് 23 റൺസെടുത്ത് കിവീസ് നായകൻ ക്രീസ് വിട്ടു. വില്യംസണ് പകരം ഗ്ലെൻ ഫിലിപ്സ് ക്രീസിലെത്തി. ഫിലിപ്സിനെ കൂട്ടുപിടിച്ച് കോൺവേ അനായാസം ബാറ്റിങ് തുടർന്നു. 16-ാം ഓവറിൽ ടീം സ്‌കോർ 150 കടന്നു. എന്നാൽ ഇതേ ഓവറിൽ ഫിലിപ്സിനെ പുറത്താക്കി ഹെയ്സൽവുഡ് കിവീസിന് മേൽ പ്രഹരമേൽപ്പിച്ചു. ഹെയ്സൽവുഡിന്റെ ഷോർട്ട്പിച്ച് പന്ത് കളിക്കുന്നതിൽ ഫിലിപ്സ് പരാജയപ്പെട്ടു. ബാറ്റിലുയർന്നുപൊന്തിയ പന്ത് ഹെയ്സൽവുഡ് തന്നെ കൈയിലൊതുക്കി. വെറും 12 റൺസാണ് ഫിലിപ്സിന്റെ സമ്പാദ്യം.
ഫിലിപ്സിന് പിന്നാലെ ഓൾറൗണ്ടർ ജിമ്മി നീഷാമാണ് ക്രീസിലെത്തിയത്. എന്നാൽ അവസാന ഓവറുകളിൽ ഇരുവർക്കും വേണ്ട വിധത്തിൽ സ്‌കോർ ഉയർത്താനായില്ല. ഇന്നിങ്സിലെ അവസാന പന്തിൽ സിക്സടിച്ച് നീഷാം ടീം സ്‌കോർ 200 കടത്തി. കോൺവെ 58 പന്തുകളിൽ നിന്ന് ഏഴ് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 92 റൺസെടുത്ത് അപരാജിതനായി നിന്നു. നീഷാം 13 പന്തുകളിൽ നിന്ന് 26 റൺസ് നേടി പുറത്താവാതെ പൊരുതി. ഓസീസ് ബൗളർമാരെല്ലാം നന്നായി റൺസ് വഴങ്ങി. 20 ഓവർ പൂർത്തിയാകുമ്പോൾ കോൺവേ 58 പന്തിൽ 92* ഉം, നീഷാം 13 പന്തിൽ 26* റൺസെടുത്തും പുറത്താകാതെ നിന്നു, ജോഷ് ഹെയ്സൽവുഡ് രണ്ട് വിക്കറ്റെടുത്തപ്പോൾ ആദം സാംപയും വിക്കറ്റെടുത്തു.


