- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിഡ്നിയെ ത്രസിപ്പിച്ച കോൺവെ - അലൻ ബാറ്റിങ് വെടിക്കെട്ട്; എറിഞ്ഞിട്ട് സാന്റ്നറും സൗത്തിയും ബോൾട്ടും; സ്വന്തം കാണികൾക്ക് മുന്നിൽ തകർന്നടിഞ്ഞ് ഓസ്ട്രേലിയ; സൂപ്പർ 12 ന് 89 റൺസ് ജയത്തോടെ തുടക്കമിട്ട് ന്യൂസീലൻഡ്

സിഡ്നി: ഐ.സി.സി ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഓസ്‌ട്രേലിയെ തകർത്തെറിഞ്ഞ് ന്യൂസീലൻഡിന് ഉജ്ജ്വലത്തുടക്കം. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 89 റൺസിന്റെ കൂറ്റൻ ജയമാണ് വില്യംസണും സംഘവും സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലൻഡ് നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് നേടി. പുറത്താവാതെ 92 റൺസെടുത്ത ഡെവോൺ കോൺവെയാണ് ന്യൂസിലൻഡിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിൽ ഓസീസ് 17.1 ഓവറിൽ 111ന് എല്ലാവരും പുറത്തായി. മിച്ചൽ സാന്റ്നർ, ടിം സൗത്തി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.
201 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് തുടക്കത്തിൽ തന്നെ തകർച്ച നേരിട്ടു. ടീം സ്‌കോർ വെറും അഞ്ചുറൺസിൽ നിൽക്കെ ഓപ്പണർ ഡേവിഡ് വാർണർ പുറത്തായി. ടിം സൗത്തിയാണ് വാർണറെ പുറത്താക്കിയത്. രണ്ടാം ഓവറിലെ ആദ്യ പന്തിലാണ് വിക്കറ്റ് വീണത്. സൗത്തിയുടെ പന്തിൽ ഷോട്ട് കളിക്കാൻ ശ്രമിച്ച വാർണർക്ക് പിഴച്ചു.
വാർണറുടെ ബാറ്റിലുരസിയ പന്ത് താരത്തിന്റെ തുടയിലിടിച്ച് ഉയർന്നുപൊങ്ങി. അത് വീണ്ടും ബാറ്റിൽ തട്ടി വിക്കറ്റിൽ പതിച്ചു. ഇതോടെ വാർണർ ബൗൾഡായി. ഇത് വിശ്വസിക്കാനാവാതെ വാർണർ ക്രീസിൽ മുട്ടുകുത്തി നിന്നു. അഞ്ച് റൺസാണ് താരത്തിന്റെ സമ്പാദ്യം.
പിന്നാലെ നാലാം ഓവറിലെ അവസാന പന്തിൽ ഓപ്പണറും നായകനുമായ ആരോൺ ഫിഞ്ചും പുറത്തായി. 11 പന്തിൽ നിന്ന് 13 റൺസെടുത്ത ഫിഞ്ചിനെ മിച്ചൽ സാന്റ്നർ പുറത്താക്കി. പിന്നലെ വന്ന മിച്ചൽ മാർഷ് അനാവശ്യമായി വിക്കറ്റ് കളഞ്ഞു. വെറും 16 റൺസാണ് ഓൾറൗണ്ടറുടെ സമ്പാദ്യം. പിന്നാലെ ക്രീസിലെത്തിയ ഗ്ലെൻ മാക്സ്വെൽ മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞതോടെ ഓസ്ട്രേലിയൻ ക്യാമ്പിൽ പ്രതീക്ഷ പരന്നു. എന്നാൽ താരത്തിന് പിന്തുണ നൽകാൻ മറുവശത്ത് ഒരു ബാറ്റർക്കും സാധിച്ചില്ല.
മാർക്കസ് സ്റ്റോയിനിസ് (14 പന്തിൽ ഏഴ് റൺസ്), ഡിം ഡേവിഡ് (എട്ട് പന്തിൽ 11 റൺസ്), മാത്യു വെയ്ഡ് (നാല് പന്തിൽ രണ്ട് റൺസ്) എന്നിവർ നിലയുറപ്പിക്കുമുൻപ് പുറത്തായി. മാക്സ്വെൽ 20 പന്തുകളിൽ നിന്ന് 28 റൺസെടുത്ത് പൊരുതിയെങ്കിലും ഫലവത്തായില്ല. ഒടുവിൽ മാക്സ്വെല്ലിന്റെ വിക്കറ്റും വീണു. താരത്തെ ക്ലീൻ ബൗൾഡാക്കി ഇഷ് സോധി ഓസ്ട്രേലിയയുടെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി.
വാലറ്റത്ത് പ്രതിരോധിച്ച പാറ്റ് കമ്മിൻസാണ് ഓസ്ട്രേലിയൻ സ്‌കോർ 100 കടത്തിയത്. എന്നാൽ കമ്മിൻസിന് കൂട്ടായി നിൽക്കാൻ വാലറ്റത്ത് ആർക്കും കഴിഞ്ഞില്ല. മിച്ചൽ സ്റ്റാർക്കിനെയും (4) ആദം സാംപയെയും (0) ക്ലീൻ ബൗൾഡാക്കി ട്രെന്റ് ബോൾട്ട് ഓസ്ട്രേലിയയുടെ നടുവൊടിച്ചു. 18-ാം ഓവറിൽ 21 റൺസെടുത്ത പാറ്റ് കമ്മിൻസിനെ മടക്കി ടിം സൗത്തി ഓസ്ട്രേലിയൻ ഇന്നിങ്സിന് തിരശ്ശീലയിട്ടു.
കിവീസിനായി മിച്ചൽ സാന്റ്നറും ടിം സൗത്തിയും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റെടുത്തു. ലോക്കി ഫെർഗൂസനും ഇഷ് സോധിയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
കോൺവെയുടെ 92 റൺസാണ് കിവീസിനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. 58 പന്തുകളിൽ രണ്ട് സിക്സും ഏഴ് ഫോറും ഉൾപ്പെടുന്നതായിരുന്നു കോൺവെയുടെ ഇന്നിങ്സ്. ഒന്നാം വിക്കറ്റിൽ ഫിൻ അലനൊപ്പം (16 പന്തിൽ 42) 56 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാനും അലന് സാധിച്ചു. അലനെ ജോഷ് ഹേസൽവുഡ് ബൗൾഡാക്കി. മൂന്നാമനായി ക്രീസിലെത്തിയ വില്യംസണും (23), ഗ്ലെൻ ഫിലിപ്പിനും (12) കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. എന്നാൽ ജയിംസ് നീഷാമിനെ (13 പന്തിൽ 26) കൂട്ടുപിടിച്ച് കോൺവെ കിവീസിനെ മികച്ച സ്‌കോറിലക്ക് നയിച്ചു. ഹേസൽവുഡ് ഓസീസിനായി രണ്ട് വിക്കറ്റ് വീഴ്‌ത്തി. സാംപയ്ക്ക് ഒരു വിക്കറ്റുണ്ട്.


