പെർത്ത്: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 12ലെ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് നിറം മങ്ങിയ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാനിസ്ഥാൻ 19.4 ഓവറിൽ 112 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ വിജയലക്ഷ്യം മറികടക്കാൻ ഇംഗ്ലണ്ട് 18.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തേണ്ടി വന്നു. അഫ്ഗാൻ സ്പിന്നർമാർ ആവോളം ശ്രമിച്ചെങ്കിലും ലിയാം ലിവിങ്സ്റ്റണിന്റെ (21 പന്തിൽ പുറത്താവാതെ 29) പ്രതിരോധമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്.

ജോസ് ബട്ലർ (18) അലക്സ് ഹെയ്ൽസ് (19) ഓപ്പണിങ്സ് സഖ്യം ഭേദപ്പെട്ട തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. 35 റൺസ് ചേർത്ത ശേഷമാണ് ഇരുവരും പിരിഞ്ഞത്. ബട്ലറെ ഫസലുള്ള ഫാറൂഖി പുറത്താക്കി. ഒമ്പതാം ഓവറിൽ ഹെയ്ൽസിനെ ഫരീദ് അഹമ്മദും മടക്കി. പിന്നീട് അഫ്ഗാൻ സ്പിന്നർ ഇംഗ്ലണ്ടിനെ വട്ടം കറക്കി.

ബെൻ സ്റ്റോക്സിനെ (2) മുഹമ്മദ് നബി ബൗൾഡാക്കിയതോടെ ഇംഗ്ലണ്ട് 11-ാം ഓവറിൽ മൂന്നിന് 65 എന്ന നിലയിലായി. ഡേവിഡ് മലാനും (18) തിളങ്ങാനായിരുന്നു മുജീബ് ഉർ റഹ്മാനായിരുന്നു വിക്കറ്റ്. ഹാരി ബ്രൂക്ക് (7) ആവട്ടെ റാഷിദ് ഖാന്റെ കെണിയിലും കുടുങ്ങി.

ബാറ്റിങ്ങിൽ പതറിയെങ്കിലും ബൗളിങ്ങിൽ ഉശിരുകാട്ടിയ അഫ്ഗാൻ സ്പിന്നർമാരാണ് ഇംഗ്ലണ്ടിന് വെല്ലുവിളി ഉയർത്തിയത്. ചെറിയ വിജയലക്ഷ്യം മറികടക്കാൻ ഇംഗ്ലണ്ടിന് 18.1 ഓവർ വരെ പൊരുതേണ്ടി വന്നു. ഒരു വശത്ത് വീഴാതെ പിടിച്ചുനിന്ന ലിയാം ലിവിങ്സ്റ്റണിലാണ് ഇംഗ്ലണ്ട് പ്രതീക്ഷയർപ്പിച്ചത്. ലിവിങ്സ്റ്റൺ അനായാസം റൺസ് കണ്ടെത്തിയപ്പോൾ മധ്യനിര പരാജയപ്പെട്ടു. ഇംഗ്ലണ്ട് 97 റൺസിന് അഞ്ചുവിക്കറ്റ് എന്ന നിലയിലേക്ക് വീണു.

മോയിൻ അലിയെ കൂട്ടുപിടിച്ച് ലിവിങ്സ്റ്റൺ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. ലിവിങ്സ്റ്റൺ 21 പന്തിൽ നിന്ന് 29 റൺസെടുത്ത് പുറത്താവാതെ നിന്ന് ടീമിന്റെ ടോപ് സ്‌കോററായി. മോയിൻ അലി എട്ടുറൺസുമായി അപരാജിതനായി നിന്നു.അഫ്ഗാനുവേണ്ടി ഫസൽഹഖ് ഫാറൂഖി, മുജീബുർ റഹ്മാൻ, റാഷിദ് ഖാൻ, മുഹമ്മദ് നബി, ഫരീദ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ബാറ്റർമാർ കളിമറന്ന മത്സരത്തിൽ അഫ്ഗാനിസ്താൻ 19.4 ഓവറിൽ 112 റൺസിന് ഓൾ ഔട്ടായി. അഞ്ചുവിക്കറ്റ് വീഴ്‌ത്തിയ ഇംഗ്ലണ്ടിന്റെ ഓൾറൗണ്ടർ സാം കറനാണ് അഫ്ഗാന്റെ നടുവൊടിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് ഒരു ഘട്ടത്തിൽപ്പോലും ആധിപത്യം പുലർത്താനായില്ല. 32 റൺസെടുത്ത ഇബ്രാഹിം സദ്രാനും 30 റൺസ് നേടിയ ഉസ്മാൻ ഘനിയും മാത്രമാണ് അഫ്ഗാന് വേണ്ടി തിളങ്ങിയത്. ആദ്യ ഓവറുകളിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും അവസാന ഓവറുകളിൽ അഫ്ഗാൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു.

82 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ നിന്ന് അഫ്ഗാൻ 112 ന് ഓൾ ഔട്ടായി. ടീമിലെ ഏഴ് ബാറ്റർമാർക്ക് രണ്ടക്കം പോലും കാണാനായില്ല. ഇംഗ്ലണ്ടിനായി ഓൾറൗണ്ടർ സാം കറൻ 3.4 ഓവറിൽ വെറും 10 റൺസ് മാത്രം വിട്ടുനൽകി അഞ്ചുവിക്കറ്റെടുത്തു. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ബെൻ സറ്റോക്സും മാർക്ക് വുഡും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ക്രിസ് വോക്സ് ഒരു വിക്കറ്റ് സ്വന്തമാക്കി.