മെൽബൺ: സിനിമയെ വെല്ലുന്ന അസാധാരണ ട്വിസ്റ്റുകൾ, അവസാന ഓവറിൽ നോബോളിന്റെ രൂപത്തിൽ ക്ലൈമാക്‌സും. വിരാട് കോലി വിശ്വരൂപം പൂണ്ട മത്സരത്തിൽ പാക്കിസ്ഥാനെ നാല് വിക്കറ്റിന് കീഴടക്കി ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ൽ ഇന്ത്യക്ക് വിജയത്തുടക്കം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ 160 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അവസാന പന്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 53 പന്തിൽ 82 റൺസുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ഹീറോ. അവസാന പന്തിൽ ആർ അശ്വിൻ നേടിയ ഫോർ നിർണായകമായി. ഹാർദിക് പാണ്ഡ്യ (40) മികച്ച പ്രകടനം പുറത്തെടുത്തു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാക്കിസ്ഥാനെ അർഷ്ദീപ് സിങ്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് നിയന്ത്രിച്ചു നിർത്തിയത്. ഇതിനിടയിലും ഇഫ്തിഖർ അഹമ്മദ് (34 പന്തിൽ 51), ഷാൻ മസൂദ് (42 പന്തിൽ 52) എന്നിവരുടെ പ്രകടനമാണ് പാക്കിസ്ഥാന് മികച്ച സ്‌കോർ സമ്മാനിച്ചത്.

സൂപ്പർ താരം ഷഹീൻ അഫ്രീദിയെറിഞ്ഞ പതിനെട്ടാം ഓവറിലാണ് മത്സരത്തിന്റെ ഗതി മാറിയത്. 17 റൺസാണ് ഇന്ത്യ ഈ ഓവറിൽ അടിച്ചെടുത്തത്. ഹാരിസ് റൗഫിന്റെ 19-ാം ഓവറിൽ 15 റൺസും പിറന്നു. അതുവരെ നന്നായി പന്തെറിഞ്ഞ റൗഫിന്റെ അവസാന രണ്ട് പന്തിൽ കോലി സിക്സ് നേടിയിരുന്നു. അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 16 റൺസ്. പന്തെറിയുന്നത് മുഹമ്മദ് നവാസ്.

ആദ്യ പന്തിൽ ഹാർദിക് ഔട്ട്. ദിനേശ് കാർത്തിക് ക്രീസിലേക്ക്. രണ്ടാം പന്തിൽ സിംഗിൾ. മൂന്നാം പന്തിൽ കോലി രണ്ട് റൺസ് നേടി. നാലാം പന്തിൽ സിക്സ്. കൂടെ നോബോളും. അവസാന മൂന്ന് പന്തിൽ വേണ്ടത് ആറ് റൺ. അടുത്ത പന്ത് വൈഡ്. ജയിക്കാൻ അഞ്ച് റൺ. അടുത്ത പന്ത് വീണ്ടും ഫ്രീഹിറ്റ്. എന്നാൽ കോലി ബൗൾഡായി. പന്ത് കീപ്പറെ മറികടന്ന് പിന്നിലേക്ക്. അതിൽ മൂന്ന് റൺസാണ് ഓടിയെടുത്തത്. അവസാന രണ്ട് പന്തിൽ വേണ്ടത് രണ്ട് റൺ. അഞ്ചാം പന്തിൽ കാർത്തിക് പുറത്ത്. ആർ അശ്വിൻ നേരിട്ട അവസാന പന്ത് വൈഡ്. സ്‌കോർ ഒപ്പത്തിനൊപ്പം. അവസാന പന്തിൽ ബൗണ്ടറി നേടി അശ്വിൻ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. 53 പന്തിൽ നാല് സിക്സും ആറ് ഫോറും ഉൾപ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്.

160 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങൾ. ഓപ്പണർമാരായ രോഹിത് ശർമയും കെ.എൽ.രാഹുലും അതിവേഗത്തിൽ പുറത്തായതോടെ ഇന്ത്യ തുടക്കത്തിൽ തന്നെ തകർച്ച നേരിട്ടു. രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ രാഹുൽ പുറത്തായി. നസീം ഷാ താരത്തിന്റെ വിക്കറ്റ് പിഴുതു. നാല് റൺസെടുത്ത രാഹുലിന്റെ ബാറ്റിൽ തട്ടിയ പന്ത് വിക്കറ്റിലിടിക്കുകയായിരുന്നു. ഈ സമയം ഇന്ത്യയുടെ സ്‌കോർ വെറും ഏഴ് റൺസ് മാത്രമായിരുന്നു.

രാഹുലിന് പകരം സൂപ്പർതാരം വിരാട് കോലി ക്രീസിലെത്തി. പിന്നാലെ ഇന്ത്യയ്ക്ക് രോഹിത് ശർമയുടെ വിക്കറ്റും നഷ്ടപ്പെട്ടു. നാലാം ഓവറിലെ രണ്ടാം പന്തിൽ രോഹിതിനെ ഹാരിസ് റൗഫ് സ്ലിപ്പിൽ നിന്ന ഇഫ്തിഖറിന്റെ കൈയിലെത്തിച്ചു. രോഹിത്തിനും നാല് റൺസ് മാത്രമാണ് നേടാനായത്. രോഹിത്തിന് പകരം സൂര്യകുമാർ യാദവ് ക്രീസിലെത്തി.

കോലിയും സൂര്യകുമാറും ചേർന്ന് ഇന്ത്യയ്ക്ക് വേണ്ടി രക്ഷാപ്രവർത്തനം ആരംഭിച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറിയടിച്ച് സൂര്യകുമാർ വരവറിയിച്ചു. പക്ഷേ അനാവശ്യ ഷോട്ടിന് കളിച്ച് സൂര്യകുമാർ വിക്കറ്റ് കളഞ്ഞു. 10 പന്തിൽ നിന്ന് 15 റൺസാണ് സൂര്യകുമാറിന്റെ സംഭാവന. ഇതോടെ 26 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിലപ്പെട്ട വിക്കറ്റുകൾ നഷ്ടപ്പെട്ടു.

അഞ്ചാമനായി അക്ഷർ പട്ടേലിനെയാണ് രോഹിത് ശർമ അയച്ചത്. എന്നാൽ അനാവശ്യ റണ്ണിന് ശ്രമിച്ച അക്ഷർ പട്ടേൽ റൺ ഔട്ടായി. ഇതോടെ ഇന്ത്യ 31 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി. അക്ഷറിന് പട്ടേലിന് പകരം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ക്രീസിലെത്തി. ഹാർദിക്കിനെ കൂട്ടുപിടിച്ച് കോലി ശ്രദ്ധാപൂർവം ബാറ്റുവീശി. 11-ാം ഓവറിലാണ് ഇന്ത്യ 50 കടന്നത്. ഹാർദിക്കും കോലിയും വിക്കറ്റ് കളയാതെ ഇന്ത്യയെ മുന്നോട്ട് നയിച്ചു. 113 റൺസാണ് ഇരുവരും കൂട്ടിചേർത്തത്.

മെൽബണിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഭുവനേശ്വർ കുമാർ, അർഷ്ദീപ് എന്നിവരുടെ സ്വിങ്ങിന് മുന്നിൽ ഓപ്പണർമാർക്ക് പിടിച്ചുനിൽക്കായില്ല. ഭുവിയുടെ ആദ്യ ഓവറിൽ ഒരു റൺ മാത്രമാണ് പിറന്നത്. അതും വൈഡിൽ ലഭിച്ച റൺ. രണ്ടാം ഓവർ എറിയാനെത്തിയത് അർഷ്ദീപ്. ആദ്യ പന്തിൽ ബാബറിനെ മടക്കി താരം ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി. വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു ബാബർ. തുടർന്ന് മസൂദ് ക്രീസിലേക്ക്. എന്നാൽ നാലാം ഓവറിൽ പാക്കിസ്ഥാന് അടുത്ത പ്രഹരമേറ്റു. ഇത്തവണയയും അർഷ്ദീപ് വിക്കറ്റെടുത്തത്. അർഷ്ദീപിന്റെ ബൗൺസ് ഹുക്ക് ചെയ്യാനുള്ള ശ്രമത്തിൽ ഭുവനേശ്വറിന് ക്യാച്ച്. ഇതോടെ പാക്കിസ്ഥാന് രണ്ടിന് 15 എന്ന നിലയിലായി പാക്കിസ്ഥാൻ.

തുടർന്ന് ഇഫ്തിഖർ- മസൂദ് സഖ്യം കൂട്ടിചേർത്ത 76 റൺസാണ് പാക്കിസ്ഥാനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. എന്നാൽ ഇഫ്തിഖറിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഷമി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. നാല് സിക്സും രണ്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. തുടർന്നെത്തിയവരിൽ ആർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല. ഷദാബ് ഖാൻ (5), ഹൈദർ അലി (2), മുഹമ്മദ് നവാസ് (9), ആസിഫ് അലി (2) എന്നിവർ പാടെ നിരാശപ്പെടുത്തി. ഷഹീൻ അഫ്രീദി (8 പന്തിൽ 16) നിർണായക പ്രകടനം പുറത്തെടുത്തു. ഹാരിസ് റൗഫ് (6) മസൂദിനൊപ്പം പുറത്താവാതെ നിന്നു.

ഇതിനിടെ മസൂദ് അർധ സെഞ്ചുറി പൂർത്തിയാക്കി. അഞ്ച് ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്. അർഷ്ദീപ് നാല് ഓവറിൽ 32 റൺസാണ് വിട്ടുകൊടുത്തത്. ഹാർദിദ് നാല് ഓവറിൽ 30 റൺസും ഷമി നാല് ഓവറിൽ 25 റൺസും മാത്രമാണ് നൽകിയത്. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ഭുവനേശ്വർ കുമാർ നാല് ഓവറിൽ 22 റൺസ് മാത്രമാണ് നൽകിയത്. എന്നാൽ ഒരോവർ മാത്രമെറിഞ്ഞ അക്സർ പട്ടേൽ 21 റൺസ് നൽകി. അശ്വിനാവട്ടെ മൂന്ന് ഓവറിൽ 23 റൺസ് നൽകി.