ഹൊബാർട്ട്: ട്വന്റി 20 ലോകകപ്പിൽ സിംബാബ്വെയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 80 റൺസ് വിജയലക്ഷ്യം. മഴയെ തുടർന്ന് ഒമ്പത് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് സിംബാബ്വെ 79 റൺസെടുത്തത്. മുൻനിര വീണിട്ടും തിരിച്ചടിച്ച വെസ്ലി മധെവേരെയാണ് സിംബാബ്വെയ്ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.

രണ്ട് വിക്കറ്റ് നേടിയ ലുംഗി എൻഗിഡി സിംബാബ്വെയുടെ മുൻനിര തകർക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. വെസ്ലി മധെവേരെ 18 പന്തിൽ 35 റൺസ് എടുത്ത് സിംബാബ്വെയുടെ ടോപ് സ്‌കോററായി. ഹൊബാർട്ടിൽ ടോസ് നേടിയ സിംബാബ്വെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

മൂന്ന് ഓവർ പവർപ്ലേയാണ് ഒരു ടീമിന് അനുവദിച്ചിട്ടുള്ളത്. മൂന്ന് ഓവർ പൂർത്തിയാവും മുമ്പ് ക്രെയ്ഗ് ഇർവിൻ (8), റെഗിസ് ചകാബ്വ (8), സിക്കന്ദർ റാസ (0) എന്നിവരുടെ വിക്കറ്റുകൾ സിംബാബ്വെയ്ക്ക് നഷ്ടമായിരുന്നു. നാലാം ഓവറിൽ സീൻ വില്യംസും (1) മടങ്ങി. ഇതോടെ സിംബാബ്വെ നാലിന് 19 എന്ന പരിതാപകരമായ നിലയിലായി.

എന്നാൽ മധെവേരെ- മിൽട്ടൺ ഷുംബ (18) സഖ്യം ശേഷിക്കുന്ന ഓവറുകൾ പൂർത്തിയാക്കി. ഇരുവരും 59 റൺസാണ് കൂട്ടിചേർത്തത്. ഷുംബ അവസാന പന്തിൽ പറത്തായി. 18 പന്തിൽ ഒരു സിക്സും നാല് ഫോറും ഉൾപ്പെടെയാണ് മധെവേരെ 35 റൺസെടുത്തത്. എൻഗിഡിക്ക് പുറമെ വെയ്ൻ പാർനൽ, ആന്റിച്ച് നോർജെ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

സിംബാബ്വെ: ക്രെയ്ഗ് ഇർവിൻ, റെഗിസ് ചകാബ്വ, സിക്കന്ദർ റാസ, സീൻ വില്യംസ്, വെസ്ലി മധെവേരെ, മിൽട്ടൺ ഷുംബ, റ്യാൻ ബേൾ, ലൂക് ജോംഗ്വെ, തെൻഡെ ചടാര, റിച്ചാർഡ് ഗവാര, ബ്ലെസിങ് മുസറബാനി.

ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക്, തെംബ ബവൂമ, റിലീ റൂസ്സോ, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, ട്രിസ്റ്റൺ സ്റ്റബ്സ്, വെയ്ൻ പാർനൽ, കേശവ് മഹാരാജ്, കഗിസോ റബാദ, ആന്റിച്ച് നോർജെ, ലുംഗി എൻഗിഡി.