- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജീവന്മരണ പോരാട്ടത്തിൽ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച; എറിഞ്ഞൊതുക്കി അഫ്രീദി; സെമി ബർത്ത് ഉറപ്പിക്കാൻ പാക്കിസ്ഥാന് 128 റൺസ് വിജയദൂരം; ഭേദപ്പെട്ട തുടക്കമിട്ട് റിസ്വാനും ബാബറും

അഡ്ലെയ്ഡ്: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയിൽ പ്രവേശനത്തിനായി ജീവന്മരണ പോരാട്ടത്തിന് ഇറങ്ങിയ ബംഗ്ലാദേശിന് പാക്കിസ്ഥാനെതിരെ ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 127 റണ്ണിന് ഇന്നിങ്സ് അവസാനിപ്പിച്ചു. ഇത് മറികടക്കാനായാൽ പാക്കിസ്ഥാന് സെമി ബെർത്ത് ഉറപ്പിക്കാം. മറുപടി ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ മുഹമ്മദ് റിസ്വാനും ബാബർ അസമും നൽകിയത്. എട്ട് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 42 റൺസ് എന്ന നിലയിലാണ് പാക്കിസ്ഥാൻ
127 റൺസിനുള്ളിൽ പാക്കിസ്ഥാനെ പിടിച്ചുക്കെട്ടിയാൽ ബംഗ്ലാദേശിനും സെമിയിൽ പ്രവേശിക്കാനാകും. ഇരുടീമുകൾക്കും നിലവിൽ നാല് പോയന്റ് വീതമാണുള്ളത്. ഗ്രൂപ്പ് രണ്ടിൽ നെതർലൻഡ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെയാണ് പാക്കിസ്ഥാൻ-ബംഗ്ലാദേശ് മത്സരം നിർണായകമായത്. സെമിയിൽ എത്താനുള്ള സുവർണാവസരമാണ് ഇരുടീമുകൾക്കും. ഇന്ന് ജയിച്ചാൽ പാക്കിസ്ഥാന് ഇന്ത്യക്കൊപ്പം ഗ്രൂപ്പിൽ നിന്ന് സെമിയിലെത്താം. മികച്ച റൺറേറ്റിൽ ജയിച്ചാൽ ബംഗ്ലാദേശിനും സെമി സാധ്യതയുണ്ട്.
നാലോവറിൽ 22 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുത ഷഹീൻ അഫ്രീദിയാണ് ബംഗ്ലാ കടുവകളെ കുഴക്കിയത്. ഷബാദ് ഖാൻ രണ്ട് വിക്കറ്റ് വീഴ്‌ത്തി. അർധസെഞ്ച്വറി നേടിയ നജ്മുൽ ഹൊസൈൻ ഷാന്റോയാണ് ബംഗ്ലാദേശ് ടോപ് സ്‌കോറർ(48 പന്തിൽ54). സൗമ്യ സർക്കാർ (17 പന്തിൽ 20), അഫീഫ് ഹുസൈൻ(20 പന്തിൽ 24) എന്നിവരാണ് തിളങ്ങിയ മറ്റ് ബാറ്റ്‌സ്മാന്മാർ.
പ്രതീക്ഷ നൽകുന്ന തുടക്കമായിരുന്നു ബംഗ്ലാദേശിന്റേത്. കരുത്തുറ്റ പാക് ബൗളിങ് നിരക്കെതിരെ സൂക്ഷിച്ച് തുടങ്ങിയ ഓപണർമാർ പതിയെ റൺസുയർത്തി. ഇന്ത്യക്കെതിരെ സംഹാര താണ്ഡവമായിട ലിറ്റൺ ദാസ് അഫ്രീദിയെ കൂറ്റൻ സിക്‌സിന് പറത്തി തുടങ്ങിയെങ്കിലും അതേഓവറിൽ കട്ടിന് ശ്രമിച്ച ദാസ് ക്യാച്ച് നൽകി മടങ്ങി. 11ാം ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 70 പിന്നിട്ടെങ്കിലും സൗമ്യ സർക്കാർ വീണതോടെ സ്‌കോറിങ് വേഗത കുറഞ്ഞു. നേരിട്ട ആദ്യപന്തിൽ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ പുറത്തായതോടെ ബംഗ്ലാദേശ് കൂടുതൽ പ്രതിസന്ധിയിലായി. നജ്മുൽ ഹൊസൈൻ ഷാന്റോ പുറത്തായതോടെ പ്രതീക്ഷ മങ്ങി. അഫീഫ് ഹൗസൈന്റെ ഇന്നിങ്‌സാണ് മാന്യമായ സ്‌കോർ നൽകിയത്. നാലോവറിൽ 22 റൺസ് മാത്രം വഴങ്ങിയാണ് ഷഹീൻ അഫ്രീദി നാല് വിക്കറ്റുകൾ കൊയ്തത്. ഷദാബ് ഖാൻ രണ്ടും ഇഫ്തിഖർ അഹമ്മദും ഹാരിസ് റഊഫും ഓരോ വിക്കറ്റും സ്വന്തമാക്കി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നെതർലൻഡ്സിനോട് ദക്ഷിണാഫ്രിക്ക തോറ്റതോടെ ഇന്ത്യ ഇതിനകം സെമിയിൽ എത്തിയിട്ടുണ്ട്. ഒരിക്കൽക്കൂടി ഐസിസി ടൂർണമെന്റിൽ പടിക്കൽ കലമുടയ്ക്കുന്ന ദക്ഷിണാഫ്രിക്കയയെയാണ് അഡ്ലെയ്ഡിൽ കണ്ടത്. പ്രോട്ടീസിനെ 13 റൺസിന് നെതർലൻഡ്സ് വീഴ്‌ത്തുകയായിരുന്നു. 159 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ 8 വിക്കറ്റിന് 145 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ ഇതിനോടകം സെമി ഉറപ്പിച്ചിട്ടുണ്ട്. അവസാന മത്സരത്തിൽ ഇന്ന് സിംബാബ്‌വെയെ നേരിടും.


