മെൽബൺ: ട്വന്റി 20 ലോകകപ്പ് കലാശപ്പോരാട്ടം ഞായറാഴ്ച നടക്കാനിരിക്കെ പാക്കിസ്ഥാന്റെയും ഇംഗ്ലണ്ടിന്റെയും കിരീടമോഹങ്ങൾക്ക് മഴഭീഷണി. പസഫിക് സമുദ്രോപരിതലത്തിലെ ലാ നിന പ്രതിഭാസത്തിൽ കാലം തെറ്റി മഴപെയ്യുന്ന ഓസ്‌ട്രേലിയയിൽ ഈ ലോകകപ്പിലെ നിർണായകമായ പല പോരാട്ടങ്ങളും ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിച്ചിരുന്നു. ഞായറാഴ്ച മെൽബണിൽ നടക്കുന്ന ഫൈനലും മഴയിൽ മുങ്ങുമെന്നാണ് കാലാവസ്ഥ പ്രവചനം.

സമുദ്രോപരിതലത്തിലെ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യമാണ് എൽ നിനോ. ഇതിനു നേർവിപരീതമാണ് ലാ നിന. ക്രമാതീതമായി സമുദ്രം തണുക്കും. ഭൂമധ്യരേഖാ പ്രദേശത്തെ പസിഫിക് സമുദ്രത്തെയാണ് ബാധിക്കുന്നത്. ലോകകപ്പിലെ നിർണായക മത്സരങ്ങൾ മുടക്കിയ മഴ ഞായറാഴ്ചയും രസംകൊല്ലിയായി മാറുമെന്നാണ് കാലാവസ്ഥ പ്രവചനം.

മെൽബണിൽ ഫൈനൽ ദിവസം വൈകുന്നേരം മഴപെയ്യാനുള്ള സാധ്യത 95 ശതമാനാണെന്നാണ് കാലവസ്ഥാ പ്രവചനം. മഴ മൂലം ഫൈനൽ നടന്നില്ലെങ്കിൽ മത്സരം റിസർവ് ദിനമായ തിങ്കളാഴ്ചയിലേക്ക് മാറ്റും. തിങ്കളാഴ്ചയും കുറഞ്ഞത് 10 ഓവർ വീതമുള്ള മത്സരമെങ്കിലും സാധ്യമായില്ലെങ്കിലും ഇംഗ്ലണ്ടിനെയും പാക്കിസ്ഥാനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കേണ്ടിവരും.

ഞായറാഴ്ച കളിക്കിടെ മഴ തടസ്സപ്പെടുത്തുകയും തുടർന്ന് പുനരാരംഭിക്കാൻ കഴിയാതെ വരികയും ചെയ്താൽ തിങ്കളാഴ്ച കളി പുനരാരംഭിക്കും. റിസർവ് ദിനത്തിലും കളി നടക്കാതെ വന്നാൽ പാക്കിസ്ഥാനും ഇംഗ്ലണ്ടും ലോക കിരീടം പങ്കിടും.

ഞായറാഴ്ച ഫൈനൽ നടന്നില്ലെങ്കിൽ റിസർവ് ദിനത്തിൽ പ്രാദേശിക സമയം മൂന്ന് മണിക്കാവും മത്സരം നടത്തുക. മത്സരം പൂർത്തിയാക്കാൻ റിസർവ് ദിനത്തിൽ രണ്ട് മണിക്കൂർ അധികസമയം അനുവദിക്കും. എന്നാൽ റിസർവ് ദിനമായ തിങ്കളാഴ്ചയും മെൽബണിൽ അഞ്ച് മുതൽ 10 മില്ലി മീറ്റർ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

ലോകകപ്പിൽ സൂപ്പർ 12വിലെ ഇന്ത്യ-പാക്കിസ്ഥാൻ ബ്ലോക്‌ബസ്റ്റർ പോരാട്ടത്തിനും സമാനമായ രീതിയിൽ മഴ ഭീഷണിയുണ്ടായിരുന്നെങ്കിലും മത്സരദിവസം മഴ മാറി നിന്നതോടെ കളി നടത്താനായിരുന്നു. ഇതുപോലെ ഫൈനലിലും മത്സരം സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സെമിയിൽ ന്യൂസിലൻഡിനെ തകർത്താണ് പാക്കിസ്ഥാൻ ഫൈനലിലെത്തിയത് എങ്കിൽ ഇന്ത്യയെ കീഴടക്കിയാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്.

സെമി ഫൈനലിൽ ഏറ്റവും മികച്ച കളി കെട്ടഴിച്ച ടീം തന്നെയാണ് കലാശപ്പോരിനു യോഗ്യത നേടിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു കിടിലൻ ത്രില്ലർ തന്നെ ക്രിക്കറ്റ് പ്രേമികൾക്കു മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പ്രതീക്ഷിക്കാം. ഇരുടീമുകളും രണ്ടാം ലോക കിരീടമാണ് ലക്ഷ്യമിടുന്നത്. 2009ലെ ചാംപ്യന്മാരാണ് പാക്കിസ്ഥാനെങ്കിൽ ഇംഗ്ലണ്ട് 2010ലെ വിജയികളായിരുന്നു.

ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്കു 1.30നാണ് ഫൈനലിനു തുടക്കമാവുന്നത്. ടോസ് ഒരു മണിക്കും നടക്കും. സ്റ്റാർ സ്പോർട്സിന്റെ വിവിധ ചാനലുകളിലും ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലും മൽസരം തൽസമയം സംപ്രേഷണം ചെയ്യും.

1992ൽ ഓസ്ട്രേലിയയിൽ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ ആവർത്തനം തന്നെയാണ് ഇത്തവണത്തെ ടി20 ലോകകപ്പിൽ ഇതുവരെ സംഭവിച്ചിരിക്കുന്നതെന്ന് ആരെയും അദ്ഭുതപ്പെടുത്തും. അന്നു റൗണ്ട് റോബിൻ ഫോർമാറ്റിൽ നടന്ന ടൂർണമെന്റിൽ പോയിന്റ് പട്ടികയിൽ നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് പാക് ടീം സെമിയിലെത്തുകയായിരുന്നു. അന്നു ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നിവരായിരുന്നു സെമിയിലെത്തിയ മറ്റുള്ളവർ. ഇത്തവണ സൗത്താഫ്രിക്കയ്ക്കു പകരം ഇന്ത്യ വന്നുവെന്നതാണ് ഏക വ്യത്യാസം.

അന്നു സെമിയിൽ ന്യൂസിലാൻഡിനെ തകർത്താണ് പാക് ടീം ഫൈനലിലെത്തിയത്. ഇത്തവണയും അങ്ങനെ തന്നെ. മറ്റൊരു സെമിയിൽ സൗത്താഫ്രിക്കയെ തോൽപ്പിച്ച് ഇംഗ്ലണ്ടുമെത്തി. കലാശക്കൽയിൽ ഇമ്രാൻ ഖാൻ നയിച്ച പാക് ടീം 22 റൺസിന്റെ ജയത്തോടെ ജേതാക്കളാവുകയും ചെയ്തു.

ഇത്തവണ തികച്ചും നാടകീയ തിരിച്ചുവരവ് നടത്തിയാണ് പാക്കിസ്ഥാന്റെ സെമി ഫൈനൽ പ്രവേശനം. ആദ്യ രണ്ടു കളിയും തോറ്റ അവർ പുറത്താവലിന്റെ വക്കിലായിരുന്നു. എന്നാൽ ശേഷിച്ച മൂന്നു മൽസരങ്ങളിൽ പാക് ടീം ജയം നേടി. അതോടൊപ്പം സൗത്താഫ്രിക്കയ്ക്കെതിരേ നെർലാൻഡ്സിന്റെ അട്ടിമറി ജയമടക്കം മറ്റു മൽസഫലങ്ങളും അനുകൂലമായതോടെ പാക് ടീം ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരായി സെമിയിലെത്തി. സെമിയിൽ ന്യൂസിലാൻഡിനെതിരേ ഏഴു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് പാക് ടീം സ്വന്തമാക്കിയത്.

സൂപ്പർ 12ലെ മരണഗ്രൂപ്പായ ഒന്നിൽ നിന്നും റൺറേറ്റിന്റെ ആനുകൂല്യത്തിൽ രണ്ടാംസ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമി ഫൈനലിൽ കടന്നത്. സൂപ്പർ 12ലെ അഞ്ചു മൽസരങ്ങൾ പൂർത്തിയായപ്പോൾ ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ മൂന്നു ടീമുകൾക്കും ഏഴു പോയിന്റ് വീതമാണ് ലഭിച്ചത്. മികച്ച നെറ്റ് റൺറേറ്റിൽ കിവികൾ ഒന്നാംസ്ഥാനക്കാരായപ്പോൾ ഇംഗ്ലണ്ട് രണ്ടാമതുമെത്തി. ഓസീസ് പുറത്താവുകയും ചെയ്തു.

സെമി ഫൈനലിൽ ഇന്ത്യയെ നിഷ്പ്രഭരാക്കുന്ന കളിയാണ് ഇംഗ്ലണ്ട് പുറത്തെടുത്തത്. പത്തു വിക്കറ്റിനു രോഹിത് ശർമയെയും സംഘത്തെയും ഇംഗ്ലണ്ട് വാരിക്കളയുകയായിരുന്നു. ഈ വിജയം ഫൈനലിൽ അവരുടെ ആത്മവിശ്വാസം വാനോളമുയർത്തുമെന്നുറപ്പാണ്.

ടി20യിലെ ഇതുവരെയുള്ള കണക്കുകളെടുത്താൽ ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ പാക്കിസ്ഥാനാണ് മുൻതൂക്കം. പക്ഷെ ഇതിന്റെ പേരിൽ പാക് ടീം ഫേവറിറ്റുകളല്ല. നേരത്തേ സെമിയിൽ ഇംഗ്ലണ്ടിനെതിരേ കണക്കുകളിൽ ഇന്ത്യയായിരുന്നു മുന്നിലെങ്കിലും നാണംകെട്ട തോൽവിയാണ് വഴങ്ങിയത്. 29 ടി20കളിലാണ് പാക്കിസ്ഥാനും ഇംഗ്ലണ്ടും ഇതുവരെ ഏറ്റുമുട്ടിയത്. ഇതിൽ 18ലും ജയം പാക്കിസ്ഥാനായിരുന്നു. ഇംഗ്ലണ്ട് 11 മൽസരങ്ങളിലും വിജയം കൊയ്തു.

സാധ്യതാ ഇലവൻ
പാക്കിസ്ഥാൻ- മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), ബാബർ ആസം (ക്യാപ്റ്റൻ), മുഹമ്മദ് ഹാരിസ്, ഷാൻ മസൂദ്, ഇഫ്തിഖാർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയർ, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീൻ അഫ്രീഡി.

ഇംഗ്ലണ്ട്- ജോസ് ബട്ലർ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), അലെക്സ് ഹേൽസ്, ഫിലിപ്പ് സാൾട്ട്/ ഡേവിഡ് മലാൻ, ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റൺ, മോയിൻ അലി, സാം കറെൻ, ക്രിസ് വോക്സ്, ക്രിസ് ജോർഡൻ/ മാർക്ക് വുഡ്, ആദിൽ റഷീദ്.