- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പവർപ്ലേയിൽ ഇരട്ട പ്രഹരമേൽപ്പിച്ച് അർഷ്ദീപ്; പ്രത്യാക്രമണവുമായി ഇഫ്തിഖറും ഷാൻ മസൂദും; മധ്യനിരയെ എറിഞ്ഞിട്ട് ഹാർദ്ദിക്; സൂപ്പർ 12 പോരാട്ടത്തിൽ പാക്കിസ്ഥാനെ വിറപ്പിച്ച് ഇന്ത്യൻ പേസർമാർ; ഇന്ത്യക്ക് 160 റൺസ് വിജയലക്ഷ്യം

മെൽബൺ: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 160 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 159 റൺസ് നേടിയത്. പവർ പ്ലേയിൽ ഓപ്പണർമാരെ തുടക്കത്തിലെ നഷ്ടപ്പെട്ട് പ്രതിരോധത്തിലായ പാക്കിസ്ഥാനെ ഇഫ്തിഖർ അഹമ്മദും ഷാൻ മസൂദും ചേർന്ന് നടത്തിയ പ്രത്യാക്രമണമാണ് തകർച്ചയിൽ നിന്നും കരകയറ്റിയത്.
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാക്കിസ്ഥാനെ അർഷ്ദീപ് സിങ്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് പാക്കിസ്ഥാനെ നിയന്ത്രിച്ചു നിർത്തിയത്. ഇതിനിടയിലും ഇഫ്തിഖർ അഹമ്മദ് (34 പന്തിൽ 51), ഷാൻ മസൂദ് (42 പന്തിൽ 52) എന്നിവരുടെ പ്രകടനം പാക്കിസ്ഥാന് ആശ്വാസമായി. മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു.
പവർപ്ലേയിൽ ഇന്ത്യൻ പേസർമാർ ആധിപത്യം കാണിച്ചതോടെ പാക്കിസ്ഥാൻ തുടക്കത്തിലെ പ്രതിരോധത്തിലായി. ഏഴ് ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റിന് 41 റൺസ് എന്ന നിലയിലായിരുന്നു പാക്കിസ്ഥാൻ. ക്യാപ്റ്റൻ ബാബർ അസമിനെ വിക്കറ്റിന് മുന്നിൽ കുരുക്കി പൂജ്യത്തിന് പുറത്താക്കിയ അർഷ്ദീപ് സിങ് മുഹമ്മദ് റിസ്വാനെ നാല് റൺസ് എടുത്ത് നിൽക്കെ ഭുവനേശ്വർ കുമാറിന്റെ കൈയിലെത്തിച്ചു.
പുറത്താകാതെ 42 പന്തിൽ 52 റൺസ് എടുത്ത ഷാൻ മസൂദാണ് പാക്കിസ്ഥാൻ ബാറ്റിങ് നിരയിലെ ടോപ് സ്‌കോറർ. ഇഫ്തിഖർ അഹമ്മദ് 34 പന്തിൽ 51 റൺസ് എടുത്തു. അഞ്ച് റൺസ് എടുത്ത ശതാബ്ദ് ഖാനെയും രണ്ട് റൺസ് എടുത്ത ഹൈദർ അലിയേയും ഒൻപത് റൺസ് എടുത്ത് മുഹമ്മദ് നിവാസിനെയും ഹാർദ്ദിക് പാണ്ഡ്യ പുറത്താക്കി. എട്ട് പന്തിൽ 16 റൺസ് എടുത്ത ഷഹീൻ ഷാ അഫ്രീദിയുടെ പ്രത്യാക്രമണമാണ് പാക്കിസ്ഥാനെ 150 കടത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. വിശ്വസ്തരായ ഓപ്പണർമാരെ പാക്കിസ്ഥാന് തുടക്കത്തിൽ തന്നെ നഷ്ടമായി. രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ അപകടകാരിയായ നായകൻ ബാബർ അസമിനെ മടക്കി അർഷ്ദീപ് പാക്കിസ്ഥാന് തിരിച്ചടി നൽകി. നേരിട്ട ആദ്യ പന്തിൽ തന്നെ വിക്കറ്റിന് മുന്നിൽ കുടുങ്ങി ബാബർ അസം ക്രീസ് വിട്ടു. ബാബറിന് പകരം വന്ന ഷാൻ മസൂദിനെ റൺ ഔട്ടാക്കാനുള്ള സുവർണാവസരം വിരാട് കോലി നഷ്ടപ്പെടുത്തി. നാലാം ഓവറിലെ അവസാന പന്തിൽ ലോക ഒന്നാം നമ്പർ ട്വന്റി 20 ബാറ്ററായ മുഹമ്മദ് റിസ്വാനെയും പുറത്താക്കി അർഷ്ദീപ് കൊടുങ്കാറ്റായി.
12 പന്തുകൾ നേരിട്ട് നാല് റൺസെടുത്ത റിസ്വാനെ അർഷ്ദീപ് സിങ് ഭുവനേശ്വർ കുമാറിന്റെ കൈയിലെത്തിച്ചു. ഇതോടെ പാക്കിസ്ഥാൻ 15 റൺസിന് രണ്ട് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. ബാറ്റിങ് പവർപ്ലേയിൽ പാക്കിസ്ഥാൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ ഒന്നുചേർന്ന് ഷാൻ മസൂദ്-ഇഫ്തിഖർ അഹമ്മദ് സഖ്യം വലിയ തകർച്ചയിൽ നിന്ന് പാക്കിസ്ഥാനെ രക്ഷിച്ചു. ഇരുവരും ചേർന്ന് 10-ാം ഓവറിൽ ടീം സ്‌കോർ 50 കടത്തി.
അക്ഷർ പട്ടേൽ ചെയ്ത 12-ാം ഓവറിൽ മൂന്ന് സിക്സടിച്ച് ഇഫ്തിഖർ പാക്കിസ്ഥാൻ ഇന്നിങ്സിന് ജീവൻ നൽകി. പിന്നാലെ താരം അർധസെഞ്ചുറിയും നേടി. എന്നാൽ 13-ാം ഓവറിലെ രണ്ടാം പന്തിൽ മികച്ച ഫോമിൽ കളിച്ച ഇഫ്തിഖർ അഹമ്മദിന്റെ വിക്കറ്റിന് മുന്നിൽ കുടുക്കി മുഹമ്മദ് ഷമി കളി വീണ്ടും ഇന്ത്യയ്ക്ക് അനുകൂലമാക്കി. 34 പന്തുകളിൽ നിന്ന് രണ്ട് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 51 റൺസെടുത്താണ് ഇഫ്തിഖർ ക്രീസ് വിട്ടത്. മൂന്നാം വിക്കറ്റിൽ ഷാനിനൊപ്പം 76 റൺസ് കൂട്ടിച്ചേർക്കാനും താരത്തിന് കഴിഞ്ഞു.
ഇഫ്തിഖറിന് പകരം ശദബ് ഖാനാണ് ക്രീസിലെത്തിയത്. എന്നാൽ താരത്തിന് അധികം പിടിച്ചുനിൽക്കാനായില്ല. ആറുപന്തിൽ നിന്ന് അഞ്ച് റൺസെടുത്ത ശദബിനെ ഹാർദിക് പാണ്ഡ്യ സൂര്യകുമാർ യാദവിന്റെ കൈയിലെത്തിച്ചു. ശദബ് മടങ്ങുമ്പോൾ പാക്കിസ്ഥാൻ നാലുവിക്കറ്റ് നഷ്ടത്തിൽ 96 റൺസാണ് നേടിയത്. ശദബിന് പിന്നാലെ വന്ന ഹൈദർ അലിയും പെട്ടെന്ന് പുറത്തായി. രണ്ട് റൺസെടുത്ത ഹൈദറിനെയും ഹാർദിക് സൂര്യകുമാറിന്റെ കൈയിലെത്തിച്ചു. ഇതോടെ പാക്കിസ്ഥാൻ 98 ന് അഞ്ച് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.
ഏഴാമനായി വന്ന മുഹമ്മദ് നവാസ് പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആറുപന്തിൽ നിന്ന് ഒൻപത് റൺസെടുത്ത നവാസിനെ ഹാർദിക് തന്നെ പുറത്താക്കി. താരത്തെ ഹാർദിക് ദിനേശ് കാർത്തിക്കിന്റെ കൈയിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയത് വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട ആസിഫ് അലിയാണ്. എന്നാൽ നിലയുറപ്പിക്കും മുൻപ് ആസിഫിനെ അർഷ്ദീപ് പറഞ്ഞയച്ചു. അർഷ്ദീപിന്റെ ഷോർട്ട്പിച്ച് പന്ത് പ്രതിരോധിക്കാൻ ശ്രമിച്ച ആസിഫ് അലിയുടെ ശ്രമം പാളി. പന്ത് ബാറ്റിലുരസി ദിനേശ് കാർത്തിക്കിന്റെ കൈയിലെത്തി.
ആസിഫ് അലിക്ക് പകരം വന്ന ഷഹീൻ അഫ്രീദിയെ കൂട്ടുപിടിച്ച് ഷാൻ മസൂദ് ടീം സ്‌കോർ 150 കടത്തി. ഒപ്പം അവസാന ഓവറിൽ താരം അർധശതകം നേടുകയും ചെയ്തു. അവസാന ഓവറിൽ ഷഹീൻ അഫ്രീദിയെ ഭുവനേശ്വർ പുറത്താക്കി. എട്ട് പന്തിൽ നിന്ന് 16 റൺസെടുത്ത താരത്തെ ഭുവനേശ്വർ തന്നെ ക്യാച്ചെടുത്ത് പുറത്താക്കി. അഫ്രീദിക്ക് പകരം ഹാരിസ് റൗഫാണ് ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തിൽ താരം സിക്സടിക്കുകയും ചെയ്തു. ഒടുവിൽ പാക്കിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്ത് ഇന്നിങ്സ് അവസാനിപ്പിച്ചു. ഷാൻ മസൂദ് 42 പന്തിൽ നിന്ന് അഞ്ച് ഫോറിന്റെ സഹായത്തോടെ 52 റൺസെടുത്തും റൗഫ് ആറുറൺസെടുത്തും പുറത്താവാതെ നിന്നു.
ഇന്ത്യ: രോഹിത് ശർമ, കെ.എൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, അക്ഷർ പട്ടേൽ, രവിചന്ദ്ര അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്
പാക്കിസ്ഥാൻ: ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഷാൻ മസൂദ്, ഹൈദർ അലി, മുഹമ്മദ് നവാസ്, ശദബ് ഖാൻ, ഇഫ്തിഖർ അഹമ്മദ്, ആസിഫ് അലി, ഷഹീൻ അഫ്രിദി, ഹാരിസ് റൗഫ്, നസീം ഷാ


