മെൽബൺ: തോൽവി മുന്നിൽകണ്ട ശേഷം അവിശ്വസനീയമായ തിരിച്ചുവരവിലൂടെ എല്ലാ സമ്മർദ്ദങ്ങളെയും അതിജീവിച്ച് പാക്കിസ്ഥാനെതിരെ മിന്നുന്ന വിജയം.... മിഡ് ഓഫിലൂടെ അശ്വിൻ വിജയറൺ കുറിക്കുമ്പോൾ ആനന്ദക്കണ്ണീരണിഞ്ഞ് തന്റെ ആഹ്ലാദം പങ്കിടുകയായിരുന്നു വിരാട് കോലി.

ഹെൽമറ്റഴിച്ച് ബാറ്റ് ആകാശത്തേക്കുയർത്തി കണ്ണീരണിഞ്ഞ കോലി ആദ്യം അശ്വിനെ കെട്ടിപ്പിടിച്ചു. ഡഗ് ഔട്ടിൽ നിന്ന് ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ഹാർദ്ദിക് പാണ്ഡ്യയും ദിനേശ് കാർത്തിക്കും അക്‌സർ പട്ടേലും അടക്കമുള്ള സഹതാരങ്ങളെല്ലാം കോലിയെ അഭിന്ദനങ്ങൾ കൊണ്ട് മൂടി. ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് മെൽബണിൽ തിങ്ങിനിറഞ്ഞ ആരാധകർ പിന്നെ കണ്ടത്. ഗ്രൗണ്ടിലെത്തിയ നായകൻ രോഹിത് ശർമ കോലിയെ ഒറ്റക്ക് എടുത്തുയർത്തി വട്ടം ചുറ്റി. മത്സരത്തിൽ ഇന്ത്യയെ ഒറ്റക്ക് ചുമലിലേറ്റിയ കിങ് കോലി തന്റെ ചുമലിലേറ്റി ഹിറ്റ്മാന്റെ ആദരം. ആരാധകർ കാണാൻ കൊതിച്ച ദൃശ്യങ്ങൾ.

പാക്കിസ്ഥാനെതിരെ ഇന്ത്യയെ ഒറ്റക്ക് തോളിലേറ്റിയ ഇന്നിങ്‌സുമായാണ് കോലി കളം നിറഞ്ഞത്. അവസാന ഓവറുകളിൽ കോലിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പാക്കിസ്ഥാന് മറുപടിയുണ്ടായിരുന്നില്ല. നായകൻ രോഹിത് ശർമ്മയുടേത് അടക്കം നാല് നിർണായക വിക്കറ്റുകൾ 31 റൺസിന് നഷ്ടമായി പരാജയം മുന്നിൽ കണ്ട ഇന്ത്യയെ ഒറ്റയ്ക്ക് ചുമലിലേറ്റിയാണ് കോലി ഇന്ത്യക്ക് അവിസ്മരണീയ ജയം സമ്മാനിച്ചത്.

തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. 160 എന്ന ഭേദപ്പെട്ട സ്‌കോർ പ്രതിരോധിക്കാനിറങ്ങിയ ബാറ്റിങ് നിരക്ക് തുടക്കത്തിലേ പാളി. ഓപ്പണർമാർ വന്ന പാടേ കൂടാരം കയറി. വിജയപ്രതീക്ഷയായ സൂര്യകുമാർ യാദവിനും നിലയുറപ്പിക്കാനായില്ല. പാക് ബൗളിങ്ങിനെ ആക്രമിച്ച് കീഴ്‌പ്പെടുത്താമെന്ന സൂര്യയുടെ പ്ലാൻ പാളി. 10 പന്തിൽ 15 റൺസുമായി സൂര്യ മടങ്ങി. പിന്നാലെ അക്‌സറും മടങ്ങിയതോടെ ഇന്ത്യ പൂർണമായി ബാക്ക്ഫൂട്ടിലായി. ഹർദിക് പാണ്ഡ്യ കോലിക്കൊപ്പം ചേർന്നതോടെയാണ് ഇന്ത്യയുടെ പ്രതീക്ഷകൾക്ക് ജീവൻ വെച്ചത്.

ഇരുവരും പതിയെ സ്‌കോറുയർത്തുകയും വിക്കറ്റ് കാക്കുകയും ചെയ്തു. ആദ്യ 23 പന്തുകളിൽ നിന്നും കോലി നേടിയതാകട്ടെ 12 റൺസ് മാത്രം. പതിയെ താളം കണ്ടെത്തിയ ഹാർദ്ദിക് കത്തിക്കയറിയതോടെ കോലിയും പോരാട്ടം ഏറ്റെടുത്തു. ഇന്ത്യയെ എറിഞ്ഞൊതുക്കാമെന്ന പാക്കിസ്ഥാന്റെ പ്രതീക്ഷ പാളിയത് 18 ഓവർ മുതലാണ്.

ഷഹീൻ അഫ്രീദി എറിഞ്ഞ പതിനെട്ടാം ഓവറിൽ മൂന്ന് ബൗണ്ടറി അടക്കം 17 റൺസടിച്ച കോലി ഇന്ത്യക്ക് പ്രതീക്ഷ നൽകി. അപ്പോഴും ജയിക്കാൻ ഇന്ത്യക്ക് വേണ്ടത് രണ്ടോവറിൽ 31 റൺസ്. പത്തൊമ്പതാം ഓവർ എറിയാനെത്തുന്നത് മത്സരത്തിൽ പാക്കിസ്ഥാന്റെ ഏറ്റവും മികച്ച ബൗളറായ ഹാരിസ് റൗഫ്. അതിവേഗ പന്തുകളിലൂടെ ഹാർദ്ദിക്കിനെയും കോലിയെയും ശ്വാസം മുട്ടിച്ച റൗഫ് ആദ്യ നാലു പന്തിൽ വിട്ടുകൊടുത്തത് വെറും മൂന്ന് റൺസ്. ഇന്ത്യൽ ലക്ഷ്യം 8 പന്തിൽ 28 റൺസ്. കടുത്ത ഇന്ത്യൻ ആരാധകർ പോലും ഈ ഘട്ടത്തിൽ വിജയം സ്വപ്നം കണ്ടിരുന്നില്ല.

എന്നാൽ വിരാട് കോലി താൻ എന്തുകൊണ്ടാണ് ആരാധകർക്ക് കിങ് കോലിയാകുന്നതെന്ന് കാണിച്ചുകൊടുക്കുന്ന ഷോട്ടുകളായിരുന്നു അടുത്ത രണ്ട് പന്തിലും പുറത്തെടുത്തത്. ഹാരിസ് റൗഫിന്റെ അഞ്ചാം പന്ത് സ്‌ട്രൈറ്റ് ബൗണ്ടറിക്ക് മുകളിലൂടെ സിക്‌സ്. അവസാന പന്ത് ഫൈൻ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ സിക്‌സ്. ഇതോടെ ഇന്ത്യൻ ലക്ഷ്യം അവസാന ഓവറിൽ എത്തിപ്പിടിക്കാവുന്നതായി. ആറ് പന്തിൽ 16 റൺസ്. റൗഫിനെതിരെ കോലി നേടിയ ഈ രണ്ട് സിക്‌സുകളാണ് മത്സരത്തിൽ നിർണായകമായത്.

നവാസിന്റെ അവസാന ഓവറിലെ ആദ്യ പന്തിൽ ഹാർദിക് സ്‌ട്രൈക്ക് എൻഡിൽ ഉള്ളപ്പോൾ ഇന്ത്യക്ക് പ്രതീക്ഷ. എന്നാൽ, ഉയർത്തിയടിക്കാനുള്ള ശ്രമം പുറത്താകലിൽ കലാശിച്ചു. രണ്ടാം പന്തിൽ ഡികെയുടെ സിംഗിൾ. മൂന്നാം പന്തിൽ കോലി രണ്ട് റൺസ് നേടി. നാലാം പന്തിൽ സിക്സ്. അരക്ക് മുകളിൽ പന്തെറിഞ്ഞതിന് നോബോളും ഫ്രീഹിറ്റും. സമ്മർദ്ദത്തിലായ നവാസ് തൊട്ടടുത്ത പന്തിൽ വൈഡെറിഞ്ഞു. ഫ്രീഹിറ്റ് പന്തിൽ കോലിയുടെ കുറ്റി തെറിപ്പിച്ചെങ്കിലും മൂന്ന് റൺസ് ഓടിയെടുത്തു. കുറ്റി തെറിച്ചതോടെ ഡെഡ് ബോളെന്ന് പാക് താരങ്ങൾ വാദിച്ചെങ്കിലും ഫലിച്ചില്ല. തൊട്ടടുത്ത പന്തിൽ കാർത്തിക്കിനെ സ്റ്റംപ് ചെയ്ത് പുറത്താക്കി പാക്കിസ്ഥാൻ പ്രതീക്ഷ നിലനിർത്തി. കാർത്തിക്കിനെറിഞ്ഞ അതേ പന്ത് നവാസ് അശ്വിനെതിരെയും പ്രയോഗിച്ചു.

എന്നാൽ തന്ത്രം മനസ്സിലാക്കി ക്രീസിൽനിന്ന് മാറാതെ അശ്വിൻ നിന്നതോടെ ലെഗ്‌സൈഡിൽ വൈഡും ടൈയും. ഫീൽഡിങ് വിന്യാസത്തിൽ മാറ്റം വരുത്തി അശ്വിനെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചെങ്കിലും അവസാന പന്തിൽ മിഡ് ഓഫിലൂടെ ഫോർ.

അവസാന ഓവറിൽ മുഹമ്മദ് നവാസിനെതിരെ കൂടി ഒരു സിക്‌സ് നേടിയാണ് കോലി ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ചു. ഒടുവിൽ അവസാന പന്തിൽ അശ്വിൻ വിജയ റൺ പൂർത്തിയാക്കിയശേഷം ബാറ്റുയർത്തി കോലിയെ അഭിനന്ദിക്കാനായി ഓടിയെത്തുമ്പോൾ ആവേശത്തള്ളിച്ചയിൽ കോലി കണ്ണീരണിഞ്ഞിരുന്നു. മുഷ്ടി ചുരുട്ടി ഗ്രൗണ്ടിൽ ഇടിച്ച് ആവേശം പ്രകടിപ്പിച്ച ശേഷമായിരുന്നു കോലിയുടെ കണ്ണീർ. കോലിയുടെ ട്വന്റി 20 ക്രിക്കറ്റ് കരിയറിൽ ഇതുവരെയുള്ള ഏറ്റവും മികച്ച ഇന്നിങ്‌സായി ക്രിക്കറ്റ് അനലിസ്റ്റുകൾ വാഴ്‌ത്തുന്നത്.

പാക്കിസ്ഥാനെതിരെ അവിശ്വസനീയ ജയവുമായി ഇന്ത്യ ക്രീസ് വിടുമ്പോൾ മെൽബണിലെ ഒരു ലക്ഷത്തോളം വരുന്ന ആരാധകർക്ക് ഒറ്റപ്പേരെ ഉച്ചത്തിൽ ഉച്ഛരിക്കാനുണ്ടായിരുന്നുള്ളു. കോലി...കോലി...പാക്കിസ്ഥാൻ ഉറപ്പിച്ച വിജയം ഒറ്റക്ക് കോലി തട്ടിയെടുക്കുകയായിരുന്നു.