ലഖ്‌നൗ: പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താരങ്ങൾക്കും പരിശീലകർക്കുമാണ് സമ്മാനത്തുക ലഭിക്കുക. ഇംഗ്ലണ്ടിനെ തകർത്ത് ലോകകപ്പ് നേടിയ ഷഫാലി വർമ്മയെയും സംഘത്തേയും ബുധനാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ടി20യിൽ അതിഥികളായും ബിസിസിഐ ക്ഷണിച്ചിട്ടുണ്ട്.

വനിതാ ക്രിക്കറ്റ് ഇന്ത്യയിൽ പുതിയ ഉയരങ്ങൾ കൈവരിച്ചിരിക്കുകയാണെന്ന്, ജയ് ഷാ ട്വീറ്റ് ചെയ്തു. ടീമിനെ ഷാ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്കു ക്ഷണിച്ചു. ഇവിടെയാണ് വിജയാഘോഷങ്ങൾ നടക്കുക. ദക്ഷിണാഫ്രിക്കയിൽ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ്, ഷഫാലി വർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കിരീടം നേടിയത്.

അതിനിടെ ഇന്ത്യൻ യുവനിരയുടെ നേട്ടത്തിൽ അഭിനന്ദനവുമായി ഇന്ത്യൻ സീനിയർ പുരുഷ ടീം പരിശീലകൻ രാഹുൽ ദ്രാവിഡും ടീം അംഗങ്ങളും രംഗത്തെത്തി. ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ ആവേശജയം സ്വന്തമാക്കിയശേഷമാണ് ഇന്ത്യൻ ടീം ഒന്നടങ്കം ഇന്ത്യൻ വനിതാ ടീമിന് ആശംസകൾ നേർന്നത്. പരിശീലകൻ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിനെ അഭിന്ദിച്ചശേഷം അഭിനന്ദനമറിയിക്കാനായി ഇന്ത്യക്കായി അണ്ടർ 19 പുരുഷ ലോകകപ്പിൽ കിരീടം നേടിയിട്ടുള്ള പൃഥ്വി ഷായെ ക്ഷണിക്കുകയായിരുന്നു.

ഇന്ത്യൻ വനിതാ ടീമിന്റേത് മഹത്തായ നേട്ടമാണെന്നും ടീം അംഗങ്ങളെ അഭിനന്ദിക്കുന്നുവെന്നും പൃഥ്വി ഷാ പറഞ്ഞു. മുൻ ഇന്ത്യൻ താരം മിതാലി രാജും ഇന്ത്യൻ ടീമിന്റെ നേട്ടത്തെ അഭിനന്ദിച്ചിരുന്നു.

ഇന്നലെ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഇന്ത്യ ആദ്യ അണ്ടൺ 19 വനിതാ ലോകകപ്പിൽ കീരിടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ വെറും 68 റൺസിന് പുറത്താക്കിയ ഇന്ത്യൻ വനിതകൾ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.

ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഭാഗ്യവേദിയാണ് ദക്ഷിണാഫ്രിക്കയെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ യുവനിര. ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളും ദക്ഷിണാഫ്രിക്കൻ മണ്ണിലാണ്. 2007ൽ പുരുഷന്മാരുടെ ആദ്യ ടി20 ലോകകപ്പിൽ എം എസ് ധോണിയുടെ നേൃത്വത്തിലിറങ്ങിയ ഇന്ത്യൻ യുവനിര കിരീടം ഉയർത്തിയത് ദക്ഷിണാഫ്രിക്കയിലായിരുന്നു. ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം.

16 വർഷത്തിനിപ്പുറം പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിന് വേദിയായതും ദക്ഷിണാഫ്രിക്ക തന്നെ. ഇത്തവണയും ദക്ഷിണാഫ്രിക്ക ഇന്ത്യയെ തുണച്ചു. ഷഫാലി വർമ്മയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യൻ കൗമാരപ്പട ഇംഗ്ലണ്ടിനെ തകർത്ത് ലോകകിരീടവുമായി മടങ്ങി.

അടുത്തമാസം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന സീനിയർ വനിതകളുടെ ട്വന്റി 20 ലോകകപ്പാണ് ഇനി ഇന്ത്യയുടെ ലക്ഷ്യം. അടുത്ത മാസം 10ന് തുടങ്ങുന്ന ടൂർണമെന്റിൽ 12ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, അയർലൻഡ് ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ക്യാപ്റ്റൻ ഷഫാലി വർമ തന്നെയാണ് സീനിയർ ടീമിലും ഇന്ത്യയുടെ ഓപ്പണർ. ഹർമൻപ്രീത് കൗറാണ് ഇന്ത്യൻ സീനിയർ ടീമിനെ നയിക്കുന്നത്.

വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യലോക കിരീടം കൂടിയാണിത്. സീനിയർ ജൂനിയർ തലങ്ങളിൽ ഇന്ത്യ നേടുന്ന പതിനൊന്നാമത്തെ ഐസിസി കിരീടം കൂടിയാണിത്. പുരുഷന്മാരുടെ ഏകദിന ലോകകപ്പിൽ 1983ലും 2011ലും ചാമ്പ്യൻസ് ട്രോഫിയിൽ 2002ലും 2013ലും ടി20 ലോകകപ്പിൽ 2007ലും അണ്ടർ 29 ലോകകപ്പിൽ 2000, 2008, 2012, 2018, 2022ലും ഇന്ത്യ ചാമ്പ്യന്മാരായി.