വിൻഡ്ഹോക്ക് (നമീബിയ): ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടി അത്ഭുതം സൃഷ്ടിച്ചു ഉഗാണ്ട. അടുത്ത വർഷം വെസ്റ്റിൻഡീസിലും അമേരിക്കയിലുമായി നടക്കാനിരിക്കുന്ന ഐസിസി ട്വന്റി 20 ലോകകപ്പിനാണ് ഉഗാണ്ട യോഗ്യത നേടിയത്. ഇതോടെ ലോകകപ്പിന് യോഗ്യത നേടിയ 20 ടീമുകളുടെ പട്ടികയായി. വ്യാഴാഴ്ച ആഫ്രിക്കൻ യോഗ്യതാ റൗണ്ടിൽ നിന്ന് ഉഗാണ്ടയും യോഗ്യത ഉറപ്പാക്കിയതോടെയാണ് ടീമുകളുടെ പട്ടിക പൂർത്തിയായത്.

ആതിഥേയരായ യുഎസ്എ, വെസ്റ്റിൻഡീസ് എന്നിവർക്കൊപ്പം ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതർലൻഡ്‌സ്, ന്യൂസീലൻഡ്, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, അയർലൻഡ്, സ്‌കോട്ട്‌ലൻഡ്, പാപുവ ന്യൂ ഗിനി, കാനഡ, നേപ്പാൾ, ഒമാൻ, നമീബിയ, ഉഗാണ്ട എന്നിവരാണ് യോഗ്യത നേടിയ ടീമുകൾ. 2024 ജൂൺ നാല് മുതൽ 30 വരെയാണ് ടൂർണമെന്റ്.

20 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് ഗ്രൂപ്പ് തല മത്സരങ്ങൾ നടക്കുക. ഓരോ ഗ്രൂപ്പിൽ നിന്നും മുന്നിലെത്തുന്ന ആദ്യത്തെ രണ്ട് ടീമുകൾ സൂപ്പർ 8 ഘട്ടത്തിലേക്ക് മുന്നേറും. ഈ എട്ട് ടീമുകളെ വീണ്ടും രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഓരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന രണ്ട് ടീമുകൾ സെമിയിലേക്ക് മുന്നേറും.

അതേസമയം ആഫ്രിക്കൻ ഫേവറിറ്റുകളായ സിംബാബ്വെയ്ക്ക് ലോകകപ്പിന് യോഗ്യത നേടാൻ സാധിക്കാതിരുന്നത് ശ്രദ്ധേയമായി. ആഫ്രിക്കൻ മേഖല യോഗ്യതാ റൗണ്ടിൽ ആറ് കളികളിൽ നിന്ന് എട്ട് പോയന്റ് മാത്രമുള്ള സിംബാബ്വെയ്ക്ക് മൂന്നാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. നമീബിയയാണ് യോഗ്യത നേടിയ മറ്റൊരു ടീം.

നവംബർ 26-ന് നടന്ന മത്സരത്തിൽ സിംബാബ്വെയെ അഞ്ച് വിക്കറ്റിന് തകർത്തതോടെ തന്നെ ഉഗാണ്ട പ്രതീക്ഷയുയർത്തിയിരുന്നു. ഈ തോൽവിയാണ് സിംബാബ്വെയ്ക്കും തിരിച്ചടിയായത്.