ഗുവാഹത്തി: തീപാറുന്ന പന്തുമായി വീണ്ടും ആരാധകരെ വിസ്മയിപ്പിച്ച് ഉംറാൻ മാലിക്. ശ്രീലങ്കയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത ഇന്ത്യൻ യുവതാരം ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ വേഗമേറിയ പന്തെറിഞ്ഞാണ് ചരിത്രത്തിൽ ഇടംപിടിച്ചത്.

ശ്രീലങ്കയ്ക്കെതിരേ 14-ാം ഓവറിലെ നാലാം പന്തിൽ മണിക്കൂറിൽ 156 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞാണ് താരം റെക്കോർഡിട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും വേഗതയേറിയ ബൗളിങ് സ്പെല്ലാണിത്. ഈ പന്ത് തന്നെയാണ് റെക്കോർഡിൽ ഇടം പിടിച്ചത്. അതിന് തൊട്ടുമുമ്പുള്ള രണ്ട് പന്തുകളുടേയും വേഗം 151 കിലോ മീറ്ററായിരുന്നു. പിന്നാലെ നിരവധി പേരാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ചത്.

ഇതുവരെ മൂന്ന് വിക്കറ്റുകൾ വീഴ്‌ത്താൻ താരത്തിനായി. പേസ് തന്നെയാണ് ഉംറാനെ മറ്റുള്ള ബൗളർമാരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നത്. പേസുകൊണ്ട് താരം അമ്പരപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദാരബാദിനായി പുറത്തെടുത്ത പ്രകടനമാണ് ജമ്മു കശ്മീരിൽ നിന്നുള്ള പേസറെ ഇന്ത്യൻ ടീമിലെത്തിച്ചത്.

നേരത്തേ ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 യിലാണ് വേഗതയേറിയ ഇന്ത്യൻ ബൗളറായി ഉംറാൻ മാറിയത്. മണിക്കൂറിൽ 155 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ താരം ജസ്പ്രിത് ബുംറയുടെ റെക്കോർഡാണ് മറികടന്നത്. മണിക്കൂറിൽ 153.3 വേഗതയിൽ പന്തെറിഞ്ഞ പേസർ മുഹമ്മദ് ഷമിയാണ് പട്ടികയിൽ മൂന്നാമത്.

ഐപിഎല്ലിലെ ഒരു ഇന്ത്യൻ പേസറുടെ ഏറ്റവും വേഗതയേറിയ പന്തും ഉംറാന്റെ പേരിലാണ്. 2022 ഐപിഎല്ലിൽ ഡൽഹിക്കെതിരേ സൺറൈസസ് ഹൈദരാബാദിന് വേണ്ടി കളിക്കുമ്പോഴാണ് ഉംറാൻ ചരിത്രം കുറിച്ചത്. മണിക്കൂറിൽ 156.9 കിലോമീറ്റർ വേഗതയിലാണ് അന്ന് ഉംറാൻ പന്തെറിഞ്ഞത്. 2022 ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ പന്തായിരുന്നു അത്.