അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ മാച്ചുകളിലൊന്നിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേർസിന് അവിസ്മരണീയ ജയം.അവസാന ഓവറിൽ തുടർച്ചയായി അഞ്ച് സിക്സ് നേടിയ റിങ്കു സിംഗാണ് കൊൽക്കത്തയെ അവിശ്വസനീയ വിജയത്തിലേക്ക് നയിച്ചത്.അവസാന ഓവറിൽ ജയിക്കാൻ 29 റൺസാണ് കൊൽക്കത്തയ്ക്ക് വേണ്ടിയിരുന്നത്. യഷ് ദയാലിന്റെ ആദ്യ പന്തിൽ ഉമേഷ് യാദവ് (5) സിംഗിളെടുത്തു. പിന്നീട് സ്ട്രൈക്ക് ചെയ്യാനെത്തിയ റിങ്കു. അടുത്ത അഞ്ച് പന്തുകളും സിക്സ് നേടിയ റിങ്കു കൊൽക്കത്തയ്ക്ക് ത്രില്ലർ വിജയം സമ്മാനിക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിംഗിനെത്തിയ ഗുജറാത്ത് 205 റൺസ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗിൽ കൊൽക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. റിങ്കു 21 പന്തിൽ 48 റൺസുമായി പുറത്താവാതെ നിന്നു. 40 പന്തിൽ 83 റൺസ് അടിച്ചെടുത്ത വെങ്കടേഷ് അയ്യരാണ് വിജയത്തിന് അടിത്തറ പാകിയത്. ഹാട്രിക്ക് ഉൾപ്പെടെ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ റാഷിദ് ഖാനാണ് ഗുജറാത്ത് ബൗളർമാരിൽ തിളങ്ങിയത്. അൽസാരി ജോസഫിന് രണ്ട് വിക്കറ്റുണ്ട്.

ഗുജറാത്തിനെ വിജയ് ശങ്കർ (24 പന്തിൽ 63), സായ് സുദർശൻ (38 പന്തിൽ 53) എന്നിവരുടെ അർധ സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. നഷ്ടമായ നാല് വിക്കറ്റുകളിൽ മൂന്നും വീഴ്‌ത്തിയത് സുനിൽ നരെയ്നായിരുന്നു.മോശം തുടക്കമായിരുന്നു കൊൽക്കത്തയ്ക്ക് സ്ബോർബോർഡിൽ 28 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർമാരായ റഹ്‌മാനുള്ള ഗുർബാസ് (15), നാരായൺ ജഗദീഷ് (6) എന്നിവരുടെ വിക്കറ്റുകൾ ഗുജറാത്തിന് നഷ്ടമായി. എന്നാൽ നാലാം വിക്കറ്റിൽ അയ്യർക്കൊപ്പം ചേർന്ന നിതീഷ് റാണ 100 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ഇരുവരും വിജയിപ്പിക്കുമെന്ന് തോന്നിക്കെ അൽസാരി നിതീഷിനെ പുറത്താക്കി ബ്രേക്ക് ത്രൂ നൽകി. ഇതോടെ മൂന്നിന് 128 എന്ന നിലയിലായി കൊൽക്കത്ത. സ്‌കോർ 154ൽ നിൽക്കെ അയ്യരേയും അൽസാരി പുറത്താക്കി. അഞ്ച് സിക്സും എട്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. പിന്നീടെല്ലാം ചടങ്ങ് മാത്രമായിരുന്നു ഗുജറാത്ത് ബൗളർമാർക്ക്. ആ്രേന്ദ റസ്സൽ (1), സുനിൽ നരെയ്ൻ (0), ഷാർദുൽ ഠാക്കൂർ (0) എന്നിവരെ പുറത്താക്കി റാഷിദ് ഹാട്രിക്ക് പൂർത്തിയാക്കി.

നേരത്തെ പതിഞ്ഞ തുടക്കമായിരുന്നു ഗുജറാത്തിന് ലഭിച്ചിരുന്നത്. വൃദ്ധിമാൻ സാഹയുടെ (17) വിക്കറ്റാണ് ഗുജറാത്തിന് ആദ്യം നഷ്ടമായത്. സുനിൽ നരെയ്നെ സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിൽ നാരായൺ ജഗദീഷന് ക്യാച്ച് നൽകുകയായിരുന്നു താരം. പിന്നാലെ ഗിൽ- സായ് സഖ്യം 67 റൺസ് കൂട്ടിചേർത്തു. ഗിലും സുദർശനും കൃത്യമായ ഇടവേളകളിലാണ് മടങ്ങിയത്. എന്നാൽ വിജയ് ശങ്കറുടെ ഇന്നിങ്സ് ഗുജറാത്തിന്റെ സ്‌കോർ 200 കടത്തി.

24 പന്തുകൾ മാത്രം നേരിട്ട താരം 64 റൺസാണ് അടിച്ചെടുത്തത്. ഇതിൽ അഞ്ച് സിക്സും നാല് ഫോറും ഉൾപ്പെടും. ഷാർദുൽ ഠാക്കൂർ എറിഞ്ഞ അവസാന ഓവറിൽ മാത്രം മൂന്ന് സിക്സ് നേടി. മൂന്ന് പന്തിൽ രണ്ട് റൺസുമായി ഡേവിഡ് മില്ലർ പുറത്താവാതെ നിന്നു.സ്ഥിരം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയില്ലാതെയാണ് ഗുജറാത്ത് ഇറങ്ങിയത്. റാഷിദ് ഖാനാണ് ടീമിനെ നയിച്ചത്. ഹാർദിക്ക് പൂർണമായും ഫിറ്റെല്ലെന്നാണ് റാഷിദ് വ്യക്തമാക്കിയത്.

ഹാർദിക്കിന് പകരം വിജയ് ശങ്കർ ടീമിലെത്തി. രണ്ട് മാറ്റങ്ങളുമായിട്ടാണ് കൊൽക്കത്ത ഇറങ്ങുന്നത്. ടിം സൗത്തിക്ക് പകരം ലോക്കി ഫെർഗൂസൺ ടീമിലെത്തി. മൻദീപ് സിംഗും പുറത്തായി. നാരായൺ ജഗദീഷനാണ് ടീമിലെത്തിയത്.