- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം; ബൗളർമാരും അബ്ദുൾ ബാസിതും തിളങ്ങിയതോടെ സൗരാഷ്ട്രയെ മന്ന് വിക്കറ്റിന് തോൽപ്പിച്ചു
ആളൂർ: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം. നിലവിലെ ചാംപ്യന്മാരായ സൗരാഷട്രയെ തകർത്താണ് കേരളം തുടങ്ങിയത്. ആളൂരിൽ നടന്ന മത്സരത്തിൽ മൂന്ന് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് കേരളം സ്വന്തമാക്കിയത്. ബൗളർമാർ തിളങ്ങിയതാണ് കേരളത്തിന് വിജയം സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര 49.1 ഓവറിൽ 185 റൺസിൽ എല്ലാവരും പുറത്തായി. ആറാമനായി ക്രീസിലെത്തി 121 പന്തിൽ 98 റൺസുമായി പൊരുതിയ വിശ്വരാജ്‌സിങ് ജഡേജയുടെ ഇന്നിങ്‌സാണ് സൗരാഷ്ട്രയെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. നാല് വിക്കറ്റ് വീഴ്‌ത്തിയ 20 വയസുകാരൻ അഖിൻ സത്താർ കേരള ബൗളർമാരിൽ തിളങ്ങി. മറുപടി ബാറ്റിംഗിൽ കേരളം 47.4 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 76 പന്തിൽ 60 റൺസ് നേടിയ അബ്ദുൾ ബാസിതാണ് കേരള താരങ്ങളിൽ തിളങ്ങിയത്.
മോശം തുടക്കമായിരുന്നു കേരളത്തിന്. 17 റൺസിനിടെ കേരളത്തിന് ഓപ്പണർമാരായ വിഷ്ണു വിനോദ് (4), രോഹൻ കുന്നുമ്മൽ (4) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. പിന്നീട് ക്രീസിൽ ഒത്തുചേർന്നത് സഞ്ജു-സച്ചിൻ ബേബി സഖ്യം ഇരുവരും 35 റൺസ് കൂട്ടിചേർത്തു. എന്നാൽ സച്ചിൻ ബേബി അങ്കുർ പൻവാറിന്റെ പന്തിൽ പുറത്തായി. അധികം വൈകാതെ സഞ്ജുവിനേയും അങ്കുർ മടക്കി. 47 പന്തുകൾ നേരിട്ട ആറ് ബൗണ്ടറികൾ നേടി. ഇതോടെ കേരളം നാലിന് 61 എന്ന നിലയിലായി.
പിന്നീട് ഒത്തുചേർന്ന അഖിൽ സ്‌കറിയ (28) ബാസിത് സഖ്യം കേരളത്തെ തകർച്ചയിൽ നിന്ന് രക്ഷിച്ചു. ഇരുവരും 88 റൺസ് കൂട്ടിചേർത്തു. എന്നാൽ ബാസിത്തിനെ അങ്കുർ പുറത്താക്കി. ഒമ്പത് ഫോറും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു ബാസിത്തിന്റെ ഇന്നിങ്സ്. ഇതിനിടെ സിജോമോൻ ജോസഫും മടങ്ങി. എന്നാൽ ബേസിൽ തമ്പിയെ (8) കൂട്ടുപിടിച്ച് അതിഥി താരം ശ്രേയസ് ഗോപാൽ (33 പന്തിൽ 21) വിജയത്തിലേക്ക് നയിച്ചു. ഇരുവരും പുറത്താവാതെ നിന്നു. അങ്കുർ നാല് വിക്കറ്റ് വീഴ്‌ത്തി.
നേരത്തെ, 10 ഓവറിൽ 39 റൺസ് മാത്രം വിട്ടുകൊടുത്താണ് സത്താർ നാല് പേരെ പുറത്താക്കിയത്. ശ്രേയാസ് ഗോപാലും ബേസിൽ തമ്പിയും രണ്ട് വീതം വിക്കറ്റ് നേടി. അഖിൽ സ്‌കറിയയും ബേസിൽ എൻപി എന്നിവർക്ക് ഓരോ വിക്കറ്റ് വീതമുണ്ട്. ജഡേജയെ കൂടാതെ ക്യാപ്റ്റൻ ജയ്ദേവ് ഉനദ്ഖട് 37 റൺസെടുത്തു.
സ്പോർട്സ് ഡെസ്ക്