അഹമ്മദാബാദ്: മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റിന് കീഴടക്കി വിജയ് ഹസാരെ ട്രോഫി ചാമ്പ്യന്മാരായി സൗരാഷ്ട്ര. കലാശപ്പോരിൽ മഹാരാഷ്ട്ര ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം 46.3 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി സൗരാഷ്ട്ര മറികടന്നു. 133 റൺസ് നേടി പുറത്താവാതെ നിന്ന ഷെൽഡൻ ജാക്ക്‌സൺ ആണ് സൗരാഷ്ട്രയുടെ വിജയശില്പി.

ഹർവിക് ദേശായ് (50), ചിരാഗ് ജാനി (30 നോട്ടൗട്ട്) എന്നിവരും മികച്ച പ്രകടനം നടത്തി. വിജയ് ഹസാരെ തുടരെ മൂന്നാം സെഞ്ചുറി പ്ലസ് സ്‌കോർ നേടിയ ഋതുരാജ് ഗെയ്ക്വാദിന്റെ (108) ഇന്നിംഗാണ് മഹാരാഷ്ട്രയെ മാന്യമായ സ്‌കോറിലെത്തിച്ചത്. പരമ്പരയിൽ 660 റൺസ് പേരിൽ കുറിച്ച ഋതുരാജാണ് പരമ്പരയിലെ താരം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മഹാരാഷ്ട്ര ഋതുരാജ് ഗെയ്കവാദിന്റെ (108) സെഞ്ചുറി കരുത്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 248 റൺസാണ് നേടിയത്. ചിരാഗ് ജനി ഹാട്രിക് ഉൾപ്പെടെ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മറുപടി ബാറ്റിംഗിൽ സൗരാഷ്ട്ര 46.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സെഞ്ചുറി നേടിയ ഷെൽഡൺ ജാക്സണാണ് (136 പന്തിൽ പുറത്താവാതെ 133) സൗരാഷ്ട്രയെ വിജയത്തിലേക്ക് നയിച്ചത്.

ഒന്നാം വിക്കറ്റ് കൂട്ടൂകെട്ടിലൂടെ തന്നെ സൗരാഷ്ട്ര ആധിപത്യം നേടി. ഷെൽഡൺ- ഹാർവിക് ദേശായ് (50) സഖ്യം 125 റൺസ് കൂട്ടിചേർത്തു. 67 പന്തിൽ ഏഴ് ബൗണ്ടറികളുടെ സഹായത്തോടെയാണ് ദേശായ് 50 റൺസ് അടിച്ചെടുത്തത്. എന്നാൽ ഹാർവിക്കിനേയും ജയ് ഗോഹിലിനേയും (0) ഒരോവറിൽ മടക്കിയയച്ച് മുകേഷ് ചൗധരി മഹാരാഷ്ട്രയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് തോന്നിച്ചു.

ഇതിനിടെ സമർത്ഥ് വ്യാസ് (12), അർപിത് വാസവദ (15), പ്രേരക് മങ്കാദ് (1) എന്നിവരും മടങ്ങി. എന്നാൽ ചിരാഗിനെ (30) കൂട്ടുപിടിച്ച് ഷെൽഡൺ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 136 പന്തിൽ അഞ്ച് സിക്സും 12 ഫോറും ഉൾപ്പെടുന്നതായിരുന്നു ഷെൽഡണിന്റെ ഇന്നിങ്സ്. ചിരാഗ്- ഷെൽഡൺ സഖ്യം 57 റൺസ് കൂട്ടിചേർത്തു. മുകേഷിന് പുറമെ, വിക്കി ഒസ്ത്വാളും രണ്ട് വിക്കറ്റ് വീഴ്‌ത്തി. സത്യജീത് ബച്ചവിനും ഒരു വിക്കറ്റുണ്ട്.

നേരത്തെ, ഗെയ്ദവാദിന് മാത്രമാണ് മഹാരാഷ്ട്ര നിരയിൽ തിളങ്ങാനായത്. 131 പന്തിൽ നാല് സിക്സും ഏഴ് ഫോറും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. അസിം കാസി (37), നൗഷാദ് ഷെയ്ഖ് (31) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങൾ. പവൻ ഷാ (4), ബച്ചവ് (27), അങ്കിത് ബാവ്നെ (16), സൗരഭ് നവലെ (13) എന്നിവർക്കും തിളങ്ങാനായില്ല.

രാജ്വർധൻ ഹംഗർഗേക്കർ (0), വിക്കി ഒസ്ത്വൾ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. മുകേഷ് ചൗധരി (2) പുറത്താവാതെ നിന്നു. ചിരാഗിന് പുറമെ, പ്രേരക് മങ്കാദ്, പാർത്ഥ് ഭട്ട്, ഉനദ്ഖട് എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.