മുംബൈ: മഹാരാഷ്ട്രയെ 154 റൺസിന് തകർക്ക് കേരളം വിജയ് ഹസാരെ ഏകദിന ട്രോഫിയിയുടെ ക്വാർട്ടർ ഫൈനലിൽ കടന്നു. ബാറ്റർമാരും ബൗളർമാരും ശോഭിച്ച മത്സരത്തിലാണ് കേരളം മഹാരാഷ്ട്രയെ തകർത്തത്. 384 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മഹാരാഷ്ട്രയെ 37.4 ഓവറിൽ 230 റൺസിൽ ഓൾറൗട്ടാക്കി 153 റൺസിന്റെ ജയം സഞ്ജു സാംസണും സംഘവും സ്വന്തമാക്കി.

ബാറ്റിംഗിൽ രോഹൻ എസ് കുന്നുമ്മലും കൃഷ്ണ പ്രസാദും സെഞ്ചുറി നേടിയപ്പോൾ ബൗളിംഗിൽ ശ്രേയാസ് ഗോപാൽ, വൈശാഖ് ചന്ദ്രൻ എന്നിവരുടെ സ്പിൻ മികവാണ് കേരളത്തെ തുണച്ചത്. ശ്രേയാസ് 8.4 ഓവറിൽ 38 റൺസിന് നാലും വൈശാഖ് 9 ഓവറിൽ 39ന് മൂന്നും വിക്കറ്റ് കീശയിലാക്കി. ബേസിൽ തമ്പിയും അഖിൻ സത്താറും ഓരോ വിക്കറ്റ് നേടി.

കേരളത്തിന്റെ കൂറ്റൻ സ്‌കോർ പിന്തുടർന്ന മഹാരാഷ്ട്രക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ കൗശൽ എസ് താംബെയും ഓം ഭോസലയും കേരള ബൗളർമാരെ ഒട്ടും ബഹുമാനിച്ചില്ല. ഈ കൂട്ടുകെട്ട് വലിയ അപകടഭീഷണിയുയർത്തി നീങ്ങുമ്പോൾ 21-ാം ഓവറിൽ നേരിട്ടുള്ള ത്രോയിൽ കൗശലിനെ (52 പന്തിൽ 50) മടക്കി ശ്രേയാസ് ഗോപാൽ കേരളത്തിന് ആത്മവിശ്വാസമേകി. 139 റൺസാണ് ഓപ്പണിങ് വിക്കറ്റിൽ മഹാരാഷ്ട്ര താരങ്ങൾ ചേർത്തത്. ഓം ഭോസലയെ (71 പന്തിൽ 78) തൊട്ടടുത്ത ഓവറിൽ ശ്രേയാസ് ഗോപാൽ, അബ്ദുൾ ബാസിത്തിന്റെ കൈകളിൽ എത്തിച്ചതോടെ കേരളം മത്സരത്തിലേക്ക് മടങ്ങിയെത്തി.

ബേസിൽ തമ്പിയുടെ അടുത്ത ഓവറിൽ നായകൻ കേദാർ ജാദവിനെ (7 പന്തിൽ 11) വിക്കറ്റിന് പിന്നിൽ സഞ്ജു സാംസൺ പറക്കും ക്യാച്ചിലും പുറത്താക്കിയതോടെ ശ്വാസം വീണു. അൻകിത് ബവാനെയെയും (17 പന്തിൽ 15) അഖിൻ സത്താറിന്റെ പന്തിൽ സഞ്ജു പിടികൂടി. വൈകാതെ സിദ്ധാർഥ് മഹാത്രേയെയും (16 പന്തിൽ 17), ആസിം കാസിയെയും 8 പന്തിൽ 4) വൈശാഖ് ചന്ദ്രൻ പറഞ്ഞയച്ചതോടെ കേരളം പിടിമുറുക്കി. 20.1 ഓവറിൽ 139-0 എന്ന നിലയിലായിരുന്ന മഹാരാഷ്ട്ര ഇതോടെ 30.3 ഓവറിൽ 198-6 എന്ന നിലയിൽ പരുങ്ങലിലായി. പിന്നീടങ്ങോട്ട് മഹാരാഷ്ട്രയുടെ ഇന്നിങ്സിന് അധികം ആയുസുണ്ടായിരുന്നില്ല. 19 പന്തിൽ 20 എടുത്ത രാമകൃഷ്ണൻ ഘോഷിനെ ശ്രേയാസ് ഗോപാലും, പ്രദീപ് ദാദ്ധേയെ ഗോൾഡൻ ഡക്കാക്കി വൈശാഖ് ചന്ദ്രനും മടക്കിയതോടെ മഹാരാഷ്ട്ര 34.3 ഓവറിൽ 222-8. നിഖിൽ നായ്ക് (27 പന്തിൽ 21), മനോജ് ഇൻഗലെ (2 പന്തിൽ 0) എന്നിവരെ ഒരേ ഓവറിൽ പുറത്താക്കി നാല് വിക്കറ്റ് തികച്ച ശ്രേയാസ് ഗോപാൽ കേരളത്തിന് ഗംഭീര ജയം സമ്മാനിച്ചു.

നേരത്തെ ഓപ്പണർമാരായ കൃഷ്ണ പ്രസാദിന്റെയും രോഹൻ എസ്. കുന്നുമ്മലിന്റെയും സെഞ്ച്വറി കരുത്തിൽ കേരളം 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 383 റൺസെടുത്തിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോറാണിത്. കേരളത്തിനായി പതിയെ തുടങ്ങിയ ഓപ്പണർമാരായ രാഹുലും പ്രസാദും മഹാരാഷ്ട്ര ബൗളർമാരെ അടിച്ചുപറത്തുന്നതാണ് കണ്ടത്. 95 പന്തിൽ 120 റൺസെടുത്താണ് രോഹൻ പുറത്തായത്. ഒരു സിക്‌സും 18 ഫോറുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. പ്രസാദ് 137 പന്തിൽ 144 റൺസെടുത്തു. നാലു സിക്‌സും 13 ഫോറും നേടി. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 34.1 ഓവറിൽ 218 റൺസാണ് അടിച്ചുകൂട്ടിയത്.

രോഹനെ പുറത്താക്കി അസിം കാസിയാണ് മഹാരാഷ്ട്രക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ സഞ്ജു സാംസണുമായി ചേർന്ന് പ്രസാദ് അതിവേഗം ടീമിന്റെ സ്‌കോർ ഉയർത്തി. സ്‌കോർ 292ൽ നിൽക്കെ രാമകൃഷ്ണ ഘോഷിന്റെ പന്തിൽ സഞ്ജു ക്ലീൻ ബൗൾഡ്. 25 പന്തിൽ നാലു ഫോറടക്കം 29 റൺസെടുത്താണ് താരം പുറത്തായത്. ടീം 300 കടന്നതോടെ പ്രസാദും പുറത്തായി. പ്രദീപ് ദാന്തെയുടെ പന്തിൽ ക്യാച് നൽകിയാണ് താരം മടങ്ങിയത്.

പിന്നാലെ വമ്പനടികളുമായി വിഷ്ണു വിനോദും അബ്ദുൽ ബാസിത്തും കളംനിറഞ്ഞു. 23 പന്തിൽ 43 റൺസെടുത്ത് വിഷ്ണു പുറത്തായി. നാലു സിക്‌സും ഒരു ഫോറും താരം നേടി. 18 പന്തിൽ 35 റൺസുമായി ബാസിത്തും ഒരു റണ്ണുമായി സചിൻ ബേബിയും പുറത്താകാതെ നിന്നു.

ടോസ് നേടിയ മഹാരാഷ്ട്ര കേരളത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മഹാരാഷ്ട്രക്കായി പ്രദീപ് ദാന്തെ, രാമകൃഷ്ണ ഘോഷ്, അസിം കാസി, മനോജ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ഏഴു മത്സരങ്ങളിൽ 20 പോയന്റുമായി തുല്യത പാലിച്ചതോടെയാണ് ക്വാർട്ടർ തേടി ഇരുടീമുകളും ഏറ്റുമുട്ടുന്നത്. മരാഹാഷ്ട്രയെ തോൽപ്പിച്ചതോടെ കേരളം ക്വാർട്ടറിലേക്ക് യോഗ്യത നേടി. ക്വാർട്ടറിൽ ഹരിയാനയാണ് എതിരാളികൾ.