ബ്രിസ്ബേൻ: ട്വന്റി 20 ലോകകപ്പിലെ സന്നാഹ മത്സരത്തിൽ ഓസ്‌ട്രേലിയയെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം. ആറു റൺസിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുക്കാനേ ഓസീസിനു സാധിച്ചുള്ളൂ.

മുഹമ്മദ് ഷമിയുടെ അവസാന ഓവറാണ് തോൽവി ഉറപ്പിച്ച ശേഷം ജയത്തിലേക്ക് കുതിച്ചുകയറാൻ ഇന്ത്യയെ സഹായിച്ചത്. ത്രില്ലർ ജയത്തിൽ ഷമിയുടെ മിന്നൽ ബൗളിംഗിനൊപ്പം അവസാന നിമിഷങ്ങളിൽ ഫീൽഡിലെ കോലിയുടെ പ്രകടനവും വാഴ്‌ത്തപ്പെടുകയാണ്.

ബാറ്റിംഗിൽ മികച്ച തുടക്കത്തിന് ശേഷം നിരാശപ്പെടുത്തി മടങ്ങിയ മുൻ ഇന്ത്യൻ നായകൻ ഫീൽഡിൽ അവിശ്വസനീയ പ്രകടനം പുറത്തെടുത്താണ് ടീം ഇന്ത്യക്ക് വിജയ വഴി തുറന്നുകൊടുത്തത്. 19 റൺസ് ബാറ്റിംഗിൽ നേടിയ കോലി രണ്ട് ക്യാച്ചും ഒരു റൺഔട്ടുമാണ് ഫിൽഡിൽ സമ്പാദിച്ചത്. ഇതിൽ തന്നെ ടിം ഡേവിഡിന്റെ റൺഔട്ടും കമ്മിൻസിന്റെ ക്യാച്ചും ആരെയും അമ്പരപ്പിക്കുന്നതാണ്.

 
 
 
View this post on Instagram

A post shared by ICC (@icc)

മുഹമ്മദ് ഷമി എറിഞ്ഞ പത്തൊൻപതാം ഓവറിൽ 11 റൺസാണ് ഓസ്‌ട്രേലിയയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഷമി വഴങ്ങിയതു വെറും നാലു റൺസുകൾ മാത്രമാണ്. ഓവറിലെ അവസാന നാലു പന്തുകളിലും ഓസീസ് താരങ്ങൾ പുറത്തായി. അതിൽ ഒന്നു സംഭവിച്ചത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ ക്യാച്ച് വഴിയായിരുന്നു. ബൗണ്ടറി ലൈനിനു സമീപം നിൽക്കുകയായിരുന്ന കോലി ഒറ്റക്കൈകൊണ്ടാണു പന്ത് പിടിച്ചെടുത്തത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്.

ജയിക്കാൻ നാലു പന്തിൽ ഏഴു റൺസ് വേണമെന്നിരിക്കെ ഗംഭീര പ്രകടനങ്ങളിലൂടെ കളി മാറ്റാൻ ശേഷിയുള്ള പാറ്റ് കമ്മിൻസായിരുന്നു ക്രീസിൽ. ഷമിയെ ലോങ് ഓണിനു മുകളിലൂടെ സിക്‌സ് പറത്താനായിരുന്നു കമ്മിൻസിന്റെ ശ്രമം. സിക്‌സെന്നുറപ്പിച്ച ഷോട്ട് വിരാട് കോലി ചാടിപ്പിടിക്കുകയായിരുന്നു. തുടർന്നുവന്ന പന്തുകളിലും ഓസീസ് താരങ്ങൾ പുറത്തായതോടെ ഇന്ത്യയ്ക്ക് ആറു വിക്കറ്റു ജയം.

അവസാന ഓവറിലും രക്ഷകനായി കോലി അവതരിക്കുകയായിരുന്നു. കമ്മിൻസിന്റെ സിക്‌സെന്നുറപ്പിച്ച ഷോട്ടാണ് ബൗണ്ടറി ലൈനിൽ നിന്ന് പറന്നുയർന്ന് കോലി കൈക്കുള്ളിലാക്കിയത്. ഇന്ത്യ ആറ് റൺസിന് മാത്രം ജയിച്ച മത്സരമായതിനാൽ തന്നെ ആ ക്യാച്ചിന് വിജയത്തോളം മധുരമുണ്ട്.

ഇന്ത്യക്ക് ഏറെ നിർണായക വിക്കറ്റ് സമ്മാനിച്ച് കോലി ടിം ഡേവിഡിനെ പറഞ്ഞയച്ചത്. കോലിയുടെ ഫിറ്റ്‌നസിന്റെ മികവ് മുഴുവൻ കാട്ടുന്നതായിരുന്നു ആ റൺഔട്ട്. വെടിക്കെട്ടുവീരൻ ഡേവിഡ് പുറത്തായത് മത്സരത്തിലെ നിർണായക വഴിത്തിരിവായിരുന്നു.

 
 
 
View this post on Instagram

A post shared by ICC (@icc)

അതേസമയം ഇന്ത്യ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 180ൽ ഓൾഔട്ടാകുകയായിരുന്നു. മത്സരത്തിൽ അവസാന ഓവർ മാത്രം എറിഞ്ഞ ഷമി 4 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മറുപടി ബാറ്റിംഗിൽ മികച്ച തുടക്കമാണ് നായകൻ ആരോൺ ഫിഞ്ചും മിച്ചൽ മാർഷും ഓസീസിന് നൽകിയത്. മാർഷ് 18 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം 35 റൺസെടുത്തു. പിന്നാലെയെത്തിയ സ്റ്റീവ് സ്മിത്തിനെ(12 പന്തിൽ 11) ചാഹൽ ബൗൾഡാക്കി. പിന്നാലെ മാക്സ്വെല്ലിനെ (16 പന്തിൽ 23) ഭുവി പുറത്താക്കി. പോരാട്ട മികവ് പുറത്തെടുത്ത ക്യാപ്റ്റൻ ഫിഞ്ച് (54 പന്തിൽ 79) മടങ്ങിയതോടെ ഓസ്‌ട്രേലിയ തോൽവിയിലേക്ക് നിലം പതിക്കുകയായിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മിന്നും ഫോം തുടർന്ന് അർധസെഞ്ചുറി കണ്ടെത്തിയ കെ എൽ രാഹുലിന്റെയും സൂര്യകുമാർ യാദവിന്റേയും കരുത്തിലാണ് മികച്ച ടോട്ടലിലെത്തിയത്. ഓപ്പണറായ രാഹുൽ 33 പന്തിൽ 57 ഉം നാലാം നമ്പറിലെത്തിയ സൂര്യ 33 പന്തിൽ 50 ഉം റൺസെടുത്ത് പുറത്തായി. നായകൻ രോഹിത് ശർമ്മ 15 റൺസിലും വിരാട് കോലിയും 19 ലും ഹാർദിക് പാണ്ഡ്യ രണ്ടിലും ദിനേശ് കാർത്തിക് 20ലും ആർ അശ്വിൻ ആറിലും മടങ്ങി. കംഗാരുക്കൾക്കായി കെയ്ൻ റിച്ചാർഡ്സൺ നാല് വിക്കറ്റ് വീഴ്‌ത്തി.