- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ പരാജിതനായ ക്യാപ്റ്റനെന്ന് മുദ്ര കുത്തപ്പെട്ടു; ഒരു ലോകകപ്പ് പോലും നേടാനാകാതെ പോയ താരങ്ങളില്ലെ? ടീമിന്റെ ശൈലിയിൽ കാര്യമായ വ്യത്യാസം വരുത്താൻ സാധിച്ചത് അഭിമാനകരമായ നേട്ടം'; വിമർശനങ്ങൾക്ക് മറുപടിയുമായി വിരാട് കോലി
ബെംഗളൂരു: ഐസിസി ടൂർണമെന്റുകളിൽ കിരീടമില്ലാത്തതിന്റെ പേരിൽ തന്നെ പരാജയപ്പെട്ട ക്യാപ്റ്റനായി പലരും വിലയിരുത്തിയെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. അതേസമയം, ടീമിന്റെ ശൈലിയിൽ കാര്യമായ വ്യത്യാസം വരുത്താൻ സാധിച്ചതിനെ വളരെ അഭിമാനത്തോടെയാണ് കാണുന്നതെന്നും കോലി പ്രതികരിച്ചു. ഒരു കളിക്കാരനെന്ന നിലയിൽ താൻ ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും നേടിയിട്ടുണ്ടെന്നും 34 കാരനായ താരം ചൂണ്ടിക്കാട്ടി.
നാല് ഐസിസി ടൂർണമെന്റുകളിൽ ടീമിനെ നയിച്ചിട്ടും ജയിക്കാനാകാതെ വന്നതോടെയാണ് താൻ പരാജിതനായ ക്യാപ്റ്റനെന്നു മുദ്രകുത്തപ്പെട്ടതെന്ന് കോലി ചൂണ്ടിക്കാട്ടി. അതേസമയം, ഇന്ത്യൻ ടീമിന്റെ ശൈലിയിൽ കാതലമായ മാറ്റം കൊണ്ടുവരാൻ ക്യാപ്റ്റനെന്ന നിലയിൽ തനിക്കു കഴിഞ്ഞിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോലി, ഇക്കാര്യത്തിൽ തനിക്ക് അഭിമാനമുണ്ടെന്നും വ്യക്തമാക്കി. 2008ലെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്കു നയിച്ച നായകനാണ് കോലി.
''നോക്കൂ, ജയിക്കാനായാണ് നാം ടൂർണമെന്റുകൾ കളിക്കുന്നത്. 2017 ചാംപ്യൻസ് ട്രോഫിയിലും (ഫൈനലിൽ തോറ്റു), 2019ലെ ഏകദിന ലോകകപ്പിലും (സെമിയിൽ തോൽവി), ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും (ഫൈനലിൽ തോൽവി), 2021 ട്വന്റി20 ലോകകപ്പിലും (നോക്കൗട്ടിൽ കടക്കാനായില്ല) ഞാനാണ് ടീമിനെ നയിച്ചത്. നാല് ഐസിസി ടൂർണമെന്റുകളിൽ കിരീടം അകന്നതോടെ, ഞാൻ പരാജിതനായ ക്യാപ്റ്റനെന്ന് മുദ്ര കുത്തപ്പെട്ടു' ആർസിബിയുടെ പോഡ്കാസ്റ്റിൽ കോലി ചൂണ്ടിക്കാട്ടി.
''ആ ഒരു കാഴ്ചപ്പാടിൽ നിന്ന് ഞാൻ ഒരിക്കലും എന്നെ വിലയിരുത്തിയിട്ടില്ല. ടീമെന്ന നിലയിൽ നമ്മൾ നേടിയതും ടീമിന്റെ ശൈലിയിൽ വന്ന വ്യത്യാസവും എന്നെ സംബന്ധിച്ച് അഭിമാനാർഹമായ നേട്ടങ്ങളാണ്. ഒരു ടൂർണമെന്റ് ചെറിയൊരു കാലയളവിൽ നടത്തപ്പെടുന്ന കാര്യമാണ്. പക്ഷേ, ടീമിന്റെ ശൈലിയിൽ വരുന്ന വ്യത്യാസം ദീർഘനാളുകൾ കൊണ്ട് സംഭവിക്കുന്നതാണ്. ഒരു ടൂർണമെന്റ് ജയിക്കുന്നതിനേക്കാൾ സ്ഥിരതയും സ്ഥൈര്യവുമുണ്ടെങ്കിൽ മാത്രമേ ഇത്തരമൊരു വ്യത്യാസം ടീമിൽ കൊണ്ടുവരാനാകൂ' കോലി ചൂണ്ടിക്കാട്ടി.
''കളിക്കാരനെന്ന നിലയിൽ ഞാൻ ലോകകപ്പ് നേടിയിട്ടുണ്ട്. കളിക്കാരനെന്ന നിലയിൽ ചാംപ്യൻസ് ട്രോഫിയും നേടിയിട്ടുണ്ട്. ടെസ്റ്റ് പരമ്പരകൾ നേടിയ ടീമിലും ഞാൻ അംഗമായിരുന്നു. അങ്ങനെ നോക്കിയാൽ ഇതുവരെ ഒരു ലോകകപ്പ് പോലും നേടാനാകാതെ പോയ താരങ്ങളുണ്ടെന്നു കാണാം' കോലി ചൂണ്ടിക്കാട്ടി.
''2011ൽ ഏകദിന ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരിക്കാൻ ഭാഗ്യം ലഭിച്ചയാളാണ് ഞാൻ. അന്ന് എനിക്ക് ടീമിൽ ഇടം കിട്ടിയതു തന്നെ മികച്ച പ്രകടനം കാഴ്ചവച്ചതിനാലാണ്. അന്ന് ആറാം ലോകകപ്പിലാണ് സച്ചിൻ ആദ്യമായി കിരീടം ചൂടിയത്. ആദ്യമായി ടീമിലെത്തിയപ്പോൾത്തന്നെ എനിക്ക് കിരീടം നേടാനായി' കോലി പറഞ്ഞു.
2021 ലെ ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തായതിന് ശേഷം കോഹ്ലി ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു. ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം തന്റെ തീരുമാനം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഏകദിന ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യൻ നായക സ്ഥാനം ഒഴിഞ്ഞിരുന്നു.