ന്യൂഡൽഹി: ക്രിക്കറ്റ് ലോകത്തിന് പുറത്തും വിരാട് കോലി തന്നെ യഥാർത്ഥ കിങ്. മൈതാനത്ത് തകർപ്പൻ ബാറ്റിംഗുമായി ആരാധകരുടെ മനസ് കീഴടക്കുന്ന വിരാട് കോലി ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിലും കരുത്തുകാട്ടുകയാണ്. 250 മില്യൺ ഫോളോവേഴ്‌സ് നേട്ടമാണ് കോഹ്ലി കൈവരിച്ചത്. ഇൻസ്റ്റാഗ്രാമിൽ 250 ഫോളോവേഴ്‌സുള്ള ഏക ഏഷ്യൻ താരമാണ് കോഹ്ലി. ഇൻസ്റ്റഗ്രാമിൽ 250 മില്യൺ ഫോളോവേഴ്സുള്ള മൂന്നാമത്തെ കായികതാരം കൂടിയാണ് കോഹ്ലി.

കോഹ്ലിക്ക് മുന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവരാണുള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 585 മില്യൺ ഫോളോവേഴ്‌സും 464 മില്യൺ ഫോളോവേഴ്‌സുമാണുള്ളത്.
ഇത്തവണത്തെ ഐപിഎൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സിനായി കോഹ്ലി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. 14 മത്സരങ്ങളിൽ നിന്ന് ആറ് അർധസെഞ്ചുറികളുടെയും തുടർച്ചയായ രണ്ട് സെഞ്ചുറികളുടെയും സഹായത്തോടെ 639 റൺസാണ് കോലി അടിച്ചുകൂട്ടിയത്.

ഈ സീസണിൽ രണ്ട് സെഞ്ചുറി നേടിയതോടെ ഐ.പി.എല്ലിന്റെ ചരിത്രത്തിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരം എന്ന റെക്കോഡ് കോലി സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിലും കോലി തന്നെയാണ് മുന്നിൽ. ഐപിഎൽ ചരിത്രത്തിൽ 7000 റൺസ് നേടുന്ന ആദ്യ താരമായി കോഹ്ലി.

ലോകത്തു തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റ് താരമാണ് ഒരാളാണ് കോലി. ചുരുക്കിപ്പറഞ്ഞാൽ സാമൂഹിക മാധ്യമങ്ങളിലെ പ്രീതിയിൽ മൂന്നാമതാണ് കൊഹ്ലി. വ്രോങ്, മിന്ത്ര, പെപ്സി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ മുഖം കൊഹ്ലി ആകാനുള്ള കാരണവും ഈ ജനപ്രീതി തന്നെ.

റെക്കോഡുകളുടെ കളിത്തോഴൻ എന്നറിയപ്പെടുന്ന കൊഹ്ലിയുടെ ആരാധകർ ഇല്ലാത്ത സ്ഥലം ഇന്നു ഭൂലോകത്ത് ഉണ്ടാകില്ല. കഴിഞ്ഞ വർഷം 220 മില്യൺ ആളുകളാണ് കൊഹ്ലിയെ ഇൻസ്റ്റയിൽ പിന്തുടർന്നിരുന്നത്. ലോകത്തു തന്നെ ഇത്രയും കൂടുതൽ ആരാധകരുള്ള മറ്റൊരു ക്രിക്കറ്റ് താരമില്ല. ഹൂപ്പർ എച്ച്ക്യൂവിന്റെ 2022 ഇൻസ്റ്റഗ്രാം റിച്ച് ലിസ്റ്റ് പ്രകാരം കൊഹ്ലി ഇൻസ്റ്റയിൽ ഒരു പോസ്റ്റ് ഇടുന്നതിന് 8.9 കോടി രൂപ കൈപ്പറ്റുന്നുണ്ടെന്നായിരുന്നു കഴിഞ്ഞ വർഷത്തെ കണക്ക്. ഈ വർഷം ഇത് ഒൻപത് കോടിയും പിന്നിട്ടുകഴിഞ്ഞു.

ക്രിക്കറ്റിനു പുറമേ കൊഹ്ലിക്ക് നിരവധി വരുമാന മാൾഗങ്ങളുണ്ട്. ബ്രാൻഡ് എൻഡോഴ്സ്മെന്റ്, ഇൻവെസ്റ്റ്മെന്റ്സ് എന്നിവ ഇതിൽ ചിലത് മാത്രം. ബിസിസിഐയുടെ എ പ്ലസ് കാറ്റഗറിയിൽ ഉൾപ്പെടുന്ന കൊഹ്ലിയുടെ ക്രിക്കറ്റിൽ നിന്നുള്ള വാർഷിക വരുമാനം നേരത്തെ 7 കോടി രൂപയായിരുന്നു. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പ്രതിനിധീകരിക്കുന്നതിനു മാത്രം ലഭിക്കുന്നത് 15 കോടി രൂപയാണ്.

സ്പോർട്കീഡയുടെ റിപ്പോർട്ട് പ്രകാരം കൊഹ്ലിയുടെ മൊത്തം ആസ്തി നിലവിൽ ഏകദേശം 127 മില്യൺ ഡോളർ വരും. അതായത് ഏകദേശം 1,040 കോടി രൂപ. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളിൽ 66-ാം സ്ഥാനത്താണ് കൊഹ്ലി. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയ കമ്പനിയായ സ്പോർട്സ് പ്രോ തയാറാക്കിയ ഏറ്റവും കൂടുതൽ വിപണിശേഷിയുള്ള കായികതാരങ്ങളുടെ 2022- ലെ പട്ടികയിൽ കൊഹ്ലി 10- ാമതാണ്.

ഓഡി, പ്യൂമ, മിന്ത്ര തുടങ്ങിയ ഒരുപിടി കമ്പനികളിൽ നിന്നു മാത്രം ഇദ്ദേഹം വർഷത്തിൽ 20 മില്യൺ ഡോളർ (165 കോടി രൂപ) സമ്പാദിക്കുന്നുണ്ടെന്ന് ഫോർബ്സ് റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 30 ഓളം ബ്രാൻഡുകൾ കൊഹ്ലിയുമായി കരാറിലേർപ്പെട്ടിരിക്കുന്നു.