ബ്രിഡ്ജ്ടൗൺ: രോഹിത് ശർമ്മയും ഋഷഭ് പന്തും സൂര്യകുമാർ യാദവുമായിരുന്നു 2024 ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യയ്ക്ക് ആവേശ വിജയം നൽകിയ ബാറ്റിങ് കരുത്ത്. ഈ മൂന്ന് പേരിൽ ഒരാൾ തകർത്തടിക്കുമെന്നായിരുന്നു ആരാധക പ്രതീക്ഷ. എന്നാൽ ഇവർക്കായി വ്യക്തമായ പദ്ധതികൾ ദക്ഷിണാഫ്രിക്കയുടെ ബൗളിങ് ബുദ്ധിയിൽ ഒരുങ്ങി. ഇതോടെ മാന്യമായ സ്‌കോർ പോലും ഇന്ത്യയ്ക്ക് നേടാനാകുമോ എന്ന ആശങ്ക ആരാധകരിലെത്തി. ക്യാപ്ടൻ രോഹിത്തിനൊപ്പം ഈ ടൂർണ്ണമെന്റിൽ ഓപ്പൺ ചെയ്ത വിരാട് കോലിയുടെ മോശം ഫോമായിരുന്നു ഇതിനെല്ലാം കാരണം.

ഏഴു കളികളിൽ നിന്ന് വെറും 75 റൺസായിരുന്നു സെമി ഫൈനൽ വരെ ഈ താരത്തിന്റെ സമ്പാദ്യം. തൊട്ടു മുമ്പ് നടന്ന ഐപിഎല്ലിൽ 15 കളികളിൽ നിന്നും 741 റൺസ് നേടിയ ബംഗ്ലൂരു റോയൽ ചലഞ്ചേഴ്‌സിന്റെ 'രംഗണ്ണന്' അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടന്ന 20-20 ലോകകപ്പിലെ ആദ്യ ഏഴു കളിയും നിരാശയുടേതായിരുന്നു. ഫൈനലിൽ കഥമാറ്റി ബംഗ്ലൂരുവിന്റെ രംഗണ്ണൻ! ഇന്ത്യ കപ്പുയർത്തുമ്പോൾ കളിയിലെ കേമൻ പട്ടവും വിരാടിനാണ്. ഇനി ട്വന്റി ട്വന്റി ക്രക്കിറ്റ് ഇന്ത്യയ്ക്കായി കളിക്കില്ലെന്നും താരം പറയുന്നു. കപ്പുമായി യുവതലമുറയ്ക്ക് വഴിമാറുകായണ് ഇന്ത്യൻ ക്രിക്കറ്റിലെ ഷോ മാൻ.

ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ചുകളിൽ കളിച്ച ഓർമ്മയിൽ മുമ്പോട്ട് കുതിച്ച് സിക്‌സറും ഫോറും നേടാനുള്ള 'രംഗണ്ണന്റെ' അതിമോഹമായിരുന്നു ട്വന്റി ട്വന്റി ലോകകപ്പിലെ ഏഴുകളികളിൽ കണ്ടത്. വെറുതെ വിക്കറ്റ് വലിച്ചെറിഞ്ഞു. ബൗളറുടെ മികവിന് അപ്പുറം ഷോട്ട് തിരഞ്ഞെടുത്തതിലെ അപാകതകളായിരുന്നു കോലിക്ക് തിരിച്ചടിയായത്. ഓഫ് സ്റ്റെമ്പിൽ പലപ്പോഴും പതറുന്ന കോലിയുടെ പോരായ്മയും ബൗളർമാർ തിരിച്ചറിഞ്ഞിരുന്നു. കലാശപോരാട്ടത്തിന് എത്തുമ്പോൾ ഈ താരം ചിലതെല്ലാം മനസ്സിൽ കുറിച്ചു. അത് കളിശൈലിയും പ്രകടമായി.

ക്രീസിൽ നിന്നും ചാടിയിറങ്ങുന്നത് മതിയാക്കി. പകരം ക്രീസിൽ നിലയറുപ്പിച്ചു. വെസ്റ്റ് ഇൻഡീസിലെ പിച്ചുകളിലെ വേഗത കുറവ് കോലി ശരിക്കും തിരിച്ചറിഞ്ഞു. സ്‌കിസർ അടിക്കൽ അല്ല പ്രധാനമെന്നും മാന്യമായ സ്‌കോറിലേക്ക് ഇന്ത്യയെ എത്തിക്കാൻ ക്രീസിൽ നിന്നാൽ മതിയെന്നും ഇന്ത്യയുടെ മുൻനായകൻ മനസ്സിലാക്കി. കൈയിലുള്ള അത്യുഗ്രൻ ഷോട്ടുകളൊന്നും കളിക്കാൻ മുതിർന്നില്ല. മറിച്ച് മാന്യമായ ഷോട്ടുകളിലൂടെ ഇന്ത്യൻ ബാറ്റിങ് തകരുന്നില്ലെന്ന് ഉറപ്പാക്കി. അക്‌സർ പട്ടേലിനെ കൂറ്റൻ ഷോട്ടുകൾക്ക് പ്രേരിപ്പിച്ച് മറുവശത്ത് കോലി വിക്കറ്റ് കാത്തു. ശിവം ദൂബെയേയും ക്രീസിൽ നിലയുറപ്പിക്കാൻ പ്രേരിപ്പിച്ചു. അങ്ങനെയാണ് ഇന്ത്യ 176 റൺസ് എന്ന മാന്യമായ സ്‌കോറിൽ എത്തിയത്. കോലിക്ക് ഒരായിരം നന്ദി.

സമാനതകളില്ലാത്ത പ്രകടനമാണ് കഴിഞ്ഞ ഐപിഎല്ലിൽ കോലി പുറത്തെടുത്തത്. ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച കോലി ഇന്ത്യൻ ക്രിക്കറ്റിന്റെ ആവേശമായി മാറി. ബംഗ്ലൂരു റോയൽ ചലഞ്ചേഴ്‌സിലെ 'രംഗണ്ണൻ' എന്ന വിളിപ്പേരും മലയാളി നൽകി. അത്ഭുതമെന്ന് കരുതിയ പലതും കഴിഞ്ഞ ഐപിഎല്ലിൽ ധോണി സാധ്യമാക്കി. ആദ്യ മത്സരങ്ങളിൽ തോറ്റു തുന്നംപാടിയ ബംഗ്ലൂരു ടീം അത്ഭുതകരമായി പ്ലേ ഓഫിലെത്തി. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സിന് പോലും അവസാനം ബംഗ്ലുരുവിന് മുന്നിൽ അടിതെറ്റി. പ്ലേ ഓഫിൽ സഞ്ജു വി സാംസണിന്റെ രാജസ്ഥാൻ റോയൽസിനോട് കോലി പട തോറ്റപ്പോഴും ടൂർണ്ണമെന്റിലെ മിന്നും താരമായി കോലി മാറിയിരുന്നു. ഈ ഫോം കോലിയിൽ നിന്നും ട്വന്റി ട്വന്റി ലോകകപ്പിലും ആരാധകർ പ്രതീക്ഷിച്ചു. പക്ഷേ മികച്ചത് വരാൻ ഫൈനൽ വേണ്ടി വന്നുവെന്നതാണ് യാഥാർത്ഥ്യം.

ട്വന്റി ട്വന്റി ലോകകപ്പിന്റെ ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കാറാണ് കോലിയുടെ 76 റൺസിന്റെ മികവിൽ ഇന്ത്യ പടുത്തുയർത്തിയത്. 59 പന്തിൽ ആറു ഫോറും രണ്ടു സിക്‌സും അടങ്ങുന്ന ക്ലാസിക് ഇന്നിങ്‌സ്. 48 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച് ഇന്ത്യൻ ബാറ്റിങ് ആടിയുലഞ്ഞില്ലെന്ന് ഉറപ്പാക്കിയ ശേഷം അവസാന ലെഗിൽ അതിവേഗം സ്‌കോർ ഉയർത്തിയ കോലി. പിച്ചിന്റെ വേഗത ശരിക്ക് മനസ്സിലാക്കിയ ശേഷം അവസാന ഓവറുകളിൽ ആഞ്ഞു വീശിയ കോലിയേയും ബ്രിഡ്ജ് ടൗൺ കണ്ടു. ഈ വിക്കറ്റിൽ ജയിക്കാൻ വേണ്ടത് 175ന് മുകളിൽ സ്‌കോറാണെന്ന് കണക്ക് കൂട്ടിയുള്ള കൃത്യമായ പ്ലാനിംഗായിരുന്നു കോലിയുടെ ഇന്നിങ്‌സ്. ബംമ്രയും അക്‌സർ പട്ടേലും കുൽദീപ് യാദവും നയിക്കുന്ന ഇന്ത്യൻ ബൗളിംഗിന് പ്രതിരോധിക്കാൻ വേണ്ട സ്‌കോർ നൽകിയ കോലി ഇന്നിങ്‌സ്. അങ്ങനെ ഇന്ത്യൻ ക്രിക്കറ്റിന് മറ്റൊരു ചരിത്ര ഇന്നിങ്‌സ് കൂടി കോലിയുടെ ബാറ്റ് നൽകുകയായിരുന്നു കലാശപോരാട്ടത്തിൽ.

2011 ലെ ഏകദിന ലോകകപ്പ് ഫൈനലിൽ എം.എസ്. ധോണി നടത്തിയ പ്രകടനം പോലൊന്ന് വിരാട് കോലിക്കും സാധിച്ചിരിക്കുന്നു. 2011 ൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 91 റൺസ് നേടിയ ധോണി ഇന്ത്യയെ ലോകകപ്പ് വിജയത്തിലെത്തിച്ചിരുന്നു. ശ്രീലങ്കയെ തോൽപിച്ചാണ് ഇന്ത്യ ഏകദിന ലോകകപ്പ് സ്വന്തമാക്കിയത്. 2011 ലോകകപ്പിൽ ധോണിക്കും മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഫൈനലിൽ കഥമാറി. സെമി ഫൈനൽ വരെ അന്ന് ധോണി നിറംമങ്ങിയ കളിയാണു പുറത്തെടുത്തത്. ഫൈനലിൽ കുലശേഖരയെ ലോങ് ഓണിലേക്ക് ധോണി സിക്‌സർ പറത്തിയത് എല്ലാവരുടേയും മനസ്സിൽ ആഴത്തിൽ പതിഞ്ഞ ചിത്രമാണ്. ബ്രിഡ്ജ്ടൗണിൽ യാൻസണെതിരെ സിക്‌സ് നേടി കോലിയും ധോണിയുടെ ആ പോരാട്ട മികവ് ആവർത്തിക്കുകയായിരുന്നു. ഇതിനു മുൻപു കളിച്ച് അഞ്ച് ട്വന്റി20 ലോകകപ്പുകളിലും ഇന്ത്യൻ ടീമിനു നിർണായക സംഭവന നൽകിയ താരമാണ് കോലി. 2014, 2016 ലോകകപ്പുകളിൽ പ്ലെയർ ഓഫ് ദ് ടൂർണമെന്റായ കോലി, 2022ൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവുമാണ്. 2024ൽ ഫൈനലിലെ അത്ഭുത പ്രകടനവും.

കോലിയുടെ ഫോമിൽ യാതൊരു ആശങ്കയുമില്ലെന്നും ഏറ്റവും മികച്ച പ്രകടനം കോലി ഫൈനലിനായി കരുതിവെച്ചിരിക്കുകയാണെന്നും ദ്രാവിഡും രോഹിത്തും ഒരേസ്വരത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. വലിയ മത്സരങ്ങളിൽ വിരാട് കോലിയുടെ സാന്നിധ്യം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ടീമിന് വ്യക്തമായി അറിയാമെന്നു 15 വർഷമായി ക്രിക്കറ്റ് കളിക്കുന്ന ഒരു കളിക്കാരന്റെ ഫോമിന് അത്രമാത്രം പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നും രോഹിത് പറഞ്ഞിരുന്നു. കുറച്ചു സമയമെ ക്രീസിലുണ്ടായിരുന്നുള്ളുവെങ്കിലും കോലി നല്ല ടച്ചിലായിരുന്നു, കോലി ഒരുപക്ഷെ തന്റെ ഏറ്റവും മികച്ച പ്രകടനം ഫൈനലിലേക്ക് മാറ്റിവെച്ചിരിക്കുകയാവുമെന്നും പ്രതീക്ഷ പങ്കുവച്ചു. ക്യാപട്‌ന്റെ ആ പ്രതീക്ഷയാണ് 2024ലെ ഫൈനലിൽ കോലി കാത്തതും.