ധരംശാല: മുഹമ്മദ് ഷമിയും വിരാട് കോലിയും ചേർന്നുള്ള പ്രകടനമാണ് ഇന്നലെ ധരംശാലയിൽ കീവീസിനെ തോൽപ്പിക്കാൻ ഇന്ത്യക്ക് സാധിച്ചതിൽ നിർണായകമായി മാറിയ കാര്യം. തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടുമെന്ന ഘട്ടത്തിൽ വച്ചായിരുന്നു കോലിക്ക് അത് നഷ്ടമായത്. ചില റെക്കോർഡുകൾ നഷ്ടമായെങ്കിലും ചില നേട്ടങ്ങൾ എത്തിപ്പിടിക്കാനും കോലിക്ക് ഇന്നലത്തെ പ്രകടനത്തിലൂടെ സാധിച്ചു.

ലോകകപ്പുകളിൽ ന്യൂസിലാൻഡിനെ തോൽപ്പിക്കാൻ അടുത്തകാലത്തായി ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ, ഇക്കുറി ആ ചീത്തപ്പേര് ഇന്ത്യ ഇന്നലത്തെ വിജയത്തോടെ മാറ്റിയെടുത്തു. ഈ ലോകകപ്പിൽ തുടർച്ചയായ അഞ്ചാം വിജയമാണ് ഇന്ത്യ ഇന്നലെ നേടിയ്ത. ധർമ്മശാലയിലെ തണുപ്പിലും കാണികളെ ചൂടുപിടിപ്പിക്കുന്ന പ്രകടനമായിരുന്നു ഇരുടീമുകളും പുറത്തെടുത്തത്.ന്യൂസീലൻഡ് ഉയർത്തിയ 274 വിജയലക്ഷ്യം വിരാട് കോഹ്ലിയുടെ കരുത്തുറ്റ പ്രകടനത്തിലാണ് ഇന്ത്യ മറികടന്നത്.

104 പന്തിൽ 95 റൺസെടുത്ത വിരാട് കോലി 48-ാം ഓവറിൽ സിക്‌സർ അടിച്ച് ടീമിനെ വിജയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് പുറത്തായത്. ലോകകകപ്പിലെ ഒരു സെഞ്ചുറി നഷ്ടപ്പെട്ടത് മാത്രമല്ല, റെക്കോർഡ് ബുക്കിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്കൊപ്പമെത്താനുള്ള അവസരം കൂടിയാണ് കോാലിക്ക് ധർമ്മശാലയിൽ നഷ്ടപ്പെട്ടത്.

സെഞ്ചുറി തികച്ചിരുന്നെങ്കിൽ ഏകദിന സെഞ്ചുറി നേട്ടത്തിൽ കോലിക്ക് സച്ചിൻ ടെൻഡുൽക്കറുടെ(49) റെക്കോർഡിനൊപ്പമെത്താമായിരുന്നു. ഒരു ഘട്ടത്തിൽ അഞ്ചിന് 191 റൺസെന്ന നിലയിൽ പ്രതിരോധത്തിലായ ഇന്ത്യൻ ടീമിനെ ആറാം വിക്കറ്റിൽ ഒന്നിച്ച കോഹ്ലി - ജഡേജ സഖ്യം കരകയറ്റുകയായിരുന്നു. 44 പന്തുകൾ നേരിട്ട ജഡേജ 39 റൺസുമായി പുറത്താകാതെ നിന്നു.

അതേസമയം ഐസിസിയുടെ വൈറ്റ് ബോൾ ടൂർണമെന്റുകളിൽ (ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യൻസ് ട്രോഫി) 3000 റൺസ് പൂർത്തിയാക്കിയ ആദ്യ താരമെന്ന റെക്കോർഡും വിരാട് കോലി ഇന്നലെ സ്വന്തമാക്കി. കോലി കഴിഞ്ഞാൽ ഐസിസി ടൂർണമെന്റുകളിൽ ഏറ്റവുമധികം റൺസ് സ്‌കോർ ചെയ്തിരിക്കുന്നത് വെസ്റ്റ് ഇൻഡീസിന്റെ മുൻ ഇതിഹാസം ക്രിസ് ഗെയ്ലാണ്. 2942 റൺസാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

ഐസിസിയുടെ നിശ്ചിത ഓവർ ടൂർണമെന്റുകളെടുക്കുകയാണെങ്കിൽ 1000ത്തിനു മുകളിൽ സ്‌കോർ ചെയ്തിട്ടുള്ള 67 താരങ്ങളുണ്ട്. 2000ത്തിനു മുകളിൽ റൺസ് നേടിയവരുടെ എലൈറ്റ് ക്ലബ്ബിലുള്ളത് 14 പേരുമാണ്. എന്നാൽ 3000 റൺസ് ക്ലബ്ബിലെ ആദ്യത്തെ അംഗമായി കോലി മാറിയിരിക്കുകയാണ്.

ഈ ലോകകപ്പിലെ റൺവേട്ടക്കാരിലും കോലി ഒന്നാംസ്ഥാനത്തേക്കു കയറി. കോലിയും ടീംഗവും ക്യാപ്റ്റനുമായ രോഹിത് ശർമയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങൾക്കായി പരസ്പരം മൽസരിച്ചു കൊണ്ടിരിക്കുന്നത്. ന്യൂസിലാൻഡുമായുള്ള ഈ മൽസരത്തിൽ 46 റൺസ് നേടിയ ശേഷം റൺവേട്ടയിൽ ഒന്നാമനായിരുന്നു ഹിറ്റ്മാൻ.

പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ 294 റൺസുമായി രണ്ടാംസ്ഥാനത്തും കോലി മൂന്നാംസ്ഥാനത്തുമായിരുന്നു. എന്നാൽ രോഹിത്തിന്റെ ഒന്നാംസ്ഥാനത്തിനു മണിക്കൂറുകളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. റിസ്വാനെയും രോഹിത്തിനെയും പിന്തള്ളി കോലി കിങായി മാറുകയായിരുന്നു. അഞ്ച് മത്സരങ്ങളിൽ നിന്ന് 354 റൺസാണ് കോലി നേടിയത്. ഒരു സെഞ്ച്വറിയും മൂന്ന് അർധസെഞ്ച്വറിയും കോലിയുടെ പേരിലുണ്ട്. 118 ആണ് ശരാശരി. രണ്ടാം സ്ഥാനത്ത് 311 റൺസുമായി രോഹിത് ശർമയാണ്.

അതേസമയം ഇന്നലെ സിക്‌സർ അടിക്കാൻ ശ്രമിക്കാതെ ഒരു ബൗണ്ടറിയും സിംഗിളുമെടുത്തിരുന്നെങ്കിൽ കോലിക്ക് സെഞ്ച്വറിയടിക്കാൻ അവസരമുണ്ടായിരുന്നു. സിക്‌സർ പിഴച്ചതോടെ കോലിക്ക് റെക്കോർഡ് നേടാനുള്ള അവസരവും നഷ്ടമായി. നേരത്തെ സൂര്യകുമാർ യാദവിന്റെ റൺ ഔട്ടിന് കാരണക്കാരനായി കോലി മാറിയിരുന്നു.

തീർച്ചയായും ഓടിയെടുക്കാവുന്ന റൺസായിരുന്നു അത്. നോൺ സ്ട്രൈക്കിലുള്ള കോലി പക്ഷേ ഓടിയ ശേഷമാണ് പിന്നോട്ട് വന്നത്. ഇതോടെ പാതിയിൽ അധികം ദൂരം പിന്നിട്ട സൂര്യകുമാറിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. വിക്കറ്റ് ദാനം ചെയ്യുക മാത്രമേ സാധിക്കുമായിരുന്നുള്ളൂ. വിക്കറ്റിനിടയിലെ ഓട്ടത്തിന് പേരുകേട്ട കോലി എന്തുകൊണ്ട് അവിടെ ഓടിയില്ല എന്നതും അത്ഭുതപ്പെടുത്തുന്നതായിരുന്നു. സൂര്യകുമാറിന്റെ മുഖത്ത് കടുത്ത നിരാശയും രോഷവും ആ സമയം പ്രകടമായിരുന്നു.

ബംഗ്ലാദേശിനെതിരായ കോലിയുടെ പ്രകടനത്തെ നേരത്തെ ചേതേശ്വർ പൂജാര വിമർശിച്ചിരുന്നു. നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാഗമാണ് അദ്ദേഹം. കോലി കാണിച്ചത് സ്വാർത്ഥയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 90 റൺസ് പിന്നിട്ടപ്പോൾ എന്തിനാണ് ഇന്നിങ്സ് പതിയെ ആക്കിയത്. വ്യക്തിപരമായ നേട്ടങ്ങൾക്കാണ് അദ്ദേഹം ശ്രമിച്ചത്. പക്ഷേ അതിന് ടീമിന്റെ താൽപര്യങ്ങളായിരുന്നു നോക്കേണ്ടിയിരുന്നത്. മത്സരം വേഗത്തിൽ ജയിപ്പിക്കാനായിരുന്നു നോക്കേണ്ടിയിരുന്നത്. കാരണം നെറ്റ് റൺറേറ്റ് വളരെ പ്രധാനപ്പെട്ടതാണ്. ടീമിനാണ് എല്ലാവരും മുൻഗണന നൽകേണ്ടത്. ടീമിന് വേണ്ടി ത്യാഗം ചെയ്യുന്നതിൽ തെറ്റില്ലെന്നും പൂജാര പറഞ്ഞു.