- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സച്ചിന്റെ റെക്കോർഡ് മറികടന്ന കോലി വികാര ഭരിതൻ! ചരിത്ര നേട്ടത്തിന്റെ നെറുകയിൽ തുള്ളിച്ചാടി; ഹെൽമറ്റ് ഊരി സച്ചിനെ വണങ്ങി ആഘോഷം; പ്രിയതമന് നേരെ ചുംബനമെറിഞ്ഞു ഭാര്യ അനുഷ്ക ശർമ്മയും; കോലി ചരിത്രമെഴുതിയത് സച്ചിനെ സാക്ഷി നിർത്തി
മുംബൈ: ലോക ക്രിക്കറ്റിലെ ദൈവമാണ് സച്ചിൻ ടെണ്ടുൽക്കർ. ആ ദൈവത്തെയും ബാറ്റിങ് മികവിൽ മറികടക്കുക എന്നത് ചെരിയ കാര്യമാല്ല. അവിടയാണ് വിരാട് കോലിയെന്ന താരം ചരിത്ര നേട്ടം കൊയ്തിരിക്കുന്നത്. ഏകദിന സെഞ്ച്വറികളിൽ സച്ചിൻ ടെണ്ടുൽക്കറുടെ 49 സെഞ്ച്വറി നേട്ടം കോലി മറികടന്നത് വാംഖഡെ സ്‌റ്റേഡിയത്തിൽ സച്ചിൻ ടെണ്ടുൽക്കറെ സാക്ഷി നിർത്തിയായിരുന്നു.
50ാം സെഞ്ച്വറി നേട്ടത്തോടെ സച്ചിനെയും മറികടന്ന നിമിഷം വികാരഭരിതനായാണ് കോലി പ്രതികരിച്ചത്. ഓൺസൈഡിലേക്ക് ബാറ്റ് വീശിയ ശേഷം രണ്ട് റൺസ് ഓടിയെടുത്താണ് കോലി സെഞ്ച്വറി പൂർത്തിയാക്കിയത്. റൺസ് പൂർത്തിയാക്കിയതോടെ ഉയർന്നു സച്ചിന് നേരെ അഭിവാദ്യം ചെയ്തു. ഹെൽമറ്റു ഊരി വികാരഭരിതനായാണ് കോലി കാണപ്പെട്ടത്. തുടർന്ന് ഭാര്യ അനുഷ്‌ക്കയ്ക്ക് നേരെ കൈകൾ ഉയർത്തി. കോലിക്ക് നേരെ ചുംബനമെറിഞ്ഞാണ് അനുഷ്‌കയും നേട്ടം ആഘോഷിച്ചത്.
ഈ സമയം ഗ്യാലറയിൽ ഇരുന്ന് കൈയടിച്ചു സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറും. ഫുട്‌ബോൾ താരം ഡേവിഡ് ബെക്കാമും കോലിയുടെ ചരിത്ര നേട്ടത്തിന് സാക്ഷ്യം വഹിച്ചു എന്നതും പ്രത്യേകതയുണ്ട്. 113 പന്തിൽ 117 റൺസെടുത്താണ് കോലി പുറത്തായത്. 49 സെഞ്ച്വറികളിൽ സച്ചിന്റെ ഏകദിന ക്രിക്കറ്റിലെ സെഞ്ച്വറിയാത്ര അവസാനിച്ച് 11 വർഷത്തിന് ശേഷം സച്ചിനെ ആരാധിച്ച് ബാറ്റെടുത്ത കോലി അതേ സച്ചിനെ പിന്തള്ളി ഏകദിന കരിയറിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരമായി മാറി.
50 ഓവർ ക്രിക്കറ്റിൽ 50 സെഞ്ച്വറികൾ. ഒരുപക്ഷേ ഇനി ഒരിക്കലും ഒരാളും തിരുത്താൻ സാധ്യതയില്ലാത്ത റെക്കോഡുകളുടെ ഗണത്തിലേക്കാണ് കോലിയുടെ റെക്കോർഡ് പോയിരിക്കുന്നത്. ഒരു ലോകകപ്പ് നോക്കൗട്ടിൽ കോലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്. നേരത്തേ ഒരു ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ താരമെന്ന സച്ചിന്റെ റെക്കോഡും കോലി മറികടന്നിരുന്നു. അതും ഇന്ന് തന്നെ. 2003 ലോകകപ്പിൽ സച്ചിൻ നേടിയ 673 റൺസാണ് കോലി പഴങ്കഥയാക്കിയത്.
ന്യൂസിലൻഡിനെതിരേ 80 റൺസ് നേടിയതോടെയാണ് താരം സച്ചിനെ മറികടന്ന് ചരിത്രമെഴുതിയത്.2003 ലോകകപ്പിൽ സച്ചിൻ നേടിയ 673 റൺസാണ് കോലി മറികടന്നത്. 659 റൺസുമായി മാത്യു ഹെയ്ഡനും(2007), രോഹിത് ശർമ, 648 റൺസ്(2019) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.
ഒരു ലോകകപ്പിൽ കൂടുതൽ തവണ 50-ന് മുകളിൽ സ്‌കോർ ചെയ്ത താരമെന്ന റെക്കോഡും കോലി സ്വന്തമാക്കി. ഇത്തവണ ഇത് എട്ടാം തവണയാണ് കോലി 50 കടക്കുന്നത്. ഏഴു തവണ 50 കടന്ന ഷാക്കിബ് അൽ ഹസ്സൻ, സച്ചിൻ തെണ്ടുൽക്കർ എന്നിവരുടെ റെക്കോഡാണ് കോലി മറികടന്നത്. ഇതോടൊപ്പം ഏകദിന റൺനേട്ടത്തിൽ മുൻ ഓസീസ് താരം റിക്കി പോണ്ടിന്റെ 13,704 റൺസ് മറികടന്ന് വിരാട് കോലി മൂന്നാം സ്ഥാനത്തെത്തി. കുമാർ സംഗക്കാരയും സച്ചിനും മാത്രമാണ് ഇനി കോലിക്ക് മുന്നിൽ.
സ്പോർട്സ് ഡെസ്ക്