ന്യൂഡൽഹി: ഓസ്‌ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫി രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വിരാട് കോലിയുടെ പുറത്താകലിൽ വിവാദം കത്തുന്നു. 44 റൺസെടുത്ത് നിൽക്കെയാണ് ആദ്യ മത്സരം കളിക്കുന്ന മാത്യു കുനെമാനിന്റെ പന്തിൽ കോലിക്കെതിരെ അമ്പയർ നിതിൻ മേനോൻ എൽബിഡബ്ല്യു ഔട്ട് വിധിച്ചത്.

84 പന്തുകൾ നേരിട്ട കോലി നാലു ഫോറടക്കം 44 റൺസെടുത്ത് നിൽക്കെയാണ് താരം പുറത്തായത്. കോലി മികച്ച സ്‌കോറിലേക്കെത്തുമെന്നു തോന്നിച്ച നിമിഷത്തിലായിരുന്നു അപ്രതീക്ഷിത പുറത്താകൽ. ഇതിനിടെയാണ് ഓസീസിന്റെ യുവ സ്പിന്നറുടെ പന്ത് കോലിയുടെ പാഡിൽ ഇടിച്ചത്. അംപയർ നിതിൻ മേനോൻ ഔട്ട് നൽകിയെങ്കിലും കോലി ഡിആർഎസിന് പോകുകയായിരുന്നു. എന്നാൽ ഓൺഫീൽഡ് അംപയറുടെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണു തേർഡ് അംപയർ ചെയ്തത്.

അമ്പയറുടെ തീരുമാനം കോലി ഡിആർഎസിലൂടെ ഉടൻ റിവ്യു ചെയ്തു. റീപ്ലേകളിൽ പന്ത് ബാറ്റിലും പാഡിലും ഒരേസമയം കൊള്ളുന്നുവെന്ന് വ്യക്തമായി. എങ്കിലും ഓൺ ഫീൽഡ് അമ്പയറുടെ തീരുമാനത്തിന് സംശയത്തിന്റെ ആനുകൂല്യം നൽകിയ തേർഡ് അമ്പയർ റിച്ചാർഡ് ഇല്ലിങ്വർത്ത് ബോൾ ട്രാക്കിങ് എടുക്കാൻ നിർദ്ദേശിച്ചു.

ബോൾ ട്രാക്കിംഗിൽ പന്ത് ലെഗ് സ്റ്റംപിന്റെ വശത്ത് തട്ടുമെന്നാണ് കാണിച്ചതെങ്കിലും ഓൺ ഫീൽഡ് അമ്പയറുടെ തീരുമാനം ഔട്ട് ആയതിനാൽ തേർഡ് അമ്പയർ ഓൺ ഫീൽഡ് അമ്പയറുടെ തീരുമാനം ശരിവെച്ച് കോലിയെ ഔട്ട് വിളിച്ചു.

എന്നാൽ എൽബിഡബ്ല്യു തീരുമാനങ്ങളിൽ പന്ത് ബാറ്റിലും പാഡിലും ഒരേയസമയം കൊണ്ടാൽ എന്തായിരിക്കണം അമ്പയറുടെ തീരുമാനം എന്ന് എംസിസി നിയമങ്ങളിൽ വ്യക്തമായി പറയുന്നുണ്ട്. എംസിസി ക്രിക്കറ്റ് നിയമങ്ങളിലെ ലോ 36.2.2 ൽ പറയുന്നത് പന്ത് ബാറ്റിലും പാഡിലും ഒരേസമയം കൊള്ളുകയാണെങ്കിൽ പന്ത് ആദ്യം ബാറ്റിൽ കൊണ്ടതായി കണക്കാക്കണമെന്നാണ്. എന്നാൽ കോലിയുടെ കാര്യത്തിൽ മൂന്നാം അമ്പയർ ഇത് പരിഗണിച്ചില്ല.

ഗ്രൗണ്ട് വിട്ട കോലി പരിശീലകർക്കൊപ്പം ഔട്ടായതിന്റെ ദൃശ്യങ്ങൾ നോക്കുകയും തുടർന്ന് അസ്വസ്ഥനാകുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം അംപയർ നിതിൻ മോനേന്റെ തീരുമാനങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ആരാധക രോഷം ഉയരുന്നുണ്ട്. ട്വിറ്ററിൽ നിതിൻ മേനോൻ ട്രെൻഡിങ് ആയി.

അമ്പയറുടെ തീരുമാനത്തെ കമന്ററി ബോക്‌സിലുണ്ടായിരുന്ന രവി ശാസ്ത്രി വിമർശിച്ചപ്പോൾ മുൻ ഇന്ത്യൻ താരം വസീം ജാഫർ അടക്കമുള്ളവർ അത് ഔട്ട് അല്ലെന്ന വാദവുമായി രംഗത്തെത്തിയിരുന്നു.

രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 262 റൺസെടുത്തു. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെന്ന നിലയിൽ വീണ ഇന്ത്യയെ വാലറ്റത്ത് അക്‌സർ പട്ടേലും ആർ. അശ്വിനും ചേർന്നാണു കരകയറ്റിയത്. അക്‌സർ 115 പന്തിൽ 74 റൺസും അശ്വിൻ 71 പന്തിൽ 37 റൺസും എടുത്തു പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ നേഥൻ ലയണാണ് ഇന്ത്യയുടെ മുൻനിരയെ തകർത്തുവിട്ടത്. ഓസ്‌ട്രേലിയയ്ക്ക് ആദ്യ ഇന്നിങ്‌സിൽ ഒരു റൺസിന്റെ ലീഡ് ലഭിച്ചു.