ചെന്നൈ: ഐപിഎല്ലിന്റെ പാതിവഴിയിൽ നായകൻ കെ.എൽ. രാഹുലിനെ നഷ്ടമായിട്ടും പ്ലേ ഓഫ് ഉറപ്പിക്കാൻ കഴിഞ്ഞ ലക്‌നൗ സൂപ്പർ ജയന്റ്‌സ് കനത്ത തോൽവിയാണ് എലിമിനേറ്റർ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോട് വഴങ്ങിയത്. ചെന്നൈയിൽ നടന്ന പോരാട്ടത്തിൽ 81 റൺസിന്റെ ജയത്തോടെയാണ് രണ്ടാം ക്വാളിഫയർ മത്സരത്തിന് മുംബൈ യോഗ്യത നേടിയത്. ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യൻസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 16.3 ഓവറിൽ 101 റൺസെടുത്ത് ലക്‌നൗ പുറത്തായി.

ചെന്നൈയിലും പതിവ് പോലെ ലക്‌നൗ പേസർ നവീൻ ഉൾ ഹഖിനെ 'കോലി, കോലി' ചാന്റുകളുമായാണ് ആരാധകർ സ്വീകരിച്ചത്. പക്ഷേ ഗ്രൗണ്ടിൽ അതിന്റെ ഒരു സമ്മർദവും അഫ്ഗാൻ പേസറിനുണ്ടായിരുന്നില്ല. നാലു മുംബൈ ഇന്ത്യൻസ് ബാറ്റർമാരെ നവീൻ ഉൾ ഹഖ് പുറത്താക്കി. മത്സരത്തിൽ സൂര്യകുമാർ യാദവിന്റേയും കാമറൂൺ ഗ്രീനിനെയും മടക്കിയപ്പോൾ ലക്‌നൗ മുൻ ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെ സ്‌റ്റൈൽ കടമെടുത്തായിരുന്നു നവീന്റെ ആഘോഷം.

മുംബൈ താരങ്ങളുടെ പുറത്താകൽ ആസ്വദിച്ച ലക്‌നൗ മെന്റർ ഗൗതം ഗംഭീറും ഡഗ് ഔട്ടിൽ വിക്കറ്റ് നേട്ടം ആഘോഷിച്ചു. ഗംഭീർ ആക്രോശിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിൽ ലക്‌നൗ താരങ്ങളുടെ നിർണായക വിക്കറ്റുകൾ മുംബൈ താരം ആകാശ് മധ്‌വാൾ വീഴ്‌ത്തിയതോടെ ഗൗതം ഗംഭീർ നിരാശനായി.

നിശബ്ദനായി ലക്‌നൗവിന്റെ തോൽവി കണ്ട ഗംഭീർ നിരാശയോടെ മടങ്ങി. രണ്ടാം ഓവറിൽ ഓപ്പണർ പ്രേരക് മങ്കാദിന്റെ (3) വിക്കറ്റെടുത്ത മധ്വാൾ പത്താം ഓവറിലെ അടുത്തടുത്ത പന്തുകളിൽ ആയുഷ് ബദോനി (1), നിക്കൊളാസ് പുരാൻ (0) എന്നിവരെക്കൂടി പുറത്താക്കി വീണ്ടും പ്രഹരിച്ചു. മാർകസ് സ്റ്റോയ്‌നിസ് (27 പന്തിൽ 40) പിന്നാലെ റണ്ണൗട്ടാകുകയും ചെയ്തതോടെ ലക്‌നൗവിന് അടിപതറി.

മുംബൈക്കെതിരെ ലഖ്‌നൗ തോറ്റ് പുറത്തായത് വിരാട് കോലി ഫാൻസും ആഘോഷമാക്കി. ലഖ്‌നൗ ടീം മെന്ററായ ഗൗതം ഗംഭീറും വിരാട് കോലിയും തമ്മിൽ മുമ്പുണ്ടായ തർക്കമാണ് ലഖ്‌നൗവിന്റെ തോൽവി ആഘോഷമാക്കാൻ കോലി ഫാൻസിന് അവസരമൊരുക്കിയത്.

ആർസിബിക്കെതിരായ മത്സരത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ കാണികളോട് വായടക്കാൻ പറഞ്ഞ ഗംഭീറിന് കിട്ടിയ വായടച്ചുള്ള മറുപടിയാണ് ചെന്നൈയിലെ തോൽവിയെന്ന് ആരാധകർ ചൂണ്ടിക്കാട്ടി.

ബിജെപിയുടെ പാർലമന്റ് അംഗം കൂടിയായ ഗംഭീറിന് ഇനി നാളെ മുതൽ പാർലമെന്റിൽ പോവേണ്ടിവരുമല്ലോ എന്നും ആരാധകർ പരിഹസിച്ചു. വിരാട് കോലിയെ ലക്ഷ്യം വെച്ച നിങ്ങൾക്ക് കർമഫലം എന്നൊന്നുണ്ടെന്ന് ഇപ്പോൾ മനസിലായിക്കാണുമല്ലോ എന്നും ആരാധകർ ചോദിക്കുന്നു.

ലഖ്‌നൗവിനെതിരായ മത്സരത്തിൽ ടെലിവിഷൻ സ്‌ക്രീനിൽ ഗൗതം ഗംഭീറിനെയും നവീൻ ഉൾ ഹഖിനെയും കാണിക്കുമ്പോഴെല്ലാം വിരാട് കോലി ചാന്റ് ഉയർന്നിരുന്നു. ആർസിബിക്കെതിരായ മത്സരത്തിനിടെ നവീൻ ഉൾ ഹഖും കോലിയും തമ്മിൽ വാക്കു തർക്കമുണ്ടാകുകയും മത്സരശേഷം ഗംഭീർ അതിൽ ഇടപെടുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. പിന്നീട് ഗംഭീർ പോകുന്ന ഗ്രൗണ്ടുകളിലെല്ലാം കോലി ആരാധകർ കോലി ചാന്റുമായി ഗംഭീറിനെ പ്രകോപിപ്പിച്ചിരുന്നു.