സിഡ്നി: ട്വന്റി 20 ലോകകപ്പിൽ തുടർച്ചയായ രണ്ട് അർദ്ധ സെഞ്ചുറിയുമായി മികച്ച ഫോം തുടരുകയാണ് ഇന്ത്യൻ താരം വിരാട് കോലി. പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ നിർത്തിയ ഇടത്തുനിന്നും സിഡ്‌നിയിൽ ഇന്നിങ്‌സ് തുടങ്ങിയ കോലി നെതർലൻഡ്സിനെതിരായ രണ്ടാം മത്സരത്തിലും അർധ സെഞ്ചുറിയുമായി ഇന്ത്യയുടെ ടോപ് സ്‌കോററായി മാറിയിരുന്നു. ഇതിനൊപ്പം നായകൻ രോഹിത് ശർമ്മയും, മിന്നുന്ന പ്രകടനവുമായി സൂര്യകുമാറും അർദ്ധ സെഞ്ചുറി നേടിയതോടെ ആരാധകർ ആഹ്ലാദത്തിലാണ്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഒക്ടോബർ 30ന് നടക്കുന്ന മത്സരത്തിന് മുമ്പ് ഇന്ത്യയുടെ മുൻനിര ബാറ്റർമാർ മികച്ച ഫോം വീണ്ടെടുത്തതാണ് ആരാധകരെ ആഹ്ലാദത്തിൽ ആഴ്‌ത്തുന്നത്. എന്നാൽ പാക്കിസ്ഥാനെതിരായ നിർണായക പോരാട്ടത്തിൽ നിറം മങ്ങിയതിന്റെ പേരിലുള്ള വിമർശനങ്ങളുടെ കെട്ടടങ്ങും മുമ്പെ നെതർലൻഡ്‌സിനെതിരെയും നിരാശപ്പെടുത്തിയതോടെ ഓപ്പണർ കെ എൽ രാഹുലിനെതിരെ ആരാധകർ കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്.

പാക്കിസ്ഥാനെതിരെ പേസിന് മുന്നിൽ പതുങ്ങിയ രാഹുൽ നെതർലൻഡ്‌സിനെതരെ ബൗണ്ടറി അടിച്ച് തുടങ്ങിയെങ്കിലും പക്ഷെ അധികനേരം മുന്നോട്ടു പോകാനായില്ല. 12 പന്തിൽ ഒമ്പത് റൺസ് മാത്രമെടുത്ത് വിക്കറ്റിന് മുന്നിൽ കുടുങ്ങി രാഹുൽ മടങ്ങുകയായിരുന്നു.

റിവ്യു എടുക്കാനുള്ള ക്യാപ്റ്റൻ രോഹിത് ശർമയുടെ ഉപദേശം കണക്കിലെടുക്കാതെ റിവ്യു എടുക്കാതെ രാഹുൽ ക്രീസ് വിട്ടു. പക്ഷെ റീപ്ലേകളിൽ പന്ത് വിക്കറ്റിൽ കൊള്ളില്ലെന്ന് വ്യക്തമായി. റിവ്യൂ എടുത്തിരുന്നെങ്കിൽ രാഹുൽ പുറത്താകില്ലായിരുന്നു. പാക്കിസ്ഥാനെതിരെ നാലു റണ്ണെടുത്ത് മടങ്ങിയപ്പോഴെ രാഹുലിനെതിരെ വിമർശനവുമായി എത്തിയ ആരാധകർ തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തിയതോടെ ഇന്ത്യൻ വൈസ് ക്യാപ്റ്റനെ എയറിലാക്കുകയും ചെയ്തു.

ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പിനായി ബാറ്റ് ചെയ്യുന്ന ബാറ്ററെന്ന് സ്ഥിരം വിമർശനമേറ്റുവാങ്ങുന്ന രാഹുൽ ഇത്തവണ നെതർലൻഡ്‌സിന്റെ ഓറഞ്ച് പടക്കു മുന്നിൽ പോലും തിളങ്ങാതിരുന്നതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ലോകകപ്പിലെ ദുർബലരായ എതിരാളികൾക്കെതിരെ പോലും 75 സ്‌ട്രൈക്ക് റേറ്റിൽ ബാറ്റു ചെയ്യുന്ന രാഹുലിനെ ടീമിൽ നിന്ന് പുറത്താക്കണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.

അതേ സമയം പാക്കിസ്ഥാനെതിരെ 53 പന്തിൽ നിന്ന് 82 റൺസടിച്ച് ഇന്ത്യയെ അവിശ്വസനീയ ജയത്തിലേക്ക് നയിച്ച കോലി നെതർലൻഡ്സിനെതിരേ 44 പന്തുകൾ നേരിട്ട് രണ്ടു സിക്സും മൂന്ന് ബൗണ്ടറിയുമടക്കം 62 റൺസെടുത്തു. ലോകകപ്പിൽ ഇതുവരെ രണ്ടു മത്സരങ്ങളിൽ നിന്നായി 144 റൺസ് കോലി നേടിയിട്ടുണ്ട്. ഇതോടെ ട്വന്റി 20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ കോലി രണ്ടാം സ്ഥാനത്തേക്കുയർന്നു.

ലോകകപ്പിലെ 23 മത്സരങ്ങളിൽ നിന്ന് 989 റൺസാണ് ഇപ്പോൾ കോലിയുടെ അക്കൗണ്ടിലുള്ളത്. 33 മത്സരങ്ങളിൽ നിന്ന് 965 റൺസായിരുന്നു ഗെയ്ലിന്റെ നേട്ടം. 31 മത്സരങ്ങളിൽ നിന്ന് 1016 റൺസ് നേടിയ മുൻ ശ്രീലങ്കൻ താരം മഹേള ജയവർധനെയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 28 റൺസ് കൂടി നേടിയാൽ കോലിക്ക് ജയവർധനെയെ മറികടക്കാം. ട്വന്റി 20 ലോകകപ്പിൽ 89.90 ശരാശരിയിലാണ് കോലിയുടെ ബാറ്റിങ്.

അതേ സമയം നെതർലൻഡ്‌സിനെതിരായ വെടിക്കെട്ട് അർധസെഞ്ചുറിയിലൂടെ മാറ്റിയ സൂര്യകുമാർ യാദവിന് അപൂർവനേട്ടം സ്വന്തമാക്കി. സിഡ്‌നിയിലെ സ്ലോ പിച്ചിൽ രോഹിത് ശർമയും വിരാട് കോലിയും റൺസ് കണ്ടെത്താൻ പാടുപെട്ട പിച്ചിൽ സൂര്യകുമാറിനെ ഇതൊന്നും ബാധിച്ചതേയെില്ല.

വാൻ ബീക്ക് എറിഞ്ഞ ഇന്ത്യൻ ഇന്നിങ്‌സിലെ അവസാന ഓവറിലെ അവസാന പന്ത് സ്വതസിദ്ധമായ ശൈലിയിൽ ഫൈൻ ലെഗ്ഗിന് മുകളിലൂടെ സിക്‌സിന് പറത്തിയാണ് സൂര്യകുമാർ അർധസെഞ്ചുറി തികച്ചത്. 25 പന്തിലായിരുന്നു സൂര്യ അർധസെഞ്ചുറിയിലെത്തിയത്. ഇതോടെ ടി20 ക്രിക്കറ്റിൽ മറ്റൊരു ബാറ്റർക്കും സ്വന്തമാക്കാനാവാത്ത അപൂർവ റെക്കോർഡും സൂര്യകുമാർ സ്വന്തെ പേരിലാക്കി. ടി20 ക്രിക്കറ്റിൽ ഒരു വർഷം 200 മുകളിൽ പ്രഹരശേഷിയിൽ അഞ്ച് അർധസെഞ്ചുറി നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോർഡാണ് സൂര്യ ഇന്ന് സ്വന്തമാക്കിയത്.

ഈ വർഷം ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ 55 പന്തിൽ 117 റൺസടിച്ച സൂര്യ ഏഷ്യാ കപ്പിൽ ഹോങ്കോങിനെതിരെ 39 പന്തിൽ 68 റൺസടിച്ചു. ഈ വർഷം ഫെബ്രുവരിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ കൊൽക്കത്തയിൽ 31 പന്തിൽ 65 റൺസും ഒക്ടോബറിൽ ദക്ഷിണാഫ്രിക്കക്കെതിരെ 22 പന്തിൽ 61 റൺസും ഇന്ന് നെതർലൻഡ്‌സിനെതിരെ 25 പന്തിൽ 51 റൺസും നേടിയാണ് സൂര്യ മറ്റൊരു ബാറ്റർക്കും സ്വന്തമാക്കാനാവാത്ത അപൂർവനേട്ടം സ്വന്തമാക്കിയത്. ടി20 ക്രിക്കറ്റിൽ മറ്റൊരു ബാറ്റർക്കും നാലു തവണ പോലും 200ന് മുകളിൽ പ്രഹരശേഷിയുള്ള പ്രകടനങ്ങളില്ല.

മൂന്നാം വിക്കറ്റിൽ വിരാട് കോലിക്ക് ഒപ്പം 95 റൺസിന്റെ കൂട്ടുകെട്ടിൽ പങ്കാളിയായ സൂര്യ ഈ വർഷം ഇത് നാലാം തവണയാണ് കോലിക്കൊപ്പം 50 ഓ അതിന് മുകളിലുള്ള കൂടുകെട്ടിലോ പങ്കാളിയാകുന്നത്. ഹോങ്കോങിനെതിരെ ദുബായിൽ 42 പന്തിൽ 98ഉം, ഓസ്‌ട്രേലിയക്കെതിരെ ഹൈദരാബാദിൽ 62 പന്തിൽ 104 റൺസും ദക്ഷിണിഫ്രിക്കക്കെതിരെ 42 പന്തിൽ 102 രൺസും ഇന്ന് നെതർലൻഡ്‌സിനെതിരെ 48 പന്തിൽ 95 റൺസും ഇരുവരും ചേർന്ന് നേടി.