ഗയാന: ലോകകപ്പ് അടക്കമുള്ള ഐസിസി ടൂർണമെന്റുകളിൽ നിർണായക മത്സരങ്ങളിൽ തിളങ്ങുന്ന താരമാണ് വിരാട് കോലി. എന്നാൽ, കരീബിയൻ നാടുകളിൽ നടക്കുന്ന ടി 20 ലോകകപ്പിൽ ഇതുവരെ തിളങ്ങാൻ ഇന്ത്യയുടെ സൂപ്പർബാറ്റർക്ക് സാധിച്ചിട്ടില്ല. ഈ ടൂർണമെന്റിൽ അമ്പേ പരാജയമാണ് കോലി. എങ്കിലും ടീം അദ്ദേഹത്തെ ചേർത്തു നിർത്തുന്നു. ഇന്നലെ ഒരിക്കൽ കൂടി കോലി പരാജയപ്പെട്ടെങ്കിലും ആശ്വാസം പകർന്ന് ക്യാപ്ടൻ രോഹിത് ശർമ്മയും കോച്ച് രാഹുൽ ദ്രാവിഡുമുണ്ട്. കോലിയുടെ ഫോമിൽ ആശങ്കയില്ലെന്നാണ് ക്യാപ്ടൻ മത്സര ശേഷം പറഞ്ഞത്.

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനലിൽ ഒൻപത് റൺസ് മാത്രമാണ് കോലിക്ക് നേടാനായത്. ഒൻപത് പന്തുകൾ നേരിട്ട കോലിയുടെ ഇന്നിങ്സിൽ ഒരു സിക്സുണ്ട്. ഇംഗ്ലണ്ട് പേസ് താരം റീസ ടോപ്ലിയുടെ പന്ത് മിഡ് വിക്കറ്റിലൂടെ പറത്താനുള്ള കോലിയുടെ ശ്രമം പരാജയപ്പെട്ടു. പന്ത് ലെഗ് സ്റ്റമ്പിൽ പതിച്ച് കോലി പുറത്ത്.

ഐ.സി.സി. നോക്കൗട്ട് മത്സരങ്ങളിൽ സ്ഥിരമായി മികച്ച പ്രകടനങ്ങൾ കാഴ്ചവെയ്ക്കുന്ന കോലി, ഇതാദ്യമായി നിറം മങ്ങി മടങ്ങി. ടി20 ലോകകപ്പിൽ കോലി കളിച്ച എല്ലാ നോക്കൗട്ട് മത്സരങ്ങളിലും അർധ സെഞ്ചുറി തികച്ചിട്ടുണ്ട്. 2014 സെമി ഫൈനലിൽ പുറത്താവാതെ 72 റൺസ്, ഫൈനലിൽ 77 റൺസ്, 2016 സെമി ഫൈനലിൽ പുറത്താവാതെ 89 റൺസ്, 2022 സെമി ഫൈനലിൽ 50 റൺസ് എന്നിങ്ങനെയാണ് കോലിയുടെ പ്രകടനം. പക്ഷേ, ഗയാനയിൽ നടന്ന മത്സരത്തിൽ ഈ ചരിത്രത്തിന്റെ ആവർത്തനം സംഭവിച്ചില്ല.

ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത കോലി, തൊട്ടു പിന്നാലെയുള്ള ലോകകപ്പിൽ അങ്ങേയറ്റം നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. ഏഴ് കളികളിൽനിന്ന് 75 റൺസ് മാത്രമാണ് ഓപ്പണറുടെ സമ്പാദ്യം. ഇതിൽതന്നെ അഞ്ച് കളികളിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞതുമില്ല. ബംഗ്ലാദേശിനെതിരേ നേടിയ 28 പന്തിൽ 37 റൺസാണ് ഉയർന്ന സ്‌കോർ. യു.എസ്.എ., ഓസ്ട്രേലിയ ടീമുകൾക്കെതിരേ ഡക്കാവുകയും ചെയ്തു. അയർലൻഡിനെതിരേ 1, പാക്കിസ്ഥാനെതിരേ 4, അഫ്ഗാനിസ്താനെതിരേ 24 എന്നിങ്ങനെയാണ് മറ്റു സ്‌കോറുകൾ.

ഇന്നലെ ഒമ്പത് പന്തുകൾ നേരിട്ട് ഒമ്പത് റൺസുമായി റീസ് ടോപ്ലിയുടെ പന്തിൽ പുറത്താകുകയായിരുന്നു കോലി. നിരാശനായാണ് കോലി പവലിയനിലേക്ക് മടങ്ങിയത്. പിന്നാലെ ഡ്രസ്സിങ് റൂമിൽ നിരാശനായി ഇരിക്കുന്ന കോലിയുടെ അടുത്തേക്കെത്തിയ കോച്ച് രാഹുൽ ദ്രാവിഡ് താരത്തിന്റെ കാലിൽ തട്ടി ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. റീസ് ടോപ്ലിക്കെതിരേ ഒരു അറ്റാക്കിങ് ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെയാണ് കോലി പുറത്തായത്.

ഇത്തവണത്തെ ടൂർണമെന്റിൽ ഓപ്പണറായി ഇറങ്ങിയ കോലിക്ക് തന്റെ പ്രതിഭയുടെ ഏഴയലത്ത് നിൽക്കുന്ന പ്രകടനം പോലും പുറത്തെടുക്കാനായിട്ടില്ല. എങ്കിലും കോലിയെ ടീമിനോട് ചേർത്തുനിർത്തുകായാണ് ടീം. കോലിക്ക് പിന്തുണുമായി രോഹിത് മുന്നിലുണ്ടെന്നതാണ് ശ്രദ്ദേയം.