പെർത്ത്: ട്വന്റി 20 ലോകകപ്പിനായി ഓസ്‌ട്രേലിയയിൽ തുടരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഹോട്ടൽ മുറിയിൽ അജ്ഞാതൻ കയറി വീഡിയോ പകർത്തിയെന്ന് താരം. സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് വിരാട് കോലി രംഗത്തേത്തി. പെർത്തിൽ കോലി താമസിക്കുന്ന മുറിയിലാണ് പുറത്തുനിന്നുള്ളൊരാൾ കയറുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്.

ഭയപ്പെടുത്തുന്ന കാര്യമാണിതെന്നും തന്റെ സ്വകാര്യതയിൽ ആശങ്കയുണ്ടെന്നും കോലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കോലിക്ക് പിന്തുണയുമായി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറും രംഗത്തെത്തി.

വീഡിയോ ആരാണ് പ്രചരിപ്പിച്ചതെന്ന് കോലി വ്യക്തമാക്കിയിട്ടില്ല. താരങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ ആരാധകർ തയാറാകണമെന്നും വിനോദത്തിനുള്ള വസ്തുക്കളായി താരങ്ങളെ കാണരുതെന്നും കോലി പ്രതികരിച്ചു.

സംഭവത്തെ കുറിച്ച് കോലി ഇൻസ്റ്റഗ്രാമിലിട്ട പോസ്റ്റിൽ പറയുന്നതങ്ങനെ.. ''ആരാധകർക്ക് പ്രിയപ്പെട്ട താരങ്ങളെ കാണുന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. അതെനിക്ക് മനസിലാവും. എന്നാൽ ഈ വീഡിയോ ഏറെ ഭയപ്പെടുത്തുന്നു. എന്റെ സ്വകാര്യതയിൽ എനിക്ക് ആശങ്കയുണ്ട്. എന്റെ മുറിയിൽ സ്വകാര്യത ലഭിച്ചില്ലെങ്കിൽ മറ്റെവിടെയാണു ഞാനത് പ്രതീക്ഷിക്കേണ്ടത്.? ഇതു സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ഇത്തരം ഭ്രാന്തമായ ആരാധനയോട് എനിക്കു യോജിപ്പില്ല. സ്വകാര്യതയെ മാനിക്കുക, വിനോദത്തിനുള്ള ഉപാധിയായി അവരെ കാണരുത്.'' കോലി പ്രതികരിച്ചു.

 
 
 
View this post on Instagram

A post shared by Virat Kohli (@virat.kohli)

കോലി മുറിയിൽ ഇല്ലാത്ത സമയത്താണ് അജ്ഞാതൻ ദൃശ്യങ്ങൾ പകർത്തിയതെന്നു വിഡിയോയിൽനിന്നു വ്യക്തമാണ്. കോലി പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ താരത്തെ പിന്തുണച്ച് ഭാര്യ അനുഷ്‌ക ശർമയും രംഗത്തെത്തി. തനിക്കും മുൻപ് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇതു വളരെ മോശമാണെന്നും അനുഷ്‌ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറും കോലിക്കു പിന്തുണയറിയിച്ചു. ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണിതെന്ന് വാർണർ പ്രതികരിച്ചു. ബോളിവുഡ് താരം അർജുൻ കപൂർ ഉൾപ്പെടെയുള്ളവർ കോലിയെ പിന്തുണച്ച് രംഗത്തെത്തി.