മുംബൈ: അടുത്ത മാസം നടക്കുന്ന ഇന്ത്യൻ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന, ട്വന്റി 20 പരമ്പരകളിൽ നിന്നും നാകയൻ രോഹിത് ശർമ്മയും സൂപ്പർ താരം വിരാട് കോലിയും വിട്ടുനിന്നേക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരകളിൽനിന്ന് വിശ്രമം വേണമെന്നും ടെസ്റ്റ് പരമ്പരയിൽ കളിക്കാൻ തയ്യാറാണെന്നും കോലി ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കളിക്കുന്നത് സംബന്ധിച്ച കാര്യത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം ടെസ്റ്റിൽ പരമ്പരയിൽ ടീമിനൊപ്പം ചേരുമെങ്കിലും ഏകദിന, ട്വന്റി 20 പരമ്പരയിൽ രോഹിതും വിട്ടുനിന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ 10 മുതലാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുന്നത്. മൂന്ന് വീതം ട്വന്റി 20 മത്സരങ്ങളും ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്നതാണ് ഇന്ത്യൻ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനം.

ലോകകപ്പ് ക്രിക്കറ്റിൽ 11 ഇന്നിങ്‌സുകളിൽ 765 റൺസടിച്ച് ടോപ് സ്‌കോററായ വിരാട് കോലി മിന്നുന്ന ഫോമിലാണ്. ലോകകപ്പിലെ താരമായും കോലി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്ന് തൽക്കാലം വിശ്രമം എടുക്കുകയാണെന്നും ടെസ്റ്റ് ക്രിക്കറ്റിലാണ് ഇനി ശ്രദ്ധയെന്നും കോലി ബിസിസിഐയെ അറിയിച്ചിട്ടുണ്ട്.

വൈറ്റ് ബോൾ ക്രിക്കറ്റിലേക്ക് എപ്പോൾ മടങ്ങിയെത്താനാകുമെന്ന് പിന്നീട് അറിയിക്കാമെന്നാണ് കോലി വ്യക്തമാക്കിയിരിക്കുന്നത്. ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം ലണ്ടനിൽ അവധിക്കാലം ആഘോഷിക്കുകയാണിപ്പോൾ കോലി. ഡിസംബർ 26ന് ബോക്‌സിങ് ഡേ ദിനത്തിൽ സെഞ്ചൂറിയനിലാണ് ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് കേപ്ടൗണിൽ നടക്കും.

അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി വരും ദിവസങ്ങളിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കും. മൂന്ന് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റും അടങ്ങിയതാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം. ട്വന്റി 20, ഏകദിന പരമ്പയ്ക്ക് ശേഷം ഡിസംബർ 26ന് ബോക്സിങ് ഡേയിൽ സെഞ്ചൂറിയനിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി കോലിയും രോഹിതും ടീമിനൊപ്പം ചേരുമെന്നാണ് വിവരം.

വിരാട് കോലി കളിക്കില്ലെന്ന് വ്യക്തമായെങ്കിലും ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ വൈറ്റ് ബോൾ സീരീസിൽ കളിക്കുന്ന കാര്യത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ലോകകപ്പിനുശേഷം യുകെയിൽ അവധി ആഘോഷിക്കുകയാണ് രോഹിത് ഇപ്പോൾ. ഇന്ത്യൻ ക്യാപ്റ്റനായി തുടരുന്ന കാര്യത്തിൽ ബിസിസിഐ സെക്രട്ടറി ജയ് ഷാ രോഹിത്തുമായും സെലക്ടർമാരുമായും അടുത്ത മാസം ആദ്യം സംസാരിക്കുമെന്നാണ് റിപ്പോർട്ട്.

ഏകദിന ലോകകപ്പിന് പിന്നാലെ ഓസീസിനെതിരേ നടന്നുകൊണ്ടിരിക്കുന്ന ട്വന്റി 20 പരമ്പരയിലും മുതിർന്ന താരങ്ങളായ കോലിയും രോഹിതും ടീമിലുണ്ടായിരുന്നില്ല. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ യുവതാരങ്ങൾ ഉൾപ്പെട്ട ടീമിനെയാണ് ഇന്ത്യ ഓസീസിനെതിരേ ഇറക്കിയത്.